Monday, May 12, 2014

കുടുംബശ്രീയും ബ്ലേഡില്‍ കുടുങ്ങുന്നു

ഗ്രാമീണ സ്ത്രീകളുടെ തൊഴില്‍സംരംഭങ്ങളെയും ബ്ലേഡ് മാഫിയ കീഴടക്കുന്നു. കുടുംബശ്രീ പ്രസ്ഥാനത്തെ തകര്‍ക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ സമീപനമാണ് ഈ അവസ്ഥ സൃഷ്ടിച്ചത്. നാലുശതമാനം പലിശയ്ക്ക് വായ്പ കിട്ടിയിരുന്ന കുടുംബശ്രീ സംഘങ്ങള്‍ ഇപ്പോള്‍ 12-15 ശതമാനം പലിശയ്ക്കാണ് വായ്പയെടുക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന സബ്സിഡിയും നിര്‍ത്തി. കടക്കെണിയിലായ വനിതാസംരംഭങ്ങള്‍ പലതും നിലനില്‍പ്പിന് ബ്ലേഡുകാരില്‍നിന്ന് വട്ടിപ്പലിശക്ക് പണമെടുത്തതോടെ തകര്‍ച്ച നേരിടുകയാണ്.

സര്‍ക്കാര്‍ സംവിധാനമായി തദ്ദേശസ്ഥാപനങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയെ അവഗണിച്ച് കോണ്‍ഗ്രസ് സംരംഭമായ ജനശ്രീയെ സഹായിക്കുന്ന സമീപനമാണ് യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. സാമുദായിക സംഘടനകളുടെ പേരില്‍ തുടങ്ങിയ സമാനമായ വായ്പാസംവിധാനവും തൊഴില്‍സംരംഭങ്ങളും കുടുംബശ്രീ സംവിധാനത്തിന് തിരിച്ചടിയായി. എസ്എന്‍ഡിപി, എന്‍എസ്എസ്, കത്തോലിക്കസഭ, ധീവരസഭ തുടങ്ങിയവയുടെ ആഭിമുഖ്യത്തില്‍ ജാതി, സാമുദായിക സംഘടനകളുടെ സംരംഭങ്ങളുണ്ടായത് സ്ത്രീകളുടെ ഗുണപരമായ മുന്നേറ്റത്തിന് തടസ്സമായി. പലയിടത്തുനിന്നായി ഒരേ സംഘങ്ങള്‍ കടമെടുത്തതും തിരിച്ചടവിന് വിനയായതായി പറയുന്നു.

കടക്കെണിയിലായ യൂണിറ്റുകള്‍ പലതും ബ്ലേഡുകാരില്‍നിന്ന് വട്ടിപ്പലിശക്ക് പണം കടമെടുത്താണ് ബാങ്ക് വായ്പകള്‍ വീട്ടുന്നത്. ഇതോടെ പല തൊഴില്‍സംരംഭങ്ങളും ഇല്ലാതാകുകയാണ്. സൂക്ഷ്മ സാമ്പത്തിക വായ്പാ പദ്ധതികളുടെ എണ്ണം കൂടിയാല്‍ ഈ മേഖലയുടെ സര്‍വനാശമാകും ഫലമെന്ന് സാമ്പത്തിക വിദഗ്ധര്‍ നേരത്തേ മുന്നറിയിപ്പു നല്‍കിയതാണ്. ജനശ്രീക്ക് ബജറ്റില്‍ തുക വകയിരുത്തിയില്ലെങ്കിലും സര്‍ക്കാരിന്റെ പല പദ്ധതികളും ജനശ്രീ വഴി നടപ്പാക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. കുടുംബശ്രീക്ക് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 100 കോടി രൂപ ബജറ്റില്‍ വകയിരുത്തിയപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ കാലാനുസൃതമായ വര്‍ധന നടപ്പാക്കിയില്ല. കഴിഞ്ഞ ബജറ്റില്‍ 90 കോടിയാണ് വകയിരുത്തിയത്.

ദേശീയ കുടുംബ ഉപജീവന മിഷന്‍ അനുവദിച്ച 300 കോടിയുടെ സഹായം യുഡിഎഫ് സര്‍ക്കാര്‍ കുടുംബശ്രീക്ക് കൈമാറിയതുമില്ല. ജില്ലാ സഹകരണ ബാങ്കുകളും ഇപ്പോള്‍ കുടുംബശ്രീ സംരംഭങ്ങള്‍ക്ക് വായ്പ നല്‍കുന്നില്ല. തുടര്‍ന്നാണ് ഉയര്‍ന്ന പലിശക്ക് വാണിജ്യ ബാങ്കുകളില്‍നിന്ന് വായ്പെയടുത്ത് വനിതാ യൂണിറ്റുകള്‍ കടക്കെണിയിലായത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 1998ലാണ്് തദ്ദേശസ്ഥാപനങ്ങളുടെ കീഴില്‍ സര്‍ക്കാരിന്റെ പിന്തുണയോടും നബാര്‍ഡിന്റെ സാമ്പത്തികസഹായത്തോടുംകൂടി കുടുംബശ്രീ സംസ്ഥാനതലത്തില്‍ നടപ്പാക്കിയത്. രണ്ടരലക്ഷം അയല്‍ക്കൂട്ട സംരംഭങ്ങളിലായി 40 ലക്ഷം അംഗങ്ങളുണ്ട്. 850 കോടി രൂപയുടെ സംരംഭങ്ങളാണ് നടത്തിയിരുന്നത്.

വി എം രാധാകൃഷ്ണന്‍ deshabhimani

No comments:

Post a Comment