Thursday, May 8, 2014

കാലാവധി 50 വര്‍ഷം; ഇപ്പോള്‍ 119

ഇടുക്കി: കേന്ദ്രത്തിന്റെ ഏകപക്ഷീയ നിലപാടുമൂലം വ്യവഹാരകുരുക്കുകളും വിവാദങ്ങളും അണകെട്ടിനില്‍ക്കുന്ന മുല്ലപ്പെരിയാര്‍ എന്നും വിവാദച്ചുഴിയില്‍. പാട്ടക്കരാര്‍ 128വര്‍ഷം പിന്നിട്ട് മുല്ലപ്പെരിയാര്‍ അണക്കെട്ട് 119 വയസ്സിലെത്തുമ്പോഴും കനത്ത ആശങ്കയും ഒപ്പം വിവാദങ്ങളുമാണ് ബാക്കി.

തമിഴ്നാട് ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 1886 ഒക്ടോബര്‍ 29നാണ് പെരിയാര്‍ നദിക്ക് കുറുകെ അണക്കെട്ട് നിര്‍മിക്കാന്‍ പാട്ടക്കരാര്‍ ഒപ്പിട്ടത്. തിരുവിതാംകൂറിനുവേണ്ടി ദിവാന്‍ രാമയ്യങ്കാറും ബ്രിട്ടീഷ് പ്രസിഡന്‍സിക്കായി മദിരാശി സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ ചൈല്‍ഡ് ഹാനിങ്ടണും ഒപ്പിട്ടു. വ്യവസ്ഥപ്രകാരം 8,000 ഏക്കര്‍സ്ഥലം ഏക്കറിന് അഞ്ചു രൂപ കണക്കില്‍ വര്‍ഷം 40,000 രൂപവച്ച് 999 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിക്കൊണ്ടുള്ളതാണ് കരാര്‍. 1895ല്‍ ഡാം നിര്‍മാണം പൂര്‍ത്തിയായി. 155 അടിയാണ് അണക്കെട്ടിന്റെ ഉയരം. താഴെ 115.57 അടിയും മുകളില്‍ 12 അടി വീതിയിലും ചുണ്ണാമ്പ്, സുര്‍ക്കി, കല്ല് എന്നിവ കൊണ്ട് നിര്‍മിക്കാന്‍ പദ്ധതി തയാറാക്കി. 42.26 ലക്ഷം രൂപയായിരുന്നു നിര്‍മാണ ചെലവ്. അക്കാലത്തെ ലോകത്തിലെ ഉയരം കൂടിയ അണക്കെട്ടുകളില്‍ ഒന്നായിരുന്നു ഇത്.

