Friday, May 9, 2014

എസ്ബിടി പ്യൂണ്‍ പരീക്ഷാ ക്രമക്കേട്: ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം 14ന്

കൊച്ചി: എസ്ബിടി പ്യൂണ്‍ പരീക്ഷയിലെ ക്രമക്കേടുകള്‍ക്കെതിരെ 14നു വൈകിട്ട് 4.30ന് ഉദ്യോഗാര്‍ഥികളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പനമ്പിള്ളിനഗര്‍ എസ്ബിടി സോണല്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും. പരീക്ഷയെഴുതിയവര്‍ ഒപ്പിട്ട നിവേദനം നല്‍കും.

നവംബര്‍ 24നാണ് പ്യൂണ്‍ തസ്തികയിലെ 1030 ഒഴിവിലേക്ക് എസ്ബിടി പരീക്ഷ നടത്തിയത്. ബാങ്കിലെ ഏറ്റവും താഴേക്കിടയിലെ ജീവനക്കാരെ നിയമിക്കുന്നതിനുള്ള പരീക്ഷ ഇംഗ്ലീഷില്‍ നടത്തിയതിനെതിനെക്കുറിച്ച് അന്നുതന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. രാജ്യത്താകെ 86,000 പേര്‍ പരീക്ഷ എഴുതിയതില്‍ 566 പേര്‍ മാത്രമാണ് വിജയിച്ചത്. കേരളത്തിലെ 761 ഒഴിവിലേക്ക് 289 പേര്‍ മാത്രമാണ് പാസായത്. വിദ്യാഭ്യാസനിലവാരത്തില്‍ ഏറ്റവും മുന്നില്‍നില്‍ക്കുന്ന കേരളംപോലെയുള്ള സംസ്ഥാനത്ത് പ്രഖ്യാപിക്കപ്പെട്ട ഒഴിവുകളിലേക്ക് പരിഗണിക്കാന്‍ അര്‍ഹതയുള്ളത്ര ഉദ്യോഗാര്‍ഥികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നത് ദുരൂഹമാണ്. പാസായതില്‍ പകുതിപേര്‍ മാത്രമാണ് ഇന്റര്‍വ്യുവിന് ഹാജരായത്. മറ്റുള്ളവര്‍ കൂടുതല്‍ വിദ്യാഭ്യാസയോഗ്യതയുള്ളവരായതിനാല്‍ ഹാജരായില്ല. ബാങ്കിന് അപേക്ഷാഫീസ് ഇനത്തില്‍ 1.31 കോടി രൂപയാണ് ലഭിച്ചത്.

സംസ്ഥാനത്ത് മിക്ക ജില്ലകളിലും എസ്ബിടി ശാഖകള്‍ക്കു മുന്നില്‍ പരീക്ഷ എഴുതിയവരുടെ കൂട്ടായ്മ വിവിധ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചെങ്കിലും അധികൃതര്‍ അനങ്ങാപ്പാറനയമാണ് സ്വീകരിച്ചത്. പരീക്ഷ സുതാര്യമായി മലയാളത്തില്‍ നടത്തി മുഴുവന്‍ ഒഴിവും ഉടന്‍ നികത്തണമെന്ന് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച് 14നു നടക്കുന്ന പ്രകടനത്തിലും നിവേദന സമര്‍പ്പണത്തിലും പ്രക്ഷോഭ പരിപാടികളിലും എല്ലാ ഉദ്യോഗാര്‍ഥികളുടെയും സഹകരണം ഉണ്ടാവണമെന്ന് കണ്‍വീനര്‍ നൈബിന്‍ പോള്‍ വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.

deshabhimani

No comments:

Post a Comment