Thursday, May 8, 2014

സിപിഐ എം പരാതി നല്‍കി

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ ആറു മണ്ഡലത്തില്‍ ബുധനാഴ്ച നടന്ന നാലാംഘട്ട വോട്ടെടുപ്പില്‍ വ്യാപകമായ ബൂത്തുപിടിത്തവും കൃത്രിമവും നടന്നതായി സിപിഐ എം തെരഞ്ഞെടുപ്പു കമീഷനെ നേരില്‍ക്കണ്ട് പരാതി അറിയിച്ചു. ജാര്‍ഗം, ബിഷ്ണുപുര്‍, മേദിനിപ്പുര്‍, അസന്‍സോള്‍ മണ്ഡലങ്ങളിലാണ് വ്യാപകമായ ആക്രമണമുണ്ടായതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ളയും സീതാറാം യെച്ചൂരിയും തെരഞ്ഞെടുപ്പു കമീഷനെ അറിയിച്ചു. 301 ബൂത്തില്‍ കൃത്രിമം നടന്നതായി മുഖ്യതെരഞ്ഞെടുപ്പു കമീഷണര്‍ വി എസ് സമ്പത്ത്, കമീഷന്‍ അംഗങ്ങളായ ഹരിശങ്കര്‍ ബ്രഹ്മ, സയ്യദ് നസീം അഹമ്മദ് സൈദി എന്നിവരോട് നേതാക്കള്‍ വിശദീകരിച്ചു. കൃത്രിമം നടന്ന ബൂത്തുകളുടെ നമ്പരും മറ്റുവിവരങ്ങളും കമീഷന് രേഖാമൂലം കൈമാറി. റീപോളിങ് നടത്തണമെന്ന് കമീഷനോട് ആവശ്യപ്പെട്ടതായി അരമണിക്കൂര്‍ കൂടിക്കാഴ്ചയ്ക്കു ശേഷം യെച്ചൂരി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

സിപിഐ എം സിറ്റിങ് സീറ്റായ ജാര്‍ഗം മണ്ഡലത്തിലാണ് ഏറ്റവും വ്യാപകമായ അക്രമം നടന്നത്. ഭൂരിപക്ഷം ബൂത്തിലും തൃണമൂലുകാര്‍ സിപിഐ എം ഏജന്റുമാരെ ബലംപ്രയോഗിച്ച് പുറത്താക്കി ബൂത്ത് പിടിച്ച് ഗുണ്ടകള്‍ വോട്ടുചെയ്തു. ക്യാമറകള്‍ ഓഫാക്കിയശേഷമാണ് ബൂത്ത് പിടിച്ചെടുത്തത്. വൈകിട്ട് നാലുവരെയുള്ള കണക്കനുസരിച്ച് ജാര്‍ഗമിലെ 123 ബൂത്ത് പിടിച്ചെടുത്തു. സിപിഐ എം സിറ്റിങ്് സീറ്റായ ബിഷ്ണുപൂരിലെ 97 ബൂത്തിലും മേദിനിപ്പൂരിലെ 37 ബൂത്തിലും അസന്‍സോളിലെ 20 ബൂത്തിലും കൃത്രിമം നടന്നു. സിപിഐ എം ലോക്സഭാ നേതാവ് ബസുദേവ് ആചാര്യ മത്സരിക്കുന്ന ബാങ്കുറയില്‍ ആറ് ബൂത്ത് പിടിച്ചെടുത്തു. എപ്രില്‍ 30ന്റെ വോട്ടെടുപ്പിലും വ്യാപകമായ ബൂത്തുപിടിത്തവും കൃത്രിമവും നടന്നിരുന്നു. എന്നാല്‍, റീപോളിങ്ങിന് ഉത്തരവിടാന്‍ തെരഞ്ഞെടുപ്പു കമീഷന്‍ തയ്യാറായിട്ടില്ല. റീപോളിങ് നടത്തി അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു.

ബംഗാളില്‍ തെര. കമീഷന്റെ ഉറപ്പുകള്‍ വെറുതെയായി

കൊല്‍ക്കത്ത: നീതിപൂര്‍വം പോളിങ് നടത്തുമെന്ന തെരഞ്ഞെടുപ്പു കമീഷന്റെ ഉറപ്പ് വീണ്ടും വൃഥാവിലായി. ബംഗാളില്  ബുധനാഴ്ച നടന്ന നാലാംഘട്ട വോട്ടെടുപ്പിലും വന്‍ അക്രമം അരങ്ങേറി. അക്രമത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. ബൂത്തുകള്‍ സന്ദര്‍ശിക്കുന്നതിനിടെ ബാങ്കുറയിലെയും മിഡ്നാപുരിലെയും ഇടതുമുന്നണി സ്ഥാനാര്‍ഥികളായ ബസുദേവ് ആചാര്യ, പ്രമോദ് പാണ്ഡ, അസന്‍സോളിലെ ബിജെപി സ്ഥാനാര്‍ഥി ബാബുള്‍ സുപ്രിയ എന്നിവരെ തൃണമൂലുകാര്‍ തടഞ്ഞുവച്ചു. പലയിടത്തും കേന്ദ്രസേനയെ നോക്കുകുത്തിയാക്കി പോളിങ് ഉദ്യോഗസ്ഥരും പൊലീസും തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പരസ്യമായി തൃണമൂലുകാര്‍ക്ക് ഒത്താശചെയ്തു. എല്ലാ ബൂത്തിലും കേന്ദ്രസേനയെ നിയോഗിക്കുമെന്ന് കമീഷന്‍ ഉറപ്പുനല്‍കുകയും അതിനായി കൂടുതല്‍ സേനയെ അയക്കുകയും ചെയ്തെങ്കിലും അനേകം ബൂത്തുകളില്‍ സേനയുടെ സാന്നിധ്യമുണ്ടായില്ല. ഇടതുമുന്നണിയുടെയും പ്രതിപക്ഷ സ്ഥാനാര്‍ഥികളുടെയും ഏജന്റുമാരെ മര്‍ദിച്ച് ഇറക്കിവിട്ട് വ്യാപകമായി കള്ളവോട്ട് ചെയ്യുകയായിരുന്നു. പലയിടങ്ങളിലും തൃണമൂല്‍ നേതാക്കളാണ് അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ബിഷ്ണുപുരില്‍ 124 ബൂത്ത് കൈയേറി. അസന്‍സോളില്‍ 66 ബൂത്ത് പിടിച്ചെടുത്തു. ഇടതുമുന്നണിക്ക് സ്വധീനമുള്ള ഗ്രാമങ്ങളില്‍നിന്ന് ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിച്ചില്ല. പലയിടങ്ങളിലും തൃണമൂല്‍ അക്രമം ചെറുക്കാന്‍ പൊലീസ് ലാത്തിവീശി. പുരുളിയയില്‍ അക്രമം തടയാന്‍ പൊലീസ് വെടിവച്ചു. 80 ശതമാനത്തിലധികം പോളിങ് നടന്നതായാണ് കമീഷന്റെ പ്രാഥമിക കണക്ക്.

ഗോപി deshabhimani

No comments:

Post a Comment