നിര്‍മാണ വേളയില്‍ 50വര്‍ഷം ആയുസ്സ് കല്‍പ്പിച്ച അണക്കെട്ട് 119 പിന്നിട്ടിരിക്കുകയാണ്. സ്വാതന്ത്ര്യത്തിന് ശേഷം 1958, "60, "69 വര്‍ഷങ്ങളില്‍ തമിഴ്നാട്-കേരള മുഖ്യമന്ത്രിമാര്‍ പുതിയ കരാറിനായി ചര്‍ച്ച നടത്തി. എന്നാല്‍ ധാരണയായില്ല. 1970ല്‍ മുഖ്യമന്ത്രി അച്യുതമേനോന്റെ കാലത്താരംഭിച്ച ചര്‍ച്ച കരാറിലെത്തി. പഴയകരാറില്‍ കാതലായ മാറ്റം ഇല്ലാതെ അനുബന്ധകരാര്‍ കൂടി വച്ചു. രാജഭരണകാലത്തുണ്ടാക്കിയ ഈ കരാര്‍ 1970ല്‍ പുതുക്കിയതോടെ പെരിയാര്‍ജലം പൂര്‍ണമായി തമിഴ്നാടിലേക്കൊഴുകി. വിവേചനപരമായ പലവസ്തുതകളും ഉള്‍പ്പെട്ട മുല്ലപ്പെരിയാര്‍ കരാര്‍ വീണ്ടും പുതുക്കണമെന്ന ആവശ്യം പിന്നീട് ശക്തമായപ്പോള്‍ തമിഴ്നാടിന്റെ എതിര്‍പ്പിന്റെ മുന്നില്‍ കേന്ദ്രം തലകുനിച്ചു. 155അടിയുള്ള അണക്കെട്ടിലെ ജലസംഭരണശേഷി ആദ്യം 152അടിയായിരുന്നു. ഡാമില്‍ ചോര്‍ച്ചയുണ്ടായ 1964ല്‍ സുരക്ഷാപ്രശ്നം ചര്‍ച്ചയായപ്പോള്‍ കേന്ദ്ര ജല കമീഷന്‍ അണക്കെട്ട് സന്ദര്‍ശിച്ച് ജലനിരപ്പ് 146 അടിയായി കുറച്ചു. അതും തമിഴ്നാട് എതിര്‍ത്തു. ഡാമിന്റെ ബലം ക്ഷയിക്കുകയും 1979ല്‍ ഗുജറാത്തിലെ മോര്‍ബിഡാം തകരുകയും ചെയ്തപ്പോള്‍ കേന്ദ്രജല കമീഷന്‍ ചെയര്‍മാന്‍ ഡോ. കെ സി തോമസ് 1979ല്‍ അണക്കെട്ട് സന്ദര്‍ശിക്കുകയും ജലനിരപ്പ് 136അടിയായി നിലനിര്‍ത്തണമെന്നും പുതിയ ഡാം നിര്‍മിക്കണമെന്നും നിര്‍ദേശിച്ചു. 1996 ഒക്ടോബര്‍ 15ന് ഡല്‍ഹിയില്‍ നടന്ന അന്തര്‍സംസ്ഥാന കൗണ്‍സിലില്‍ കേരളത്തിന്റെ ആവശ്യം അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാര്‍ ഉന്നയിച്ചു. നിലവിലുള്ള ഡാം ബലപ്പെടുത്തുകയോ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പുതിയ ഡാം നിര്‍മിക്കുകയോ വേണമെന്നായിരുന്നു സമിതി നിര്‍ദേശം. എന്നാല്‍ ജലനിരപ്പ് ഉയര്‍ത്തുന്നതിന് സുബ്രഹ്മണ്യംസ്വാമി ഡിഎംകെയുടെയും ബിജെപിയുടെയും തമിഴ്നാട് കോണ്‍ഗ്രസിന്റെയും സഹായത്തോടെ സുപ്രീംകോടതിയില്‍ കേസ് ഫയല്‍ചെയ്തു. കോടതിയില്‍ കേസ് നിലനില്‍ക്കെ ഉഭയകക്ഷിചര്‍ച്ചയിലൂടെയും വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ പരിഹാരം കാണാന്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം നിയമവകുപ്പ് തേടിയപ്പോഴും കേന്ദ്രം കേരളത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചില്ല. എന്നാല്‍ ജലനിരപ്പ് 142 അടിയായും ഡാം ബലപ്പെടുത്തിയശേഷം 152 അടിയായും ഉയര്‍ത്തണമെന്ന 2006 ഫെബ്രുവരിയില്‍ സുപ്രീംകോടതി വിധി വന്നത് കേരളം ഫലപ്രദമായി ഇടപെടാത്തതിനെ തുടര്‍ന്നായിരുന്നു. തുടര്‍ന്ന് എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ സ്ഥിതിയില്‍ മാറ്റംവന്നു. സുപ്രീംകോടതിയില്‍ നിലവിലുള്ള കേസ് സമര്‍ഥമായി വാദിക്കുന്നതിന് മികച്ച അഭിഭാഷകരെ നിയോഗിച്ചു. വിദഗ്ധസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതിയ ഡാമെന്ന ആവശ്യം വീണ്ടുംശക്തിപ്പെട്ടപ്പോള്‍ മുഖ്യമന്ത്രിമാരുടെ യോഗം ഡല്‍ഹിയില്‍ വിളിച്ചെങ്കിലും തമിഴ്നാട് വിയോജിച്ചു. തമിഴ്നാടിന്റെ രാഷ്ട്രീയ സ്വാധീനത്തെ തുടര്‍ന്ന് കേന്ദ്രം പ്രശ്നത്തില്‍ മൗനം ഭജിച്ചു. പിന്നീട് പുതിയ ഡാം സുരക്ഷാനിയമം കേരളം പാസാക്കി. മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള ഡാമുകളുടെ സുരക്ഷകൂടി കണക്കിലെടുത്തായിരുന്നു നിയമം. കേരളത്തിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന്് മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ശാശ്വത പരിഹാരം നിര്‍ദേശിക്കാന്‍ സുപ്രീംകോടതി ജസ്റ്റീസ് എ എസ് ആനന്ദ് ചെയര്‍മാനായുള്ള ഉന്നതാധികാര സമിതിയെ 2010 ഫെബ്രുവരി 18ന് നിയോഗിച്ചു. കേരളത്തിന്റെ പ്രതിനിധി കെ ടി തോമസായിരുന്നു. എന്നാല്‍ ഉന്നതാധികാര റിപ്പോര്‍ട്ടും കേരളത്തിനെതിരായി.

