Thursday, May 8, 2014

പൊതുമേഖലാ ബാങ്കിലെ 406 അക്കൗണ്ടുകളില്‍ വായ്പാ കുടിശ്ശിക 70,298 കോടി രൂപ

കൊച്ചി: രാജ്യത്തെ ബാങ്കുകളിലെ കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഐബിഇഎ) വന്‍കിട വായ്പാ കുടിശ്ശികക്കാരുടെ പട്ടിക പ്രസിദ്ധീകരിച്ചു. അതിസമ്പന്ന കോര്‍പറേറ്റുകള്‍ പല ബാങ്കുകളിലായി വരുത്തിയ കുടിശ്ശികയാണ് പട്ടികയില്‍ ഏറെയും. എഐബിഇഎ പുറത്തുവിട്ട പട്ടികപ്രകാരം കഴിഞ്ഞ മാര്‍ച്ച് 31ന് 24 പൊതുമേഖലാ ബാങ്കുകളിലെ 406 അക്കൗണ്ടുകളിലെ മാത്രം കിട്ടാക്കടം 70,298 കോടി രൂപയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ കണക്കുകള്‍ ലഭ്യമാകുന്നതോടെ തുക ഇനിയും വര്‍ധിക്കും.

കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് 50 കമ്പനികള്‍ വരുത്തിയ കിട്ടാക്കടങ്ങളുടെ പട്ടിക എഐബിഇഎ പ്രസിദ്ധീകരിച്ചിരുന്നു. മദ്യരാജാവ് വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ 2673 കോടി രൂപ, വിന്‍സം ഡയമണ്ട് ആന്‍ഡ് ജ്യുവല്‍ കമ്പനിയുടെ 3156 കോടി രൂപ, സൂം ഡെവലപ്പേഴ്സിന്റെ 1810 കോടി രൂപ, സ്റ്റെര്‍ലിങ് ഗ്രൂപ്പിന്റെ 3672 കോടി രൂപ, ഡെക്കാണ്‍ ക്രോണിക്കിള്‍ ഹോള്‍ഡിങ്സിന്റെ 700 കോടി രൂപ എന്നിവയടക്കം 70,298 കോടി രൂപയുടെ കുടിശ്ശികാപട്ടികയാണ് പുറത്തുവിട്ടത്.

2013 സെപ്റ്റംബര്‍വരെയുള്ള ഔദ്യോഗിക കണക്കനുസരിച്ച് പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കടങ്ങള്‍ 2,36,000 കോടി രൂപയാണ്. യഥാര്‍ഥത്തില്‍ ഈ തുക 4,95,000 കോടി രൂപയാണെങ്കിലും എഴുതിത്തള്ളല്‍വഴിയും വായ്പ റീസ്ട്രക്ചറിങ്വഴിയും കണക്കുകളില്‍ കൃത്രിമംകാട്ടി ഇത് 2,36,000 കോടി രൂപയായി കുറച്ചുകാട്ടുകയാണ് ബാങ്ക് മേധാവികളും കോര്‍പറേറ്റ് സ്ഥാപനങ്ങളും ചെയ്തത്. 2008 മാര്‍ച്ചില്‍ ഇത് 39,000 കോടി രൂപയായിരുന്നു. ബാങ്കുകളില്‍ വര്‍ധിച്ചുവരുന്ന കിട്ടാക്കടങ്ങള്‍ ഈടാക്കാന്‍ അടിയന്തിര നടപടി കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും ബാങ്ക് മാനേജ്മെന്റുകളും ഒറ്റക്കെട്ടായി സ്വീകരിക്കണമെന്ന്് അസോസിയേഷന്‍ ആവശ്യപ്പെട്ടു. പൊതുമേഖലാ ബാങ്കുകളുടെ ഓഡിറ്റിങ് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലി(സിഎജി)ന്റെ പരിധിയില്‍ കൊണ്ടുവരിക, കിട്ടാക്കടങ്ങളുടെ ഉത്തരവാദികള്‍ക്കെതിരെ നിയമനടപടിയെടുക്കുക, കമ്പനികളുടെ വായ്പകള്‍ക്ക് പ്രമോട്ടര്‍മാരുടെ വ്യക്തിഗത ഗ്യാരന്റി എടുക്കുന്നതിനുള്ള നിയമഭേദഗതി കൊണ്ടുവരിക എന്നീ ആവശ്യങ്ങളും അസോസിയേഷന്‍ ഉന്നയിച്ചു. ജനസമ്പാദ്യം ജനക്ഷേമത്തിനാകണം കോര്‍പറേറ്റുകള്‍ക്ക് കൊള്ളയടിക്കാനാകരുത് എന്ന മുദ്രാവാക്യമുയര്‍ത്തി എഐബിഇഎ പ്രചാരണപ്രക്ഷോഭം ശക്തമാക്കുമെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

എഐബിഇഎ ജോ. സെക്രട്ടറി പി പി വര്‍ഗീസ്, കേരള ഘടകം പ്രസിഡന്റ് കെ മുരളീധരന്‍, ജനറല്‍ സെക്രട്ടറി സി ഡി ജോസണ്‍, കെ എസ് കൃഷ്ണ, മാത്യു ജോര്‍ജ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment