Friday, May 9, 2014

എല്‍പിയില്‍ എല്ലാ വിഷയങ്ങള്‍ക്കും ഇംഗ്ലീഷ് പുസ്തകങ്ങളായി

തിരു: മാതൃഭാഷ പഠനമാധ്യമമായി നിര്‍ബന്ധിക്കാനാകില്ലെന്ന സുപ്രീംകോടതി വിധിയില്‍ മുതലക്കണ്ണീരൊഴുക്കുന്ന സര്‍ക്കാര്‍, സംസ്ഥാനത്ത് പ്രീപ്രൈമറിയിലടക്കം നാലാം ക്ലാസ് വരെ മുഴുവന്‍ വിഷയങ്ങള്‍ക്കും ഇംഗ്ലീഷ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിലായിരിക്കണമെന്ന വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുമെന്നും പത്താംക്ലാസ് വരെ മലയാളഭാഷാപഠനം നിര്‍ബന്ധമാക്കുമെന്നും സര്‍ക്കാര്‍ ആണയിടുന്നതിനിടെയാണ് പ്രീ പ്രൈമറി, ഒന്ന്, രണ്ട്, മൂന്ന്, നാല് ക്ലാസുകളിലായി 124 ടൈറ്റിലുകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും ഇംഗ്ലീഷ് പുസ്തകങ്ങള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി ക്ലാസുകളിലെ പുസ്തകങ്ങളുടെ അച്ചടി തുടങ്ങും മുമ്പുതന്നെ ഇംഗ്ലീഷ് പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാക്കി. ഹയര്‍സെക്കന്‍ഡറി പുസ്തകങ്ങളുടെ അച്ചടി ഇനിയും ആരംഭിച്ചിട്ടുപോലുമില്ല.

കഴിഞ്ഞവര്‍ഷം പലവിഷയങ്ങള്‍ക്കും ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് പഴയ പുസ്തകങ്ങളും അവയുടെ ഫോട്ടോ കോപ്പികളുമായിരുന്നു ആശ്രയം. പൊതുവിദ്യാഭ്യാസ വകുപ്പിനായി എസ്സിഇആര്‍ടിയാണ് ഇംഗ്ലീഷ് പുസ്തകങ്ങളെല്ലാം തയ്യാറാക്കിയത്. പ്രീപ്രൈമറി ക്ലാസുകളില്‍ ഒരു കാരണവശാലും പുസ്തക പഠനം പാടില്ലെന്ന നിയമം നിലവിലിരിക്കെയാണ് ഇംഗ്ലീഷ് അക്ഷരമാല പഠിപ്പിക്കാനെന്ന പേരില്‍ പുസ്തകം തയ്യാറാക്കിയത്. തലസ്ഥാനത്തെ ഗവ. മോഡല്‍ സ്കൂളുകളിലടക്കം പ്രീപ്രൈമറി ക്ലാസില്‍ ഇംഗ്ലീഷ് പുസ്തകം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ വ്യാപകമായി അണ്‍എയ്ഡഡ് ഇംഗ്ലീഷ് മീഡിയം ഡിവിഷനുകള്‍ ആരംഭിക്കാനുള്ള നീക്കത്തിന്റെ ഭാഗംകൂടിയാണ് ഇംഗ്ലീഷ് പുസ്തക പ്രസാധനം. പാവപ്പെട്ടവരുടെ മക്കള്‍ക്ക് കുറഞ്ഞ ചെലവില്‍ ഇംഗ്ലീഷ് പഠനം സാധ്യമാക്കാനാണ് സ്കൂളുകളില്‍ പ്രൈമറി ഇംഗ്ലീഷ് മീഡിയം ഡിവിഷനുകള്‍ ആരംഭിക്കുന്നതെന്ന സര്‍ക്കാര്‍ വിശദീകരണവും തട്ടിപ്പാണ്. രക്ഷിതാക്കളെ പ്രലോഭിപ്പിച്ച് പൊതുവിദ്യാലയങ്ങളില്‍ വ്യാപകമായി അണ്‍എയ്ഡഡ് ഇംഗ്ലീഷ് മീഡിയം തുടങ്ങുന്നതോടെ മാതൃഭാഷാപഠനവും പൊതുവിദ്യാഭ്യാസവും തകര്‍ന്ന് തരിപ്പണമാകും.

വിദ്യാഭ്യാസ അവകാശ നിയമത്തിലെ "അയല്‍പ്പക്ക സ്കൂള്‍" സങ്കല്‍പ്പം ദുര്‍വ്യാഖ്യാനംചെയ്ത് സംസ്ഥാന സിലബസിലുള്ള ആയിരത്തിലേറെ അണ്‍എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. എന്നാല്‍, ഈ സ്കൂളുകള്‍ സ്റ്റേറ്റ് സിലബസിലാണെങ്കിലും അവര്‍ക്ക് സര്‍ക്കാരിന്റെ ഇംഗ്ലീഷ് പുസ്തകങ്ങള്‍ വേണ്ട. എസ്സിഇആര്‍ടി ഇറക്കിയ പുസ്തകങ്ങള്‍ ആവശ്യപ്പെട്ട് ഇതുവരെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളൊന്നും ബുക്ക്ഡിപ്പോകളില്‍ പണം അടച്ചിട്ടുമില്ല. സ്വകാര്യ സ്കൂളുകള്‍ക്ക് കുറഞ്ഞ വിലയ്ക്ക് കിട്ടുകയും വിദ്യാര്‍ഥികളില്‍നിന്ന് വന്‍തുക ഈടാക്കാനും കഴിയുന്ന സ്വകാര്യ പ്രസാധകരുടെ പുസ്തകങ്ങളോടാണ് താല്‍പ്പര്യം.

deshabhimani

No comments:

Post a Comment