കെ ടി രാജീവ്

ജലനിരപ്പ് 142 അടിയാക്കിയാല്‍ 5.68 ചതുരശ്ര കി.മീറ്റര്‍ വെള്ളത്തിലാകും

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136ല്‍നിന്ന് 142 അടിയായി ഉയര്‍ത്തുന്നതോടെ 5.68 ചതുരശ്ര കിലോമീറ്റര്‍ വനപ്രദേശം ഉള്‍പ്പെടുന്ന മേഖല വെള്ളത്തിലാകും. പെരിയാര്‍ കടുവാ സങ്കേതത്തിലുള്‍പ്പെട്ട വനമേഖലയാണ് അധികമായും വെള്ളത്തിലാകുന്നത്. ജലനിരപ്പ് ഉയര്‍ത്തുന്നത് ജനവാസ മേഖലയേയും ബാധിക്കും. 2001ല്‍ സംയുക്ത ശാസ്ത്രസംഘം നടത്തിയ പഠനത്തില്‍ ജലനിരപ്പ് ഉയര്‍ത്തുന്നതോടെ നിരവധി ഏക്കര്‍ വനമേഖല വെള്ളത്തിലാകുമെന്നും ഇത് സസ്യജാലങ്ങളുടെയും വനത്തിന്റെയും അപൂര്‍വങ്ങളായ ജീവികളുടെയും നാശത്തിന് ഇടയാക്കുമെന്നും സംഘം കണ്ടെത്തിയിരുന്നു. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ദി ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, സിഡബ്ല്യൂആര്‍ഡി മാനേജ്മെന്റ് ആന്‍ഡ് സലിം അലി സെന്റര്‍ ഫോര്‍ ഓര്‍ണിറ്റോളജി നാച്ചുറല്‍ ഹിസ്റ്ററി സ്റ്റഡീസ് എന്നിവയിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്.

1895ല്‍ നിര്‍മിച്ച മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ തുടക്കത്തിലെ ജലനിരപ്പ് 155 അടിയായിരുന്നു. അണക്കെട്ടില്‍ 155 അടി ഉയരത്തില്‍ പൂര്‍ണ അളവില്‍ വെള്ളം നിറഞ്ഞാല്‍ 648 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തായി വെള്ളത്തിന്റെ ഉപരിതല വിസ്തൃതി വ്യാപിക്കും. 1979ലാണ് കേന്ദ്ര ജലകമീഷന്‍ നിര്‍ദേശത്തെ തുടര്‍ന്ന് അവസാനമായി ജലനിരപ്പ് 136 അടിയാക്കി കുറച്ചത്. 155ല്‍നിന്ന് 136 അടിയിലേക്ക് ജലനിരപ്പ് കുറഞ്ഞതോടെ ജലപ്പരപ്പിന്റെ അളവില്‍ 11.219 ചതുരശ്ര കിലോമീറ്ററിന്റെ കുറവുണ്ടായി. ഈ പ്രദേശങ്ങളില്‍ കഴിഞ്ഞ അരനൂറ്റാണ്ടിനിടെ സസ്യജാലങ്ങളും വൃക്ഷങ്ങളും വളരാനിടിയായിട്ടുണ്ട്. അതോടൊപ്പം കുമളി ടൗണിന് സമീപത്തുള്ള ചില പ്രദേശങ്ങളില്‍നിന്ന് വെള്ളം ഇറങ്ങിയതോടെ ഇവിടങ്ങളില്‍ ജനവാസവും ആരംഭിച്ചു. എന്നാല്‍, ഈ പഠനത്തെയും തമിഴ്നാട് ചെറുതാക്കി കാട്ടി. പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ആകെയുള്ള വനഭൂമിയില്‍ 1.4 ശതമാനമേ അധികമായി വെള്ളത്തിലാകൂ എന്നാണ് തമിഴ്നാട് അവകാശപ്പെട്ടത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ആകെ വൃഷ്ടിപ്രദേശം 5398 ചതുരശ്ര കിലോമീറ്ററാണ് ഇതില്‍ രണ്ട് ശതമാനം മാത്രമാണ് തമിഴ്നാടിന്റേതായുള്ളത്.

