Friday, May 9, 2014

കഴിഞ്ഞവര്‍ഷം ലഭിച്ചത് 94 കോടി; വിതരണം ചെയ്തില്ല

കഴിഞ്ഞ കാലവര്‍ഷത്തില്‍ കെടുതികള്‍ക്ക് ഇരയായവര്‍ക്ക് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ കൈമാറിയ 94 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വിതരണംചെയ്തില്ല. മാസങ്ങള്‍ക്കുമുമ്പേ ദുരന്തനിവാരണ വകുപ്പിന് ലഭിച്ച തുകയാണ് ഭരണസ്തംഭനംമൂലം വിതരണംചെയ്യാനാകാതെവന്നത്.

2013ലെ കാലവര്‍ഷക്കെടുതിക്ക് കേന്ദ്രസഹായമായി സംസ്ഥാനം 481 കോടി രൂപയുടെ സഹായമാണ് ചോദിച്ചത്. പ്രകൃതിദുരന്തത്തിലെ നഷ്ടം കണക്കാക്കുന്നതില്‍ സംസ്ഥാന, കേന്ദ്രമാനദണ്ഡങ്ങള്‍ വ്യത്യസ്തമായതിനാല്‍ കേന്ദ്രകണക്കില്‍ കേരളത്തിന്റെ നഷ്ടം 221 കോടി രൂപയായി ചുരുങ്ങിയിരുന്നു. ഒടുവില്‍ അനുവദിച്ചതാകട്ടെ 94 കോടി രൂപയും. ഇതില്‍ നയാപൈസപോലും ദുരന്തം നേരിട്ടവര്‍ക്ക് നല്‍കിയില്ല.

കഴിഞ്ഞ കാലവര്‍ഷത്തില്‍ സംസ്ഥാനത്താകെ 891 ഗ്രാമം വെള്ളത്തിനടിയിലായിരുന്നു. എട്ടിടത്ത് ഉരുള്‍പൊട്ടി. 131 പേര്‍ മരിച്ചു. 715 ഇടങ്ങളിലായി 2,09,521 പേര്‍ ദുരിതാശ്വാസക്യാമ്പുകളില്‍ കഴിഞ്ഞു. 8482.49 ഹെക്ടറില്‍ കൃഷിനാശമുണ്ടായി. 549 വീട് പൂര്‍ണമായും 9,491 വീട് ഭാഗികമായും തകര്‍ന്നു. കൃഷിനാശം 9,317 ലക്ഷം രൂപയുടേതായിരുന്നു. വീടുകള്‍ പൂര്‍ണമായി തകര്‍ന്ന് 4. 9 കോടി രൂപയുടെയും ഭാഗികമായി വീട് തകര്‍ന്ന് 15.42 കോടി രൂപയുടെയും നഷ്ടമുണ്ടായി. ഈ കണക്കുകള്‍ സര്‍ക്കാരിന്റെ നാമമാത്രസഹായത്തുകയുടെ അടിസ്ഥാനത്തില്‍ ഉള്ളതായിരുന്നു. ഈ നഷ്ടത്തിന് ആശ്വാസമായി ലഭിച്ച തുക ഇനിയും വിതരണം ചെയ്യാത്തതെന്ത് എന്നതിന് റവന്യൂ വകുപ്പിന് മറുപടിയില്ല. ദുരന്തനിവാരണ സഹായത്തുക ലാപ്സാകില്ലെന്നതുമാത്രമാണ് ഏക ആശ്വാസം.
കഴിഞ്ഞവര്‍ഷം കേരളം അഭിമുഖീകരിച്ച കൊടുംവരള്‍ച്ചയ്ക്കും തുച്ഛമായ കേന്ദ്രസഹായമായിരുന്നു ലഭിച്ചത്. 10,000 കോടിയുടെ കൃഷിനാശമാണ് കേരളത്തിനുണ്ടായിരുന്നത്. സര്‍ക്കാര്‍ കണക്കില്‍ മാത്രം 7,800 കോടിയുടെ നാശമുണ്ടായി. 8000 കോടിയുടെ പ്രത്യേക പാക്കേജിന് കേന്ദ്രത്തെ സമീപിച്ചെങ്കിലും 64 കോടി രൂപയാണ് ലഭിച്ചത്. എന്നാല്‍, വിവിധ കേന്ദ്രഫണ്ടുകള്‍കൂടി വരള്‍ച്ചാകണക്കില്‍പെടുത്തി 110 കോടി രൂപ ലഭിച്ചതായി സംസ്ഥാന സര്‍ക്കാര്‍ വീമ്പിളക്കി. നേരിട്ട് ലഭിച്ച 64 കോടി രൂപയല്ലാതെ മറ്റൊന്നും ചെലവഴിച്ചില്ല. ഇതരവിഭാഗത്തില്‍ ലഭിക്കുമായിരുന്ന 45 കോടി രൂപ സാമ്പത്തികവര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31നുമുമ്പ് വാങ്ങിയെടുക്കാനും കഴിഞ്ഞില്ല. ഈവര്‍ഷം വേനല്‍മഴയുടെ രൂപത്തില്‍ ദുരന്തം പെയ്തിറങ്ങുമ്പോഴും സര്‍ക്കാരിന്റെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളും സഹായവിതരണവും മുന്‍വര്‍ഷത്തേതിന്റെ തനിയാവര്‍ത്തനമാകുമെന്ന് ഉറപ്പ്. ഇത്തവണ വേനല്‍മഴയില്‍ ഏപ്രില്‍ ഒന്നുമുതല്‍ 30 വരെയുണ്ടായ കേരളത്തിന്റെ നഷ്ടം 250 കോടിരൂപയുടേതാണ്. മഴദുരന്തത്തില്‍ കഴിഞ്ഞമാസം മാത്രം മരിച്ചത് 17 പേരാണ്.

എം വി പ്രദീപ്

No comments:

Post a Comment