Friday, May 9, 2014

മിഷന്‍ 676 പുതിയതല്ല: മുഖ്യമന്ത്രി

സംസ്ഥാന സര്‍ക്കാരിന്റെ അവശേഷിക്കുന്ന 376 ദിവസങ്ങള്‍ ലക്ഷ്യമിട്ട് നടപ്പാക്കുന്ന "മിഷന്‍ 676" പദ്ധതിയില്‍ പുതിയതായി ഒന്നുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നേരത്തെ പ്രഖ്യാപിച്ച പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനാണ് മിഷന്‍ 676 എന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അവശേഷിക്കുന്ന ദിവസങ്ങളില്‍ നടപ്പാക്കുന്നതിനായി മിഷന്‍ 676 എന്ന പേരില്‍ പുതിയ പദ്ധതികള്‍ നടപ്പാക്കുമെന്നായിരുന്നു രണ്ടാഴ്ച മുമ്പ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. കഴിഞ്ഞ ആഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലും ഇത് ആവര്‍ത്തിച്ചു. സാമ്പത്തികമായും അല്ലാതെയുമുള്ള പ്രായോഗിക വശങ്ങള്‍ പരിശോധിച്ച് ഓരോ മന്ത്രിമാരും അതാത് വകുപ്പില്‍ നടപ്പാക്കാന്‍ കഴിയുന്നവ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്നും അതനുസരിച്ച് പുതിയ പദ്ധതി പ്രഖ്യാപിക്കുമെന്നുമായിരുന്നു നേരത്തെ പറഞ്ഞത്. ഇതിനായി വ്യാഴാഴ്ച പ്രത്യേക മന്ത്രിസഭായോഗവും ചേര്‍ന്നു. ഇതിനുശേഷമാണ് എല്ലാം പഴയതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിന്റെ തുടക്കത്തില്‍ തന്നെ ഏറ്റുപറഞ്ഞത്.

ഏറ്റവും പ്രധാനപ്പെട്ടവ നവരത്നപദ്ധതികള്‍ എന്ന പേരില്‍ അറിയപ്പെടുമെന്നാണ് ഉമ്മന്‍ചാണ്ടി പഞ്ഞത്. കൊച്ചി മെട്രോ, സ്മാര്‍ട്ട് സിറ്റി, വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം, ദേശീയജലപാത, തിരുവനന്തപുരം, കൊച്ചി മെട്രോ റെയില്‍, സമര്‍ബ റെയില്‍വേ, ദേശീയപാത ഉപരിതലഗതാഗത വികസനം, വിദ്യാര്‍ഥി-സംരംഭക പദ്ധതികള്‍ എന്നിവയാണിവ. ഇതില്‍ ആദ്യ അഞ്ചെണ്ണം കഴിഞ്ഞ എല്‍ഡിഎഫ് കാലത്തേ ഉള്ള പദ്ധതികളാണ്. ആറാമത്തെ പദ്ധതി രണ്ടുവര്‍ഷംമുമ്പാണ് പ്രഖ്യാപിച്ചത്. ദേശീയപാതാ വികസനത്തില്‍നിന്നും ഏറെ പിന്നോട്ട് പോവുകയും ചെയ്തു. വികസനക്ഷേമ പദ്ധതികള്‍ എന്ന പേരില്‍ 30 എണ്ണമാണ് പറയുന്നത്. ഇതിലും ഒന്നുപോലും പുതിയതില്ല. എല്ലാവര്‍ക്കും കുടിവെള്ളം, വീട്, ഭൂരഹിതരില്ലാത്ത കേരളം, സമ്പൂര്‍ണ വൈദ്യുതീകരണം, നിത്യോപയോഗ സാധനങ്ങള്‍ ന്യായവിലയ്ക്ക് തുടങ്ങി ഈ സര്‍ക്കാര്‍ വന്നശേഷം അലങ്കോലമാക്കിയതാണ് ഈ മുപ്പതില്‍ ഇരുപത്തഞ്ചും. താറുമാറായ സേവനാവകാശം, ഇ-ഗവേണന്‍സ്, കെട്ടിക്കിടക്കുന്ന ഫയല്‍ തീര്‍പ്പാക്കല്‍ തുടങ്ങിയവ കാര്യക്ഷമമായ സേവനം എന്ന പേരില്‍ വീണ്ടും പ്രഖ്യാപിച്ചു.

നേരത്തെ പ്രഖ്യാപിച്ച നൂറുദിന കര്‍മ പരിപാടികള്‍, സപ്തധാരാ പദ്ധതി, സാംപിത്രോഡയെ കൊണ്ടുവന്ന് കൊട്ടിഘോഷിച്ച പത്തിന പരിപാടി, വിഷന്‍ 2030, എയര്‍ കേരള, അതിവേഗ റെയില്‍പാത തുടങ്ങിയവയെക്കുറിച്ചൊന്നും മുഖ്യമന്ത്രിക്ക് വ്യക്തമായ മറുപടിയില്ല. എമര്‍ജിങ് കേരളയെക്കുറിച്ചുള്ള ചോദ്യത്തിന് 200ല്‍ അധികം കമ്പനികള്‍ പ്രവര്‍ത്തനം തുടങ്ങിയെന്ന അവകാശവാദമായിരുന്നു മറുപടി.

deshabhimani

No comments:

Post a Comment