കെ എ അബ്ദുള്‍ റസാഖ്

കേരളത്തിന്റെ ഏകസ്വരം കേട്ടില്ല

തിരു: ഒരുനാടിന്റെ ജീവനും സ്വത്തിനുമെതിരെ ഉയരുന്ന ഭീഷണിക്ക് പരിഹാരം വേണമെന്ന കേരളത്തിന്റെ ഏകസ്വരത്തിലുള്ള ആവശ്യമാണ് സുപ്രീംകോടതി അവഗണിച്ചത്. തുടര്‍ച്ചയായി ഉണ്ടാകുന്ന ഭൂകമ്പഭീഷണിയും അണക്കെട്ടിന്റെ കാലപ്പഴക്കംമൂലമുള്ള ആശങ്കയും പരിഗണിച്ച നിയമസഭ തന്നെ ഏകകണ്ഠമായാണ് പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചത്. നിലവിലെ ജലനിരപ്പ് 120 അടിയാക്കി താഴ്ത്തണമെന്നും നിയമസഭ ആവശ്യപ്പെട്ടിരുന്നു. ലക്ഷക്കണക്കിന് ജനങ്ങളുടെ സുരക്ഷയെക്കുറിച്ച് വിശദമായി ചര്‍ച്ചചെയ്തശേഷമാണ് നിയമസഭ ഈ ആവശ്യമുന്നയിച്ചത്. "തമിഴ്നാടിന് വെള്ളം കേരളത്തിന് സുരക്ഷ" എന്ന പ്രഖ്യാപിതനയത്തില്‍ അടിയുറച്ചുനിന്നുള്ള പോംവഴിയാണ് നിര്‍ദേശിച്ചത്. തമിഴ്നാടിനു നല്‍കുന്ന അതേ അളവില്‍ വെള്ളം ലഭ്യമാക്കാന്‍ കേരളം പ്രതിജ്ഞാബദ്ധമാണെന്നും നിയമസഭ ഉറപ്പുനല്‍കി. തമിഴ്നാടുമായുള്ള നല്ല ബന്ധം തുടര്‍ന്നുകൊണ്ടുതന്നെ കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ആഗ്രഹമാണ് സംസ്ഥാനം മുന്നോട്ടുവച്ചത്. എന്നാല്‍, കേരളത്തിലെ ജനങ്ങളുടെ സുരക്ഷയെന്ന ആവശ്യം അംഗീകരിക്കാന്‍ തമിഴ്നാട് ഇനിയും തയ്യാറായിട്ടില്ലെന്നതാണ് സത്യം.

118 വര്‍ഷത്തോളം പഴക്കമുള്ള അണക്കെട്ടിന്റെ മുകളിലെ 16 മീറ്റര്‍ ഭാഗത്താണ് ഏറ്റവുംകൂടുതല്‍ ചോര്‍ച്ച കണ്ടെത്തിയിട്ടുള്ളത്. ഇതിനാലാണ് ജലനിരപ്പ് 120 അടിയായി കുറയ്ക്കണമെന്ന ആവശ്യം കേരളം മുന്നോട്ടുവച്ചത്. അണക്കെട്ടിന്റെ നടത്തിപ്പുചുമതല തമിഴ്്നാടിനായതിനാല്‍ സംഭരണശേഷി കുറയ്ക്കുന്നതിന് സുപ്രീംകോടതിയുടെ ഇടപെടല്‍ കേരളം ആവശ്യപ്പെട്ടു. അണക്കെട്ടിനെ ബലപ്പെടുത്താനുള്ള തമിഴ്നാടിന്റെ നടപടികളൊന്നും ഫലവത്താകാത്തതിനാലാണ് പുതിയ അണക്കെട്ട് എന്ന ആവശ്യവും ഉന്നയിച്ചത്. ഇക്കാര്യത്തില്‍ ഒരു രാഷ്ട്രീയ തീരുമാനമെടുക്കാനുള്ള ഇച്ഛാശക്തി കേന്ദ്രസര്‍ക്കാര്‍ കാട്ടിയതുമില്ല. പുതിയ അണക്കെട്ട് വേണമെന്ന ആവശ്യം ആദ്യമായി ഉന്നയിച്ചത് സെന്‍ട്രല്‍ വാട്ടര്‍ കമീഷനാണ്. അണക്കെട്ടിന് ബലമുണ്ടെന്നും ജലനിരപ്പ് 136 അടി എന്നത് 142 ആയും പിന്നീട് 152 ആയും ഉയര്‍ത്താമെന്ന് സുപ്രീംകോടതി വിധിവന്നത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു. പിന്നീട് എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്ത സമീപനത്തിലും ഇടപെടലിലുമാണ് കേസ് ഭരണഘടനാ ബഞ്ചിന് വിടാനുള്ള സുപ്രീംകോടതിയുടെ തീരുമാനം വന്നത്.

