Wednesday, May 7, 2014

പദ്ധതി വിഹിതം വെട്ടിക്കുറച്ചു; 3150 കോടി ചെലവിട്ടില്ല

പദ്ധതി വിഹിതം വെട്ടിക്കുറച്ചു; 3150 കോടി ചെലവിട്ടില്ലകഴിഞ്ഞ വാര്‍ഷികപദ്ധതിയിലെ 3150 കോടിയോളം രൂപ ചെലവഴിക്കാതെ സര്‍ക്കാര്‍ പാഴാക്കി. സാമ്പത്തികപ്രതിസന്ധിയുടെ പേരില്‍ ട്രഷറിനിയന്ത്രിച്ച് നാലിലൊന്ന് തുകയാണ് വെട്ടിക്കുറച്ചത്. 13,000 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കേണ്ടിയിരുന്നത്. വിനിയോഗം 9851 കോടിയും. 75.72 ശതമാനം. മുഖ്യമന്ത്രി അടക്കമുള്ള 21 മന്ത്രിമാരുടെ വകുപ്പുകളുടെ പ്രവര്‍ത്തനം അവലോകനംചെയ്ത സംസ്ഥാന ആസൂത്രണ ബോര്‍ഡാണ് ഈ വിവരങ്ങള്‍ കണ്ടെത്തിയത്. മുഖ്യമന്ത്രിയുടെ രഹസ്യ നിര്‍ദേശപ്രകാരമായിരുന്നു അവലോകനം. സാമ്പത്തികവര്‍ഷത്തിന്റെ നാലാംപാദത്തില്‍ സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുകയായിരുന്നു. എല്ലാത്തരം ചെലവുകള്‍ക്കും കടുത്ത നിയന്ത്രണമായി. ഫണ്ട് പാഴാകാതിരിക്കാന്‍ വകുപ്പുകളും പൊതുമേഖലാസ്ഥാപനങ്ങളും ഡിമാന്‍ഡ് ഡ്രാഫ്റ്റായി തുക പിന്‍വലിക്കുന്നതും തടഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ 1550 കോടിയുടെ ഫണ്ട് വകമാറ്റാന്‍ നിര്‍ദേശിച്ചു. ഇതിലൂടെയെല്ലാം അപ്രഖ്യാപിതമായി പദ്ധതി വെട്ടിക്കുറയ്ക്കല്‍ നടപ്പാക്കി.

പദ്ധതിനിര്‍വഹണത്തില്‍ ആസൂത്രണമന്ത്രിക്കും അടിതെറ്റി. ഗ്രാമവികസനവും സാംസ്കാരികവും പ്രവാസികാര്യവുമടക്കം കൈാര്യംചെയ്യുന്ന ആസൂത്രണമന്ത്രി കെ സി ജോസഫിന്റെ വിനിയോഗം 30 ശതമാനംമാത്രം. മുഖ്യമന്ത്രി അടക്കം 21 മന്ത്രിമാരില്‍ പദ്ധതിത്തുക വിനിയോഗത്തില്‍ ഏറ്റവും പിന്നിലാണ് കെ സി ജോസഫ്. നഗരാസൂത്രണവും പിന്നോക്കക്ഷേമവും ചുമതലയുള്ള മന്ത്രി മഞ്ഞളാംകുഴി അലിയുടെ പ്രവര്‍ത്തനവും പരിതാപകരമാണ്. വിനിയോഗം 31.18 ശതമാനംമാത്രം. പി ജെ ജോസഫിന്റെ ജലവിഭവ വകുപ്പിലെ ചെലവ് 51.19 ശതമാനം. അടൂര്‍ പ്രകാശിന്റെ റവന്യൂ, കയര്‍വകുപ്പുകളുടെ വിനിയോഗം 52.65 ശതമാനവും. മുഖ്യമന്ത്രിക്ക് ചുമതലയുള്ള പന്ത്രണ്ടില്‍പരം വകുപ്പുകളുടെ പ്രവര്‍ത്തനവും തൃപ്തികരമല്ലെന്നാണ് വിലയിരുത്തല്‍. ചെലവ് 66.02 ശതമാനം. ആര്യാടന്‍ മുഹമ്മദിന്റെ വൈദ്യുതിവകുപ്പില്‍ വിനിയോഗം 68 ശതമാനമാണ്. 100 ശതമാനം പണവും വിനിയോഗിച്ചിരുന്ന പട്ടികജാതി-വര്‍ഗ ക്ഷേമവകുപ്പുകളും പിന്നോട്ടാണ്. ത്രിതല പഞ്ചായത്തുകള്‍ക്കുള്ള എല്ലാ ഫണ്ടും വകമാറ്റിയിട്ടും എം കെ മുനീറിന്റെ പഞ്ചായത്തുവകുപ്പിന്റെ പദ്ധതിവിനിയോഗം 72 ശതമാനംമാത്രം. കൂടുതല്‍ പദ്ധതിവിഹിതമുള്ള പ്രധാനവകുപ്പുകളുടെ പ്രവര്‍ത്തനം ഏറ്റവും പിന്നിലാകുന്നതായാണ് ആസൂത്രണബോര്‍ഡിന്റെ കണക്ക് വ്യക്തമാക്കുന്നത്.

ജി രാജേഷ്കുമാര്‍ deshabhimani

No comments:

Post a Comment