Thursday, July 26, 2012

എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന് ഉജ്വല തുടക്കം


ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ കേരളത്തിലെ അജയ്യമായ കരുത്ത് വിളിച്ചോതിയ റാലിയോടെ എസ്എഫ്ഐ 31ാം സംസ്ഥാന സമ്മേളനത്തിന് പാലക്കാട്ട് വ്യാഴാഴ്ച തുടക്കമായി. കാല്‍ലക്ഷം വിദ്യാര്‍ഥികള്‍ അണിനിരന്ന റാലി വിക്ടോറിയ കോളേജ് ഗ്രൗണ്ടില്‍ നിന്നാണ് തുടങ്ങിയത്. റാലിക്കുശേഷം കോട്ടമൈതാനത്ത് (കെ വി സുധീഷ് നഗര്‍) ചേര്‍ന്ന പൊതുസമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഏറ്റവും വലിയ വിദ്യാര്‍ഥിവിരുദ്ധസര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വൈദ്യുതി ചാര്‍ജ് വര്‍ധിച്ചപ്പോള്‍ മണ്ണെണ്ണവിളക്കുപോലും കത്തിച്ചു പഠിക്കാന്‍ ഈ സര്‍ക്കാര്‍ സമ്മതിക്കില്ല. സ്വാശ്രയസ്ഥാപനങ്ങള്‍ക്ക് വന്‍പിരിവിനാണ് സര്‍ക്കാര്‍ അവസരം കൊടുത്തത്. കൊള്ളയടിക്കാന്‍ കൂട്ടുനിന്ന് സാധാരണക്കാരന് വിദ്യാഭ്യാസം നിഷേധിക്കുകയാണ് സര്‍ക്കാര്‍. സര്‍ക്കാരിന്റെ ഈ വിദ്യാര്‍ഥിവിരുദ്ധനിലപാടിനെതിരെ സമരം ചെയ്യുന്നത് എസ്എഫ്ഐ മാത്രമാണ്. അതുകൊണ്ടാണ് കേരളത്തില്‍ എസ്എഫ്ഐ കരുത്താര്‍ജിക്കുന്നത്. കെഎ സ്യുക്കാര്‍ റോഡിലിറങ്ങിയാല്‍ തല്ലാണ്. കെഎ സ്യുവിന് വംശനാശം സംഭവിച്ചുവെന്നാണ് എംഎസ്എഫുകാര്‍ തന്നെ പറഞ്ഞത്. ലീഗിനു മുന്നില്‍ ഉമ്മന്‍ചാണ്ടി കീഴടങ്ങിയതുപോലെ എംഎസ്എഫിനു മുന്നില്‍ കെഎസ്യുവും കീഴടങ്ങി. നെയ്യാറ്റിന്‍കരയില്‍ എല്‍ഡിഎഫ് ജയിച്ചാല്‍ ഒഞ്ചിയം ആവര്‍ത്തിക്കുമെന്നു പറഞ്ഞവര്‍ ജയിച്ചപ്പോള്‍ ഇരട്ടക്കൊലപാതകമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ 10ന് ടൗണ്‍ഹാളില്‍ (അനീഷ് രാജന്‍ നഗര്‍) പ്രതിനിധിസമ്മേളനം ആണവശാസ്ത്രജ്ഞന്‍ ഡോ. സുബിമന്‍ സെന്‍ ഉദ്ഘാടനംചെയ്യും. വൈകിട്ട് 5.30ന് നടക്കുന്ന വിദ്യാഭ്യാസ സെമിനാര്‍ ടി ശിവദാസമേനോന്‍ ഉദ്ഘാടനംചെയ്യും. 29ന് സമ്മേളനം സമാപിക്കും. എസ്എഫ്ഐയുടെ 13,00,710 അംഗങ്ങളെ പ്രതിനിധീകരിച്ച് 516 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. വിദ്യാഭ്യാസ കച്ചവടത്തിനും സാമ്രാജ്യത്വവര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കുമെതിരായ പോരാട്ടത്തിനിടെ ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്ന ധീരരക്തസാക്ഷികളുടെ സ്മൃതിമണ്ഡപങ്ങളില്‍നിന്നാരംഭിച്ച കൊടിമരപതാകദീപശിഖാജാഥകള്‍ പൊതുസമ്മേളന നഗരിയായ കോട്ടമൈതാനത്ത് ബുധനാഴചയാണ് സംഗമിച്ചത്.സ്വാഗതസംഘം ചെയര്‍മാന്‍ എം ബി രാജേഷ് എംപിയാണ് പൊതുസമ്മേളന നഗറില്‍ എംപി പതാക ഉയര്‍ത്തിയത്. സംസ്ഥാന സെക്രട്ടറി പി ബിജു സ്വാഗതം പറഞ്ഞു.
 
നെടുങ്കണ്ടത്ത് അനീഷ് രാജന്റെ രക്തസാക്ഷിമണ്ഡപത്തില്‍നിന്നാണ് പതാകജാഥ ആരംഭിച്ചത്.കൊടിമരജാഥ മണ്ണാര്‍ക്കാട് ധീരരക്തസാക്ഷി മുഹമ്മദ് മുസ്തഫയുടെ രക്തസാക്ഷി മണ്ഡപത്തില്‍നിന്നാണ് എത്തിയത്. ദീപശിഖാറാലി അനശ്വര രക്തസാക്ഷികളായ സെയ്താലിയുടെയും പി കെ രാജന്റെയും സ്മൃതിമണ്ഡപങ്ങളില്‍നിന്നും കൊടുവായൂര്‍ കാക്കയൂരിലെ രക്തസാക്ഷി വേലായുധന്റെ വീട്ടില്‍നിന്നുമാണ് ആരംഭിച്ചത്.31 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് പാലക്കാട്ട് എസ്എഫ്ഐ സംസ്ഥാനസമ്മേളനത്തിന് വേദിയാവുന്നത്.

deshabhimani 260712

1 comment:

  1. ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ കേരളത്തിലെ അജയ്യമായ കരുത്ത് വിളിച്ചോതിയ റാലിയോടെ എസ്എഫ്ഐ 31ാം സംസ്ഥാന സമ്മേളനത്തിന് പാലക്കാട്ട് വ്യാഴാഴ്ച തുടക്കമായി. കാല്‍ലക്ഷം വിദ്യാര്‍ഥികള്‍ അണിനിരന്ന റാലി വിക്ടോറിയ കോളേജ് ഗ്രൗണ്ടില്‍ നിന്നാണ് തുടങ്ങിയത്. റാലിക്കുശേഷം കോട്ടമൈതാനത്ത് (കെ വി സുധീഷ് നഗര്‍) ചേര്‍ന്ന പൊതുസമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

    ReplyDelete