ജി രാജേഷ്കുമാര്‍

പെരിയാര്‍ ഇനി അന്തര്‍സംസ്ഥാന നദി

ന്യൂഡല്‍ഹി: പെരിയാര്‍ ഇനി തമിഴ്നാടിനു കൂടി അവകാശം ഉന്നയിക്കാവുന്ന അന്തര്‍സംസ്ഥാന നദി. കേരളത്തില്‍ ഉത്ഭവിച്ച് കേരളത്തിലൂടെമാത്രം ഒഴുകി അറബിക്കടലില്‍ ചേരുന്ന പെരിയാര്‍ അന്തര്‍സംസ്ഥാന നദിയല്ലെന്ന കേരളത്തിന്റെ വാദം സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് നിരാകരിച്ചു. പെരിയാര്‍ജലം കേരളത്തിനുമാത്രം അവകാശപ്പെട്ടതാണെന്ന് സ്ഥാപിക്കാനായിരുന്നു അന്തര്‍സംസ്ഥാന നദിയല്ലെന്ന വാദം സംസ്ഥാനം ഉയര്‍ത്തിയത്. എന്നാല്‍, മുന്‍കാലങ്ങളില്‍ പെരിയാറിനെ അന്തര്‍സംസ്ഥാന നദിയായി കേരളംതന്നെ നിര്‍വചിച്ചത് തിരിച്ചടിയായി. പെരിയാറിന്റെ വൃഷ്ടിപ്രദേശത്തിന്റെ ഒരു ഭാഗം തമിഴ്നാട്ടിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളത്തിന്റെ വാദം കോടതി തള്ളിയത്.

അന്തര്‍സംസ്ഥാന നദീജല തര്‍ക്കങ്ങളില്‍ സുപ്രീംകോടതിയുടെ ഇടപെടലിന് തടസ്സമാകുന്ന ഭരണഘടന 262-ാം വകുപ്പിന്റെ 11-ാം ഉപവകുപ്പ് കേരളം നേരത്തെ പലപ്പോഴും കോടതിയില്‍ ഉന്നയിച്ചിരുന്നു. പെരിയാര്‍ അന്തര്‍സംസ്ഥാന നദിയാണെന്ന ധ്വനിയിലാണ് കേരളം ഈ വാദം നേരത്തെ ഉന്നയിച്ചിട്ടുള്ളതെന്ന് കോടതി നിരീക്ഷിച്ചു. പെരിയാര്‍ നദീതടത്തിന്റെ ഭൂപടത്തില്‍ 114 കിലോമീറ്റര്‍ പ്രദേശം തമിഴ്നാട്ടിലാണെന്നത് വ്യക്തമാണെന്നും കോടതി പറഞ്ഞു. ഇത് ചെറിയൊരു അളവ് മാത്രമാണെങ്കിലും അന്തര്‍സംസ്ഥാന നദിയെന്ന പദവിക്ക് ധാരാളമാണ്. കേരളത്തിന്റെ സാക്ഷിയായ എം കെ പരമേശ്വരന്‍നായരും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. അന്തര്‍സംസ്ഥാന നദിയല്ലെന്ന് സ്ഥാപിക്കാനുള്ള ബാധ്യത കേരളത്തിന്റേതാണ്. കോടതിക്ക് തൃപ്തികരമാകുംവിധം ഇതിന് കേരളത്തിനായില്ല- കോടതി വ്യക്തമാക്കി.

deshabhimani

No comments:

Post a Comment