Thursday, May 8, 2014

രാജ്യത്തെ ഏറ്റവും ദരിദ്രരായ തൊഴിലാളികള്‍ ഗുജറാത്തില്‍

രാജ്യത്ത് തൊഴിലാളികള്‍ക്ക് ഏറ്റവും കുറഞ്ഞ കൂലി കിട്ടുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഗുജറാത്ത് മുന്നില്‍. നരേന്ദ്രമോഡി ഊറ്റംകൊള്ളുന്ന ഗുജറാത്ത് മാതൃക തൊഴിലാളികളുടെ കൂലിയുടെ കാര്യത്തില്‍ സമ്പൂര്‍ണ പരാജയമാണെന്ന് ഇതുസംബന്ധിച്ച് നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട 2011-12 വര്‍ഷത്തെ കണക്കുകള്‍ തെളിയിക്കുന്നു. സാമ്പത്തികമായി മുന്നിട്ടുനില്‍ക്കുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാണ് ഗുജറാത്ത് എങ്കിലും താല്‍ക്കാലിക തൊഴിലാളികളുടെ കൂലിയുടെ കാര്യത്തില്‍ 28 സംസ്ഥാനങ്ങളില്‍ 26-ാം സ്ഥാനത്താണ് ഗുജറാത്ത്. സ്ഥിരം തൊഴിലാളികളുടെ കൂലിയില്‍ അവസാന സ്ഥാനത്തും. രാജ്യത്തെ തൊഴിലാളികളില്‍ ഏറ്റവും ദരിദ്രര്‍ ഗുജറാത്തിലെ തൊഴിലാളികളാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

2011-2012ല്‍ ഗുജറാത്തിന്റെ പ്രതിശീര്‍ഷ മൊത്ത ആഭ്യന്തരവരുമാനം 57,447 രൂപയാണ്. രാജ്യത്തിന്റെ പ്രതിശീര്‍ഷ മൊത്ത ആഭ്യന്തരവരുമാനം 37,643 രൂപയായിരിക്കെയാണ് ഗുജറാത്തിന്റെ വരുമാന വളര്‍ച്ച. സാധാരണനിലയില്‍ സാമ്പത്തികവളര്‍ച്ച വേതന നിരക്ക് വര്‍ധനയ്ക്കും തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനും ഇത് കാരണമാവുമെങ്കിലും ഗുജറാത്തില്‍ സ്ഥിതി മറിച്ചാണ്. ഇവിടെ ഗ്രാമപ്രദേശങ്ങളിലെ പുരുഷന്മാരായ താല്‍ക്കാലിക തൊഴിലാളികളുടെ ശരാശരി പ്രതിദിന വരുമാനം 116 രൂപമാത്രം. ദേശീയ ശരാശരിയായ 149 രൂപയേക്കാള്‍ എത്രയോ താഴെ.
ഗുജറാത്തിലെ തൊഴിലാളിസമൂഹത്തിന്റെ 33 ശതമാനവും താല്‍ക്കാലിക തൊഴിലാളികളാണ്. ബാക്കി പത്ത് ശതമാനം സ്ഥിരം തൊഴിലാളികളും 57 ശതമാനം സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടവരും. നഗരങ്ങളില്‍ 49.5 ശതമാനം സ്ഥിരംതൊഴില്‍ ചെയ്യുന്നവരും 8.9 താല്‍ക്കാലികതൊഴില്‍ ചെയ്യുന്നവരും 41.7 ശതമാനം പേര്‍ സ്വയംതൊഴില്‍ ചെയ്യുന്നവരുമാണ്.

നഗരത്തിലെ താല്‍ക്കാലിക തൊഴിലാളികള്‍ക്ക് ലഭിക്കുന്ന കൂലിയുടെ കാര്യത്തിലും ഏറ്റവും പുറകിലാണ് ഗുജറാത്ത്. ഇന്ത്യയില്‍ നഗരങ്ങളിലെ താല്‍ക്കാലിക തൊഴിലാളികളുടെ ശരാശരി വരുമാനം 470 രൂപയാവുമ്പോള്‍ ഗുജറാത്തില്‍ ഇത് 326 മാത്രം. പ്രതിശീര്‍ഷ വരുമാനത്തിന്റെ കാര്യത്തില്‍ കേരളം, തമിഴ്നാട്, ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളും ഗുജറാത്തിനൊപ്പം മുന്‍നിരയിലുണ്ട്. ഗ്രാമങ്ങളിലെ തൊഴിലാളിക്ക് ഏറ്റവും കൂടുതല്‍ കൂലി ലഭിക്കുന്നത് കേരളത്തിലും തമിഴ്നാട്ടിലുമാണ്. നഗരങ്ങളിലെ കൂലി കേരളം, ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഇന്ത്യന്‍ ശരാശരിയേക്കാള്‍ കൂടുതലാണ്. സാമ്പത്തികമായി മുന്നോക്കം നില്‍ക്കുമ്പോഴും തൊഴിലാളികള്‍ക്ക് ഏറ്റവും കുറഞ്ഞ കൂലി നല്‍കുന്ന ഏകസംസ്ഥാനം ഗുജറാത്താണ്. അതിവേഗത്തിലുള്ള സാമ്പത്തികവളര്‍ച്ച ഗുജറാത്തിലെ തൊഴിലാളികള്‍ക്ക് ഒരു വിധത്തിലും ഗുണംചെയ്തിട്ടില്ല. തൊഴില്‍മേഖലയിലെ വളര്‍ച്ച അപര്യാപ്തമാണെന്നതിനുള്ള തെളിവാണിത്. ഭരണവര്‍ഗത്തിന്റെ കോര്‍പറേറ്റ് സ്നേഹവും മൂലധനശക്തികളുടെ അനിയന്ത്രിതമായ ഇടപെടലും തൊഴിലാളികളുടെ മാറാത്ത അവസ്ഥയ്ക്ക് കാരണമാണ്.

deshabhimani

No comments:

Post a Comment