ന്യൂഡല്‍ഹി: ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം നേടുമെന്ന് ഭൂരിഭാഗം എക്സിറ്റ് പോള്‍ സര്‍വേകളും പ്രവചിക്കുന്നു. ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടിയ എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് വന്‍തിരിച്ചടിയെന്നാണ് സര്‍വെ. കോണ്‍ഗ്രസ് മൂന്നക്കം കാണില്ല. ഇടതുപക്ഷം തല്‍സ്ഥിതിയില്‍ തുടരും. ആം ആദ്മിക്ക് മൂന്നുമുതല്‍ അഞ്ച് സീറ്റുവരെയാണ് പ്രവചനം. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎക്ക് 230 മുതല്‍ 291 വരെ സീറ്റാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ 90 മുതല്‍ 120 വരെ സീറ്റില്‍ എത്താം.
ഉത്തരേന്ത്യയില്‍ എന്‍ഡിഎ തരംഗമാണ് പ്രവചിക്കുന്നത്. 80 ലോക്സഭാ സീറ്റുള്ള ഉത്തര്‍പ്രദേശില്‍ 45 മുതല്‍ 55 സീറ്റുവരെ ബിജെപിക്ക് പ്രവചിക്കുന്നു. കോണ്‍ഗ്രസ് മൂന്നുമുതല്‍ ഏഴുവരെ സീറ്റില്‍ ഒതുങ്ങും. 40 സീറ്റുള്ള ബിഹാറില്‍ 24-28 സീറ്റാണ് ബിജെപി- എല്‍ജെപി സഖ്യത്തിന് പ്രവചിക്കുന്നത്. ജെഡിയു രണ്ടുമുതല്‍ ആറുവരെ സീറ്റില്‍ ഒതുങ്ങും. ആര്‍ജെഡി- കോണ്‍ഗ്രസ് സഖ്യത്തിന് 10 മുതല്‍ 15 സീറ്റുവരെ കിട്ടാം. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ ബിജെപി കൂടുതല്‍ സീറ്റ്് നേടുമെന്നാണ് പ്രവചനം. ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഹിമാചല്‍, ഹരിയാന, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളും ബിജെപിക്ക് അനുകൂലം.
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 20 മുതല്‍ 28 സീറ്റുവരെ കിട്ടാം. ഇടതുപക്ഷത്തിന് ഏഴുമുതല്‍ 15 സീറ്റ് പറയുന്നു. കോണ്‍ഗ്രസിന് രണ്ടുമുതല്‍ നാലും ബിജെപിക്ക് ഒന്നുമുതല്‍ മൂന്നും സീറ്റ് ലഭിക്കാം. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെന്നാണ് പ്രവചനം. ഒരു സര്‍വേയില്‍ ബിജെപിക്ക് കേരളത്തില്‍ ഒരു സീറ്റ് പ്രവചിക്കുന്നുണ്ട്. തമിഴ്നാട്ടില്‍ 22 മുതല്‍ 28 സീറ്റുവരെയാണ് എഐഎഡിഎംകെയ്ക്ക് പ്രവചിക്കുന്നത്. ഡിഎംകെയ്ക്ക് എട്ടുമുതല്‍ 14 സീറ്റുവരെ ലഭിച്ചേക്കാം. ബിജെപി മുന്നണിക്ക് ഒന്നോരണ്ടോ കിട്ടിയേക്കാം. കേരളം കഴിഞ്ഞാല്‍ കര്‍ണാടകയിലും അസമിലുമാണ് കോണ്‍ഗ്രസ് പിടിച്ചുനില്‍ക്കുമെന്ന പ്രവചനം.
കര്‍ണാടകയില്‍ 10 മുതല്‍ 16 സീറ്റുവരെ കോണ്‍ഗ്രസ് നേടും. ബിജെപിക്ക് 10- 14ഉം ജെഡിഎസിന് 1- 3 സീറ്റും പറയുന്നു. അസമില്‍ കോണ്‍ഗ്രസിന് 8- 10 സീറ്റും ബിജെപിക്ക് 4-6 സീറ്റുമാണ്. തെലങ്കാനയില്‍ ടിആര്‍എസ് മുന്നിലെത്തും. സീമാന്ധ്രയില്‍ ടിഡിപി-ബിജെപി സഖ്യവും വൈഎസ്ആര്‍ കോണ്‍ഗ്രസും തുല്യം. കോണ്‍ഗ്രസിന് തെലങ്കാന-സീമാന്ധ്ര മേഖലകളില്‍ 4-6 സീറ്റ് പരമാവധി. മഹാരാഷ്ട്രയില്‍ ബിജെപി- ശിവസേനാ സഖ്യത്തിനാണ് മുന്‍തൂക്കം. 28- 37 സീറ്റ് ബിജെപി സഖ്യത്തിന് പ്രവചിക്കുമ്പോള്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് 11-16 സീറ്റാണ് പറയുന്നത്.
ഒരു സീറ്റില്‍ എഎപിക്ക് സാധ്യതയുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ട് എക്സിറ്റ് പോള്‍ സര്‍വേകളിലും എന്‍ഡിഎ സഖ്യത്തിന് യഥാര്‍ഥത്തില്‍ ലഭിച്ചതിനേക്കാള്‍ 35 മുതല്‍ 50 സീറ്റുവരെ അധികം പ്രവചിച്ചിരുന്നു. 2009ല്‍ യുപിഎ സഖ്യത്തിനും എന്‍ഡിഎ സഖ്യത്തിനും തുല്യസാധ്യതയാണ് പ്രവചിച്ചത്. ചില സര്‍വേകളില്‍ എന്‍ഡിഎക്ക് ഭൂരിപക്ഷവും നല്‍കി. എന്നാല്‍, യഥാര്‍ഥ ഫലം യുപിഎക്ക് 262, എന്‍ഡിഎക്ക് 157 എന്നായിരുന്നു.
എം പ്രശാന്ത് deshabhimani
No comments:
Post a Comment