Tuesday, July 31, 2012

പള്ളികളുടെ പുനര്‍നിര്‍മാണം: ഗുജറാത്ത് സര്‍ക്കാരിന്റെ ആവശ്യം തള്ളി


ഗുജറാത്തില്‍ വംശഹത്യാവേളയില്‍ തകര്‍ക്കപ്പെട്ട ന്യൂനപക്ഷ ആരാധനാലയങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുനര്‍നിര്‍മിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഗുജറാത്ത് സര്‍ക്കാര്‍ ആവശ്യം ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്ണന്‍, ദീപക് മിശ്ര എന്നിവരുള്‍പ്പെട്ട ബെഞ്ച് നിരാകരിക്കുകയായിരുന്നു. ആരാധനാലയങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ നയത്തിന് രൂപം നല്‍കി വരികയാണെന്ന് ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു. സുപ്രീംകോടതി നിര്‍ദേശപ്രകാരം നേരത്തെ ഒഡിഷ സര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതിക്ക് സമാനമായ വിധത്തില്‍ നയം കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് സര്‍ക്കാര്‍ പറഞ്ഞു. കേസ് വീണ്ടും വാദം കേള്‍ക്കാന്‍ ആഗസ്ത് 14ലേക്ക് മാറ്റി. സംസ്ഥാനം തയ്യാറാക്കുന്ന നയം അന്ന് വിശദീകരിക്കാന്‍ കോടതി ആവശ്യപ്പെട്ടു.

സര്‍ക്കാരിതര സംഘടനയായ ഇസ്ലാമിക് റിലീഫ് കമ്മിറ്റി ഓഫ് ഗുജറാത്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വംശഹത്യാവേളയില്‍ തകര്‍ക്കപ്പെട്ട ആരാധനാലയങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ ധനസഹായം നല്‍കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഇതിനെതിരെ ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. വംശഹത്യാവേളയില്‍ സംസ്ഥാനത്ത് ഏതാണ്ട് 535 പള്ളി തകര്‍ത്തിട്ടുണ്ടെന്നാണ് റിലീഫ് കമ്മിറ്റി കണക്കാക്കുന്നത്.

ദീപ്ദാ ദര്‍വാസ കൂട്ടക്കൊല: 21 പേര്‍ക്ക് ജീവപര്യന്തം

മെഹ്സാന: ഗുജറാത്ത് വംശഹത്യയുടെ ഭാഗമായി ഹിന്ദുത്വഭീകരര്‍ വൃദ്ധയും രണ്ടു കുട്ടികളുമടക്കം ഒരു കുടുംബത്തിലെ 11പേരെ വെട്ടിക്കൊന്ന ദീപ്ദാ ദര്‍വാസാ കൂട്ടക്കൊലകേസില്‍ പ്രത്യേകകോടതി 21 പേര്‍ക്ക് ജീവപര്യന്തം തടവും വിരമിച്ച പൊലീസ് ഓഫീസര്‍ക്ക് ഒരുവര്‍ഷത്തെ തടവും വിധിച്ചു.

2002 ഫെബ്രുവരി 28നാണ് മെഹ്സാന ജില്ലയിലെ വിസ്നഗര്‍ പട്ടണത്തിലെ ദീപ്ദാ ദര്‍വാസ മേഖലയില്‍ എത്തിയ സായുധ കൊലയാളിസംഘം കൂട്ടക്കുരുതി നടത്തിയത്. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 83 പ്രതികളുള്ള കേസില്‍ 61 പേരെ നിയുക്ത പ്രത്യേക ജഡ്ജി എസ് സി ശ്രീവാസ്തവ കുറ്റവിമുക്തരാക്കി. ബിജെപി മുന്‍ എംഎല്‍എ പ്രഹ്ലാദ് ഗോസ, ബിജെപിയുടെ മുന്‍ മുനിസിപ്പല്‍ പ്രസിഡന്റ് ദയാഭായി പട്ടേല്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടും. വിസ്നഗര്‍ ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടറായിരുന്ന എം കെ പട്ടേലിനെ കൃത്യവിലോപക്കുറ്റം ചുമത്തി ഒരുവര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികളെ കൊലപാതകം, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ ഗുരുതര കുറ്റാരോപണങ്ങളില്‍നിന്ന് കോടതി ഒഴിവാക്കി. ഇവരില്‍നിന്ന് പിഴയും ഈടാക്കും. ശിക്ഷിക്കപ്പെട്ടവരില്‍ ആറുപേര്‍ക്ക് വര്‍ഗീയലഹളയുടെപേരില്‍ രണ്ടുവര്‍ഷത്തെ തടവുശിക്ഷകൂടി വിധിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും. പ്രതികളായ മൂന്ന് സ്ത്രീകളെയും വെറുതെവിട്ടു.

deshabhimani 310712

1 comment:

  1. ഗുജറാത്തില്‍ വംശഹത്യാവേളയില്‍ തകര്‍ക്കപ്പെട്ട ന്യൂനപക്ഷ ആരാധനാലയങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുനര്‍നിര്‍മിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഗുജറാത്ത് സര്‍ക്കാര്‍ ആവശ്യം ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്ണന്‍, ദീപക് മിശ്ര എന്നിവരുള്‍പ്പെട്ട ബെഞ്ച് നിരാകരിക്കുകയായിരുന്നു. ആരാധനാലയങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ നയത്തിന് രൂപം നല്‍കി വരികയാണെന്ന് ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു. സുപ്രീംകോടതി നിര്‍ദേശപ്രകാരം നേരത്തെ ഒഡിഷ സര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതിക്ക് സമാനമായ വിധത്തില്‍ നയം കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് സര്‍ക്കാര്‍ പറഞ്ഞു. കേസ് വീണ്ടും വാദം കേള്‍ക്കാന്‍ ആഗസ്ത് 14ലേക്ക് മാറ്റി. സംസ്ഥാനം തയ്യാറാക്കുന്ന നയം അന്ന് വിശദീകരിക്കാന്‍ കോടതി ആവശ്യപ്പെട്ടു.

    ReplyDelete