നാടനും മറുനാടനുമായ വന്‍കിട കോര്‍പറേറ്റുകള്‍ ജീവിതസാഹചര്യങ്ങള്‍ക്കും തൊഴില്‍സാഹചര്യങ്ങള്‍ക്കും മേല്‍ ആക്രമണമഴിച്ചുവിടുമ്പോള്‍ അതിനെതിരെ തൊഴിലാളിവര്‍ഗം നടത്തുന്ന പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരാന്‍ 16-ാം ലോക്സഭയില്‍ സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയാകെയും ശക്തി വര്‍ധിക്കേണ്ടതുണ്ട്. പ്രതിസന്ധിയുടെ ഭാരമാകെ തൊഴിലാളികളുടെ ചുമലില്‍ കയറ്റിവയ്ക്കാന്‍ വന്‍കിട ബിസിനസുകാരും കോര്‍പറേറ്റുകളും നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ തൊഴിലാളിവര്‍ഗത്തിന്റെ സംയുക്ത ശബ്ദം പാര്‍ലമെന്റിനുള്ളില്‍ പ്രതിധ്വനിക്കാന്‍ അത് അനിവാര്യമാണ്. തെരഞ്ഞെടുപ്പുരംഗത്ത്, തൊഴിലാളികളുമായി ബന്ധപ്പെട്ട മൂര്‍ത്തമായ പ്രശ്നങ്ങള്‍ അവതരിപ്പിച്ചതും പരിഹാരമാര്‍ഗങ്ങള്‍ മുന്നോട്ടുവച്ചതും സിപിഐ എം ആണ്. ഉപഭോക്തൃ വിലസൂചികയുമായി ബന്ധപ്പെടുത്തി മിനിമം വേതനം 10,000 രൂപയാക്കുക, വേതനിര്‍ണയം ശാസ്ത്രീയ അടിസ്ഥാനത്തിലാക്കുക, അന്യസംസ്ഥാന തൊഴിലാളി നിയമം ഉള്‍പ്പെടെയുള്ള എല്ലാ തൊഴിലാളി നിയമങ്ങളും കര്‍ശനമായി നടപ്പാക്കുക- ഇങ്ങനെ നിരവധി നിര്‍ദേശങ്ങള്‍ സിപിഐ എം അവതരിപ്പിക്കുന്നു.
തൊഴിലിലെ കരാര്‍വല്‍ക്കരണവും താല്‍ക്കാലികവല്‍ക്കരണവും നിരുത്സാഹപ്പെടുത്തുക. കരാര്‍ തൊഴില്‍ നിയമം (നിര്‍മാര്‍ജനവും നിയന്ത്രണവും) നിര്‍ബന്ധമായും നടപ്പാക്കുക. ഒരേ തൊഴിലിന് സ്ഥിരംതൊഴിലാളികള്‍ക്ക് നല്‍കുന്ന അതേ തുല്യവേതനവും ആനുകൂല്യങ്ങളും കരാര്‍ തൊഴിലാളികള്‍ക്കും നിര്‍ബന്ധമായും നടപ്പാക്കുക. തൊഴില്‍വകുപ്പിനെ ശക്തിപ്പെടുത്തുന്നതോടൊപ്പം അത് നടപ്പാക്കുന്ന ഏജന്‍സികളായ ലേബര്‍/ഫാക്ടറി ഇന്‍സ്പെക്ടറേറ്റുകളെ മതിയായ മാനുഷികശേഷിയാലും സൗകര്യങ്ങളാലും ശക്തിപ്പെടുത്തുക, വ്യവസായ ട്രിബ്യൂണലുകളിലെയും തൊഴില്‍ കോടതികളിലെയും ജഡ്ജിമാരുടെയും അനുബന്ധ സ്റ്റാഫുകളുടെയും ഒഴിവുകള്‍ നികത്തുക- ഇങ്ങനെ പ്രശ്നങ്ങളെ അതിന്റെ സൂക്ഷ്മതലത്തില്‍ കണ്ട് പരിഹാരം നിര്‍ദേശിക്കുകയാണ് സിപിഐ എം.
അസംഘടിത തൊഴിലാളികള്‍ക്കായി ദേശീയ ഫണ്ട് രൂപീകരിക്കുന്നതിനായി മതിയായ തുക ബജറ്റില്‍ വകയിരുത്തണം. ദാരിദ്ര്യരേഖാ മാനദണ്ഡങ്ങള്‍ കണക്കിലെടുക്കാതെതന്നെ, വാര്‍ധക്യകാലത്തും പ്രസവകാലത്ത് കുട്ടികളെ സംരക്ഷിക്കുന്നതിനും ഉള്ള ആനുകൂല്യങ്ങളും അപകട ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള മിനിമം സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങളും അസംഘടിത തൊഴിലാളികള്‍ക്ക് സാര്‍വത്രികമായി നടപ്പാക്കണം. പുതിയ പെന്‍ഷന്‍ പദ്ധതിയും പിഎഫ്ആര്‍ഡിഎ ആക്ടും എടുത്തുകളയേണ്ടത് അനിവാര്യതയാണ്. അതിന്റെ സ്ഥാനത്ത്, തൊഴിലുടമകളുടെയും സര്‍ക്കാരിന്റെയും മതിയായ ഫണ്ട് ഉള്‍പ്പെടുത്തിയുള്ള ഒരു പെന്‍ഷന്‍പദ്ധതി ആനുകൂല്യമാണ് കൊണ്ടുവരേണ്ടത്. അവസാനം വാങ്ങിയ ശമ്പളത്തിന്റെ പകുതി, വിലസൂചികകൂടി കണക്കിലെടുത്ത് പെന്‍ഷനായി ഉറപ്പാക്കപ്പെടണം. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രസര്‍ക്കാര്‍ ഡിപ്പാര്‍ട്മെന്റുകളിലെയും എല്ലാ കരാര്‍ തൊഴിലാളികളെയും ഗ്രാമീണ തപാല്‍ സര്‍വീസിലെ ജീവനക്കാരെയും സ്ഥിരപ്പെടുത്തേണ്ടതുണ്ട്.
