Sunday, May 4, 2014

വയനാട്ടിലെ ഭൂരഹിതരെ ഒഴിപ്പിക്കരുത്: കെഎസ്കെടിയു

തിരു: വയനാട്ടിലെ ഭൂരഹിതരെ ഒഴിപ്പിക്കാനുള്ള നീക്കത്തില്‍ സര്‍ക്കാര്‍ പിന്മാറണമെന്ന് കെഎസ്കെടിയു ആവശ്യപ്പെട്ടു.

ജില്ലയിലെ അരപ്പറ്റ, പൊഴുതന, തൃക്കൈപ്പറ്റ പ്രദേശങ്ങളില്‍ ഒന്നരവര്‍ഷമായി കുടലുകെട്ടി താമസിക്കുകയും കൃഷിയിറക്കുകയും ചെയ്ത പട്ടികജാതി- പട്ടികവര്‍ഗ്ഗക്കാര്‍ ഉള്‍പ്പെടെ 350 ഓളം കുടുംബങ്ങളെ ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കാനുള്ള നീക്കം അംഗീകരിക്കില്ല. 2013 ജനുവരി ഒന്നിന് കേരളത്തില്‍ ഭൂരഹിതരായ കര്‍ഷകരും കര്‍ഷകതൊഴിലാളികളും ആദിവാസിക്ഷേമസമിതിയും പട്ടികജാതി ക്ഷേമസമിതിയും ആരംഭിച്ച സമരത്തിന്റെ ഭാഗമായാണ് ഭൂരഹിത കര്‍ഷകതൊഴിലാളികള്‍ തരിശുകിടക്കുന്ന ഭൂമിയില്‍ കുടില്‍കെട്ടി താമസം ആരംഭിച്ചത്. കുടുംബസമേതം താമസിക്കുന്ന ഭൂരഹിതരെ ഒഴിപ്പിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്. 2013 ജനുവരി 16 ന് സമരസമിതിയുമായുണ്ടാക്കിയ ഒത്തുതീര്‍പ്പ് പ്രകാരം, 2013 ആഗസ്ത് 30നകം മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഒത്തുതീര്‍പ്പ് വ്യവസ്ഥ നടപ്പാക്കന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇപ്പോള്‍ കുടിലുകെട്ടി താമസിക്കുന്ന ഭൂമിയില്‍ എച്ച്എംഎല്‍ കമ്പനിക്ക് അവകാശമില്ലെന്ന് കോടതി പലവട്ടം പറഞ്ഞതാണ്.

ലണ്ടനില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനമായ എച്ച്എംഎല്‍ കമ്പനിക്ക് ഭൂപരിഷ്കരണനിയമത്തിന്റെ ആനുകൂല്യം ലഭിക്കാന്‍ അര്‍ഹതയില്ല. അവരുടെ പാട്ട കാലാവധി കഴിഞ്ഞതുമാണ്. നിയമവിരുദ്ധമായി എച്ച്എംഎല്‍ കമ്പനി കൈവശം വെച്ച മുഴുവന്‍ ഭൂമിയും പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍, പാവങ്ങളെ ഒഴിപ്പിക്കാന്‍ നടത്തുന്ന നീക്കം വഞ്ചനയാണ്. ആദിവാസികള്‍ക്ക് വിതരണം ചെയ്യാന്‍ മാറ്റിവെച്ചതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയ കൃഷ്ണഗിരിയിലെ ഭൂമി എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ കൈയേറി കൈവശംവെച്ചതുള്‍പ്പെടെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി സര്‍ക്കാര്‍ പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണം. കുടിലുകെട്ടി താമസിക്കുന്നവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുകപോലും ചെയ്യാതെ ഏകപക്ഷീയമായി ഒഴിപ്പിക്കാന്‍ വിധി പ്രസ്താവിച്ച ഹൈക്കോടതി നിലപാട് സര്‍ക്കാരിനെ സഹായിക്കുന്നതാണ്. പാവങ്ങളെ തെരുവിലേക്കിറക്കിവിടാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ത്താന്‍ സംസ്ഥാനകമ്മറ്റി തീരുമാനിച്ചു. ബി രാഘവന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദന്‍ സംസാരിച്ചു.

deshabhimani

No comments:

Post a Comment