Wednesday, May 7, 2014

ചെഞ്ചായംകൊണ്ടെഴുതിയ പേരാണ് ബിഷ്ണുപുര്‍

ബിഷ്ണുപുര്‍: ടെറാക്കോട്ട ശില്‍പ്പകലയുടെ നാടാണ് ബിഷ്ണുപുര്‍. വേറെയും ഖ്യാതിയുണ്ട് ഈ നാടിന്. ബംഗാളില്‍ ഒരേ പാര്‍ടിയെ തുടര്‍ച്ചയായി കൂടുതല്‍ കാലം വരിച്ച മൂന്നുമണ്ഡലങ്ങളിലൊന്നാണ് ബിഷ്ണുപുര്‍. 1971 മുതല് സ്ഥിരമായി മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന സിപിഐ എം ഇക്കുറി പന്ത്രണ്ടാം വിജയം കൈപ്പിടിയിലൊതുക്കാനുള്ള കുതിപ്പിലാണ്. ബുധനാഴ്ചയാണ് പോളിങ്. പട്ടികജാതി സംവരണമണ്ഡലമായ ബിഷ്ണുപുരില്‍ സിപിഐ എമ്മിന്റെ സിറ്റിങ് എംപിയായ സുഷ്മിതാ ബൗരിയും തൃണമൂലിന്റെ സൗമിത്ര ഖാനും തമ്മിലാണ് പ്രധാന മത്സരം. മൂന്നാംവട്ടമാണ് സുഷ്മിത ഇവിടെനിന്ന് ജനവിധി തേടുന്നത്. അതിനുമുമ്പ് അമ്മ സന്ധ്യ ബൗരിയാണ് മൂന്നുതവണ പാര്‍ലമെന്റില്‍ എത്തിയത്. പട്ടികജാതിയില്‍ഏറ്റവും പിന്നോക്കവിഭാഗമായ ബൗരി സമുദായാംഗമായ സുഷ്മിത ആദ്യമായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ സംസ്ഥാനത്തെ പ്രായംകുറഞ്ഞ അംഗമായിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകയായിരിക്കെയാണ് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. എംഎയും എല്‍എല്‍ബിയും കരസ്ഥമാക്കിയ ബൗരി സമുദായത്തിലെ ആദ്യവനിതയാണ് സുഷ്മിത.

പരമ്പരാഗത ആദിവാസി പിന്നോക്കവിഭാഗക്കാരാണ് ടെറാക്കോട്ട കരകരകൗശലമേഖലയില്‍ തൊഴില്‍ കണ്ടെത്തിയവരില്‍ ഭൂരിഭാഗവും. പിന്നോക്കമായിരുന്ന ബിഷ്ണുപുരില്‍ ഇടതുമുന്നണി ഭരണം വന്‍ മാറ്റങ്ങളുണ്ടാക്കി. കൃഷിയെയും കൈത്തൊഴിലിനെയുംമാത്രം ആശ്രയിച്ചിരുന്ന ബിഷ്ണുപുരില്‍ നിരവധി വ്യവസായ യൂണിറ്റുകള്‍ വന്നു. രണ്ട് ഇന്‍ഡസ്ട്രിയല്‍ ഗ്രോത്ത് സെന്ററുകള്‍ഇപ്പോള്‍ മണ്ഡലത്തിലുണ്ട്. ബഡ്ജോഡാ, അബസ്തിക എന്നിവിടങ്ങളില്‍ ഇതിലെ 36 യൂണിറ്റുകളിലായി പതിനായിരത്തിലധികം പേര്‍ പണിയെടുക്കുന്നു. ഉജാല, നീല്‍കമല്‍, ബിഷ്ണുപുര്‍ സ്റ്റീല്‍ എന്നിവയുടെ പ്രധാന ഫാക്ടറികളും മണ്ഡലത്തിലാണ്. റെയില്‍, ഗതാഗത സൗകര്യവും കാര്യമായി വികസിച്ചു. 98 ശതമാനം ഗ്രാമങ്ങളിലും വൈദ്യുതി എത്തി. തൃണമൂലിന്റെ സ്ഥാനാര്‍ഥി സൗമിത്ര ഖാന്‍ കോണ്‍ഗ്രസില്‍ നിന്നാണ്തൃണമൂലിലേക്ക് ചേക്കേറിയത്. കോതുളില്‍നിന്ന് 2001ല്‍ നിയമസഭയിലെത്തിയ സൗമിത്രയ്ക്ക് മമത ലോക്സഭാസീറ്റ് നല്‍കി. ഇതേച്ചൊല്ലി തൃണമൂലില് കലാപമാണ്. തെരഞ്ഞെടുപ്പ് അടുക്കുന്തോറും സിപിഐ എമ്മിനെതിരെ വ്യാപകമായ തൃണമൂല്‍ അക്രമം ചെറുത്താണ് ഇടതുമുന്നണി ശക്തമായി പ്രചാരണരംഗത്തുള്ളത്. കോണ്‍ഗ്രസിനായി നാരായന്‍ ചന്ദ്ര ഖാനും ബിജെപിക്കായി ജയന്ത മണ്ഡലുമാണ് മത്സരരംഗത്ത്. കഴിഞ്ഞതവണ 1,29,366 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഐ എം വിജയിച്ചത്. സൗമിത്ര ഖാന്‍ കൂറുമാറിയതിനെത്തുടര്‍ന്ന് ഒഴിവുവന്ന കോതുള്‍ നിയമസഭാ സീറ്റിലെ ഉപതെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. സംവരണമണ്ഡലമായ അവിടെ സിപിഐ എമ്മിലെ പൂര്‍ണിമ ബാഗ്ദിയാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി.

ഗോപി ദേശാഭിമാനി

1 comment:

  1. wow what an achievement... since 1971 winning from this seat.. still the area is underdeveloped? so what is your plan for next 50 years ?

    ReplyDelete