Monday, May 12, 2014

അപവാദ പ്രചാരണം : 3 പത്രത്തിന് സിപിഐ എം വക്കീല്‍ നോട്ടീസ് അയച്ചു

കണ്ണൂര്‍: മാധ്യമധര്‍മത്തിന്റെ സകലമര്യാദകളും ലംഘിച്ച് സിപിഐ എമ്മിനെതിരെ അപവാദ കഥകള്‍ ചമച്ച കേരളകൗമുദി, വീക്ഷണം, ജന്മഭൂമി പത്രങ്ങള്‍ക്കെതിരെ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ വക്കീല്‍ നോട്ടീസയച്ചു. കേരള കൗമുദി പത്രാധിപരും പ്രസാധകനുമായ ദീപു രവി, വീക്ഷണം പത്രാധിപരും പ്രസാധകനുമായ എ സി ജോസ്, ജന്മഭൂമി പത്രാധിപരും പ്രസാധകയുമായ ലീലാ മേനോന്‍ എന്നിവര്‍ക്കെതിരെയാണ് മുതിര്‍ന്ന അഭിഭാഷകന്‍ കെ വിശ്വന്‍ മുഖേന നോട്ടീസ് അയച്ചത്. മൂന്നു ദിവസത്തിനകം തുല്യപ്രാധാന്യത്തോടെ തിരുത്ത് പ്രസിദ്ധീകരിച്ച് ഖേദപ്രകടനം നടത്തിയില്ലെങ്കില്‍ നഷ്ടപരിഹാരത്തിനും ഇന്ത്യന്‍ ശിക്ഷാനിയമം 500-ാം വകുപ്പു പ്രകാരം അപകീര്‍ത്തിക്കും നിയമനടപടി സ്വീകരിക്കുമെന്ന് നോട്ടീസില്‍ വ്യക്തമാക്കി.

സിപിഐ എം ഉന്നത നേതാവിനെതിരെയെന്ന പേരില്‍ നിന്ദ്യമായ ലൈംഗികാപവാദ കഥയുമായി ഈ മാസം എട്ടിന് "കേരള കൗമുദി ഫ്ളാഷ്" ആണ് ആദ്യം രംഗത്തുവന്നത്. പിറ്റേന്ന് വീക്ഷണവും ജന്മഭൂമിയും ഇതേറ്റുപിടിച്ചു. തീര്‍ത്തും അപകീര്‍ത്തികരവും അപലപനീയവുമാണ് വാര്‍ത്തയിലെ ആരോപണങ്ങളെന്ന് നോട്ടീസില്‍ പറഞ്ഞു. സിപിഐ എമ്മിനെ ബഹുജനമധ്യത്തില്‍ താഴ്ത്തിക്കെട്ടാന്‍ ഒരടിസ്ഥാനവുമില്ലാത്ത വാര്‍ത്ത ചമയ്ക്കുകയായിരുന്നു. ഈ ദുരാരോപണങ്ങള്‍ സിപിഐ എമ്മിന് സമൂഹത്തില്‍ അവമതിപ്പ് ഉണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. പാര്‍ടി പ്രവര്‍ത്തകര്‍ക്കും സാമാന്യ ജനങ്ങള്‍ക്കുമിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതിന് ദു:സ്സൂചനകളോടെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത് ഏതോ കേന്ദ്രത്തില്‍ നടന്ന ഗൂഢാലോചനയുടെയും ആസൂത്രിത നീക്കത്തിന്റെയും ഫലമാണ്. ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി പാര്‍ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വ്യക്തിജീവിതം തികഞ്ഞ സംശുദ്ധിയോടെ പാലിക്കപ്പെടണമെന്ന നിലപാട് സ്വീകരിക്കുന്ന പാര്‍ടിയാണ് സിപിഐ എം. ഇത്തരം ദുരുപദിഷ്ഠ നീക്കം അത്യന്തം ഗൗരവമുള്ളതും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പാര്‍ടി ബന്ധുക്കള്‍ക്കും മാനസിക പ്രയാസത്തിന് കാരണമാകുന്നതുമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് വ്യാജ ആരോപണങ്ങള്‍ പ്രചരിപ്പിച്ചതെന്നും നോട്ടീസില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment