Friday, May 9, 2014

അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല; മഴയിലും ചോരാത്ത സമരാവേശം

കാസര്‍കോട്: ക്യാമ്പസില്‍ അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തെ കണ്ടില്ലെന്ന് നടിച്ച് സര്‍വകലാശാല അധികൃതര്‍. ബുധനാഴ്ച രാത്രിമുതല്‍ നിര്‍ത്താതെ ചെയ്യുന്ന കനത്ത മഴ കൂസാതെ കണ്ണൂര്‍ സര്‍വകലാശാല ചാല ക്യാമ്പസിലെ വിദ്യാര്‍ഥികള്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം മൂന്നുദിവസം പിന്നിട്ടു. ക്യാമ്പസില്‍ ആരംഭിച്ച സമരം ബുധനാഴ്ചമുതല്‍ കലക്ടറേറ്റ് പരിസരത്ത് ബിസി റോഡിലാണ് നടക്കുന്നത്. ബുധനാഴ്ച രാത്രി മുതല്‍ വേനല്‍ മഴ നിര്‍ത്താതെ പെയ്തതിനാല്‍ താല്‍ക്കാലിക പന്തലില്‍ മഴ നഞ്ഞാണ് വിദ്യാര്‍ഥികള്‍ സമരം തുടരുന്നത്. വിദ്യാര്‍ഥികള്‍ ഉന്നയിച്ച ന്യായമായ ആവശ്യങ്ങള്‍ക്കുനേരെ ഇപ്പോഴും പുറംതിരിഞ്ഞുനില്‍ക്കുകയാണ് അധികൃതര്‍. ക്യാമ്പസ് ഡയക്ടറോ സര്‍വകലാശാല അധികൃതരോ ഇതുവരെ വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്താനോ സമരപ്പന്തല്‍ സന്ദര്‍ശിക്കാനോ തയ്യാറായിട്ടില്ല.

വി വി അനീഷ്, ഷിഹാബുദ്ദീന്‍, എം കെ ഷക്കീര്‍, പി ലിജിഷ, എച്ച് കെ ദില്‍ന, സി ജിംന, പി ശ്രീജിത്, കെ കെ മുഹാദ് എന്നീ എട്ട് വിദ്യാര്‍ഥികളാണ് മൂന്നുദിവസമായി നിരാഹാരമിരിക്കുന്നത്. ഇവരില്‍ ദില്‍നയും ജിംനയും അവശനിലയിലാണ്. വ്യാഴാഴ്ച കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ നിരാഹാരമിരിക്കുന്ന വിദ്യാര്‍ഥികളെ സന്ദര്‍ശിച്ചു. യാത്രാസൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യം വൈസ്് ചാന്‍സലറുമായി സംസാരിച്ച് പരിഹാരമുണ്ടാക്കാമെന്നും ക്യാമ്പസില്‍ അടിസ്ഥാന സൗകര്യമേര്‍പ്പെടുത്തേണ്ടത് സര്‍വകലാശാലയാണെന്നും കലക്ടര്‍ അറിയിച്ചു. ക്യാമ്പസിലെ അടിസ്ഥാന പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് സര്‍വകലാശാല ഉറപ്പുനല്‍കാതെ സമരം പിന്‍വലിക്കില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

ജില്ലയിലെ പ്രധാന ക്യാമ്പസായ ചാല ക്യാമ്പസിലെ പ്രശ്നങ്ങള്‍ ജില്ലക്കാരന്‍ കൂടിയായ വൈസ് ചാന്‍സലര്‍ പോലും കണ്ടില്ലെന്ന് നടിക്കുകയാണ്. 2001-ല്‍ ആരംഭിച്ച ക്യാമ്പസില്‍ എംബിഎ, എംസിഎ, ബിഎഡ് കോഴ്സുകളിലായി 250 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ഭൂരിപക്ഷം പേരും അന്യ ജില്ലയില്‍നിന്നുള്ളവരാണ്. ഇവര്‍ക്ക് താമസിക്കാന്‍ ഹോസ്റ്റലില്ല. വന്‍തുക നല്‍കി ലോഡ്ജുകളിലും മറ്റുമാണ് പെണ്‍കുട്ടിള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ താമസിക്കുന്നത്. പഠനത്തിനാവശ്യമായ ലാബ്, സെമിനാര്‍ ഹാള്‍, ലൈബ്രറി സൗകര്യങ്ങളില്ല. കാന്റീനും വാഹന സൗകര്യവുമില്ല. വന്‍ തുക ഫീസിനത്തില്‍ വാങ്ങുന്ന സര്‍വകലാശാല വിദ്യാര്‍ഥികളെ വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

കാര്‍ഷിക കോളേജിലെ പിജി കോഴ്സ് മാറ്റരുത്: പി കരുണാകരന്‍

കാസര്‍കോട്: മലബാറിലെ ഏക കാര്‍ഷിക കോളേജായ പടന്നക്കാട് കാര്‍ഷിക കോളേജിലെ പിജി കോഴ്സ് നര്‍ത്തലാക്കാനുള്ള സര്‍വകലാശാല നീക്കം ഉപേക്ഷിക്കണമെന്ന് പി കരുണാകരന്‍ എംപി ആവശ്യപ്പെട്ടു.

പിജി ബ്ലോക്കിനായി പുതിയ കെട്ടിടം പണി പൂര്‍ത്തിയാകുമ്പോഴാണ് കോഴ്സ്തന്നെ പിന്‍വലിക്കുമെന്ന വാര്‍ത്തകള്‍ പരക്കുന്നത്. ഡിഗ്രി കോഴ്സ് തുടങ്ങി നിരവധി മുറവിളിക്ക് ശേഷം 17 വര്‍ഷം കഴിഞ്ഞപ്പോഴാണ് രണ്ട് വിഷയങ്ങളില്‍ പിജി കോഴ്സ് ആരംഭിച്ചത്. ആവശ്യത്തിന് അധ്യാപകരെയും ജീവനക്കാരെയും നിയമിക്കാതെ കോളേജുതന്നെ ഇവിടെനിന്ന് മാറ്റാന്‍ തുടക്കം മുതല്‍ ശ്രമം നടക്കുന്നുണ്ട്. പിജി കോഴ്സിന് അധ്യാപകരില്ലാത്തതിനാലാണ് അവസാന സെമസ്റ്ററുകള്‍ മറ്റ് കോളേജുകളിലേക്ക് മാറ്റുന്നത്. അത് കോഴ്സുകള്‍ പിന്‍വലിക്കുന്നതിലേക്ക് നീങ്ങുന്നത് അംഗീകരിക്കാന്‍ പറ്റില്ല. പഠനത്തിന് ആവശ്യമായ എല്ലാ സൗകര്യവും ഇവിടെ ഉണ്ടായിട്ടും അധികൃതരുടെ അനാസ്ഥമൂലം കോളേജിന്റെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ട് പോകുന്നില്ല. അതിന് പരിഹാരമായി തുടങ്ങിയ കോഴ്സുകള്‍ മാറ്റുന്നതിനുള്ള നീക്കം ജനങ്ങളോടും കാസര്‍കോട് ജില്ലയോടും കാണിക്കുന്ന വഞ്ചനയാണ്. കൂടുതല്‍ കോഴ്സുകള്‍ അനുവദിച്ച് അധ്യാപകരെയും നിയമിച്ച് കോളേജിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്ന് വൈസ്ചാന്‍സലര്‍ക്ക് അയച്ച കത്തില്‍ പി കരുണാകരന്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment