Wednesday, May 7, 2014

ബ്രിട്ടണില്‍ പട്ടിണിക്കാര്‍ ഏറുന്നു

ലണ്ടന്‍: ബ്രിട്ടണില്‍ ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാതെ ലക്ഷങ്ങള്‍. ചാരിറ്റി സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന സൗജന്യം ഭക്ഷണ കിറ്റുകളില്‍ ജീവിതം തള്ളി നീക്കിയത് പത്തു ലക്ഷത്തോളം ജനങ്ങള്‍. ബ്രിട്ടനിലെ ഏറ്റവും വലിയ ചാരിറ്റി സ്ഥാപനമായ ദി ട്രസ്സല്‍ ട്രസ്റ്റ് എന്ന സ്ഥാപനമാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

കഴിഞ്ഞ 12 മാസങ്ങള്‍ക്കുള്ളില്‍ 9,13,138 ഭക്ഷണ കിറ്റുകളാണ് ഈ ട്രസ്റ്റ് വിതരണം ചെയ്തത്. ഒരു നേരത്തെ പോലും ഭക്ഷണത്തിനു വകയില്ലാത്തവര്ക്ക്, അത്യാവശ്യം വേണ്ടുന്ന അരി, പാല്, മറ്റു ഭക്ഷണ വസ്തുക്കള്‍ തുടങ്ങി മൂന്നു ദിവസത്തെ ആഹാരത്തിനു വേണ്ടുന്ന പലചരക്കു സാധനങ്ങള്‍ ഉള്‍കൊള്ളുന്ന കിറ്റുകള്‍ വിതരണം ചെയ്യുന്ന ചാരിറ്റി സ്ഥാപനമാണ് ഈ ട്രസ്റ്റ്.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ "ഫുഡ് ബാങ്കില്‍" സൗജന്യ ഭക്ഷണ കിറ്റിനായി വരുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നുവെന്നാണ് ട്രസ്റ്റിന്റെ പ്രവര്‍ത്തകര്‍ പറയുന്നത്. സര്‍ക്കാരില്‍ നിന്നുള്ള ക്ഷേമ പെന്‍ഷനുകളും, തൊഴിലില്ലായ്മ വേതനവും മറ്റും ശരിയായ സമയത്ത് ലഭിക്കാത്തതും വര്‍ദ്ധിച്ചു വരുന്ന തൊഴിലില്ലായ്മയുമാണ് ഈ പ്രതിസന്ധിക്ക് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.നാലു വര്‍ഷമായി അധികാരത്തില്‍ തുടരുന്ന കാമറൂണ്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളാണ് ബ്രിട്ടനിലെ ഇന്നത്തെ അവസ്ഥക്ക് കാരണമെന്ന് പ്രതിപക്ഷ പാര്‍ടികള്‍ മാത്രമല്ല വിവിധ മത പുരോഹിതന്മാരും അഭിപ്രായപ്പെടുന്നു. രൂക്ഷമാകുന്ന പട്ടിണി തുടച്ചുമാറ്റുന്നതിന് എത്രയും പെട്ടെന്ന് നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ട് 27 ആംഗ്ലിക്കന്‍ ബിഷപ്പുമാര്‍ അടക്കം 43 ക്രിസ്ത്യന്‍ മതനേതാക്കള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. ജനക്ഷേമ പദ്ധതികള്‍ വെട്ടിച്ചുരുക്കലും നിലവിലുള്ള ക്ഷേമപദ്ധതികള്‍ ശരിയാം വണ്ണം നടപ്പിലാക്കാത്തതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് പ്രധാനമന്ത്രിക്കയച്ച കത്തില്‍ ഇവര്‍ വാദിച്ചു.

(ലേഖകന്‍ ബ്രിട്ടനിലെ ഏറ്റവും വലിയ പൊതുമേഖല തൊഴിലാളി യൂണിയന്‍ പ്രസ്ഥാനമായ യൂനിസന്റെ സജീവ പ്രവര്‍ത്തകനാണ്. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വെസ്റ്റ് ബാര്‍ക്ഷയര്‍ ഹെല്‍ത്ത് ആന്‍ഡ് കമ്മ്യൂണിറ്റി ബ്രാഞ്ച് ഓഫീസര്‍, ബ്ലാക്ക് ആന്‍ഡ് എത്നിക് മൈനോരിടി ഓഫീസര്‍, റോയല്‍ ബാര്‍ക്ഷയര്‍ എന്‍ എച് എസ് ഫൌണ്ടേഷന്‍ ട്രസ്റ്റ് തൊഴിലാളികളുടെ യൂണിയന്‍ പ്രതിനിധി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.)

തോമസ് പുത്തിരി deshabhimani

No comments:

Post a Comment