ട്രേഡ് യൂണിയന്‍ അംഗീകാരം രഹസ്യബാലറ്റിലൂടെയാകണം. ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ സംരക്ഷിക്കുകയും എല്ലാ സ്ഥാപനങ്ങളിലും നിയമപ്രകാരമുള്ള യൂണിയനുകള്‍ക്ക് അംഗീകാരം നല്‍കുകയും വേണം. ഐഎല്‍ഒ കണ്‍വന്‍ഷന്‍ നമ്പര്‍ 87ഉം 98ഉം ആയി ബന്ധപ്പെട്ട, സംഘം ചേരാനും കൂട്ടായി വിലപേശാനുമുള്ള തൊഴിലാളികളുടെ അവകാശം അംഗീകരിക്കുന്നത് തൊഴിലാളികളെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ള അവകാശമാണ്. അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍, ആശമാര്‍, ഉച്ചഭക്ഷണ പാചകത്തൊഴിലാളികള്‍, സഹ അധ്യാപകര്‍, എന്‍സിഎല്‍പി ജീവനക്കാര്‍ തുടങ്ങി വിവിധ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളിലെ എല്ലാ തൊഴിലാളികളെയും 45-ാമത് ഐഎല്‍സി നിര്‍ദേശമനുസരിച്ച് തൊഴിലാളികളായി അംഗീകരിക്കണം. അവര്‍ക്ക് നിയമപ്രകാരമുള്ള മിനിമംവേതനം, പെന്‍ഷന്‍, ഗ്രാറ്റുവിറ്റി തുടങ്ങിയ സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങള്‍ പ്രദാനംചെയ്യുകയും അവരുടെ ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ ഉറപ്പാക്കുകയും വേണം.
എല്ലാ പ്രദേശങ്ങളിലെയും ജോലികള്‍ക്ക് തുല്യവേതനം, പ്രസവാനുകൂല്യങ്ങള്‍, ക്രെഷ് സൗകര്യങ്ങള്‍ എന്നിവ എല്ലാ സ്ത്രീത്തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും ഉറപ്പാക്കണം. സ്ത്രീത്തൊഴിലാളികള്‍ക്ക് സുരക്ഷിതമായ തൊഴില്‍സാഹചര്യം, തൊഴിലിടങ്ങളിലെ ലൈംഗികപീഡനം തടയല്‍, തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരായ ലൈംഗികപീഡന (തടയല്‍, നിരോധനം, പരാതി പരിഹാരം) നിയമമനുസരിച്ചുള്ള പ്രാദേശികമായതും തൊഴിലിടങ്ങളിലുള്ളതുമായ കമ്മിറ്റികളുടെ രൂപീകരണം എന്നിവ കര്‍ക്കശബുദ്ധിയോടെ ഉറപ്പുവരുത്തണം. മീന്‍പിടിത്തക്കാര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും പ്രത്യേക ക്ഷേമനിധി ബോര്‍ഡുകള്‍ സ്ഥാപിക്കുക, തിരിച്ചറിയല്‍ കാര്‍ഡുകളും സാമൂഹ്യസുരക്ഷാ പദ്ധതികളും നടപ്പാക്കുക, വിദേശ ട്രോളറുകള്‍ നിരോധിക്കുക എന്നിവയും പ്രാധാന്യത്തോടെ നടപ്പാക്കേണ്ട വിഷയങ്ങളാണ്. ഈ വിഷയങ്ങളാകെ തെരഞ്ഞെടുപ്പു ചര്‍ച്ചയാക്കാനും ക്രിയാത്മക ഇടപെടല്‍ വാഗ്ദാനംചെയ്യാനും തയ്യാറായത് ഇടതുപക്ഷം മാത്രമാണെന്നത് തൊഴിലാളിവര്‍ഗത്തിന്റെ ചായ്വ് എങ്ങോട്ടാകണമെന്നതിന്റെ ചൂണ്ടുപലകയാണ്.
നവലിബറല്‍ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടം പാര്‍ലമെന്റിനകത്തും പുറത്തും വരുംദിനങ്ങളില്‍ ശക്തമാക്കാനുള്ള പിന്തുണയാണ് ജനങ്ങളില്‍നിന്ന് ഇടതുപക്ഷം തേടുന്നത്. തീര്‍ച്ചയായും അത്തരം വിഷയങ്ങളിലെ തൊഴിലാളികളുടെ പ്രതികരണം തെരഞ്ഞെടുപ്പു ഫലത്തില്‍ പ്രതിഫലിക്കും. അതുകൊണ്ടുതന്നെ, 125-ാം മെയ്ദിനം ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന് അത്യധികം പ്രത്യാശനല്‍കുന്നു.
deshabhimani editorial
No comments:
Post a Comment