Saturday, May 10, 2014

പൊലീസില്‍ സ്ഥലംമാറ്റത്തിന് ലക്ഷങ്ങളുടെ ലേലംവിളി

വോട്ടെണ്ണല്‍ കഴിയുന്ന മുറയ്ക്ക് പൊലീസ് സേനയില്‍ ഡിവൈഎസ്പി, സിഐ തലങ്ങളില്‍ നടത്തുന്ന സ്ഥലംമാറ്റം മുതലാക്കാന്‍ ലേലംവിളി തുടങ്ങി. തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശപ്രകാരം സ്വന്തം ജില്ലയില്‍നിന്നും മറ്റും മാറ്റിയിട്ടുള്ള 56 ഡിവൈഎസ്പിമാര്‍ക്കും ഇരുനൂറോളം സിഐമാര്‍ക്കുമാണ് വീണ്ടും മാറ്റം വരുന്നത്. ഒന്നുകില്‍ ഇവരെ പഴയ സ്ഥലങ്ങളിലേക്കോ അല്ലെങ്കില്‍ പുതിയ സ്ഥലങ്ങളിലോ നിയമിക്കേണ്ടിവരും. ഈ പഴുത് പരമാവധി മുതലാക്കാനാണ് ഇടനിലക്കാര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. മാസപ്പടിയും കൈക്കൂലിയും ആവോളം ലഭിക്കുന്ന ചില പ്രത്യേക കേന്ദ്രങ്ങളില്‍ നിയമനത്തിന് വന്‍ ലേലംവിളിയാണ് നടക്കുന്നത്.

സിഐയ്ക്ക് രണ്ട് ലക്ഷം രൂപ മുതല്‍ അഞ്ചുവരെയാണ് നിരക്ക്. ഡിവൈഎസ്പിക്ക് അഞ്ച് മുതല്‍ 10 ലക്ഷം വരെയുണ്ട്. ചെക്ക്പോസ്റ്റുകളും മറ്റും ഉള്‍പ്പെടുന്ന അതിര്‍ത്തിപ്രദേശങ്ങള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, മണല്‍, ക്വാറി പ്രദേശങ്ങള്‍, വാണിജ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിയമനത്തിന് വന്‍തുകയാണ് ചോദിക്കുന്നത്. ഇത്തരം സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയ ഷോര്‍ട്ട് ലിസ്റ്റ് തന്നെയുണ്ട്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര, ഫോര്‍ട്ട്, വര്‍ക്കല, നെടുമങ്ങാട്, കൊല്ലത്തെ കരുനാഗപ്പള്ളി, പുനലൂര്‍, കായംകുളം, ആലപ്പുഴ, കുമരകം, ആലുവ, അങ്കമാലി, മൂന്നാര്‍, ഗുരുവായൂര്‍, കോഴിക്കോട്, മാനന്തവാടി, കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിയമനം തരപ്പെടുത്താനാണ് ഉന്തുംതള്ളും. ടൂറിസ്റ്റ് കേന്ദ്രങ്ങളിലും അതിര്‍ത്തിപ്രദേശങ്ങളിലും നിയമനം കിട്ടിയാല്‍ മുടക്ക് മുതല്‍ ആഴ്ചകള്‍ക്കുള്ളില്‍ത്തന്നെ പോക്കറ്റില്‍ വീഴും. മണല്‍, ക്വാറി കേന്ദ്രങ്ങള്‍, ചെക്ക്പോസ്റ്റുകള്‍ എന്നിവയും കൊയ്ത്ത് കേന്ദ്രങ്ങളാണ്.

ബാര്‍ അടച്ചിട്ടതോടെ സംസ്ഥാനത്തേക്ക് വന്‍തോതില്‍ സ്പിരിറ്റ് ഒഴുക്കാണ്. മെയ്യനങ്ങാതെ ലക്ഷങ്ങള്‍ കൊയ്യാന്‍ ഇതെല്ലാം വഴിയൊരുക്കുമെന്നതാണ് ഈ സ്ഥലങ്ങള്‍ക്കുവേണ്ടിയുള്ള പരക്കംപാച്ചിലിന് കാരണം. ആഭ്യന്തരമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി വഴിയാണ് നേരത്തെ പൊലീസ് സ്ഥലം മാറ്റങ്ങള്‍ നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ മന്ത്രിക്ക് നേരിട്ടാണ് ശുപാര്‍ശക്കത്ത് നല്‍കുന്നത്. പ്രൈവറ്റ് സെക്രട്ടറി ഐഎഎസ് ഉദ്യോഗസ്ഥനായതിനാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ശുപാര്‍ശ പറയാന്‍ മടിയാണ്. അതിനാല്‍ മന്ത്രി വഴി സെക്രട്ടറിയോട് പറഞ്ഞ് കാര്യം സാധിക്കുകയാണ് രീതി. ചില എംഎല്‍എമാര്‍ക്കുപോലും ആഭ്യന്തരമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അപ്രാപ്യനാണ്. ഇതുമൂലം മന്ത്രിയുടെ അടുത്തേക്ക് ശുപാര്‍ശകളുടെ പ്രവാഹമാണ്. സ്വന്തം ജില്ലയില്‍ മൂന്നുവര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയവരെയും ക്രമസമാധാനപാലന രംഗത്തുള്ളവരെയും മാറ്റണമെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രമസമാധാനപാലന ചുമതലയുള്ളവര്‍ക്ക് പുറമെ വിജിലന്‍സ്, ക്രൈംബ്രാഞ്ച്, സ്പെഷ്യല്‍ ബ്രാഞ്ച് എന്നിവിടങ്ങളിലുള്ള സ്വന്തം ജില്ലക്കാരെയും മാറ്റിയിട്ടുണ്ട്. മറ്റു ജില്ലകളിലേക്ക് മാറ്റിയവരെ തിരികെ അതേ സ്ഥലത്ത് നിയമിക്കില്ലെന്ന് ഉറപ്പാണ്. ഇത് പരിഗണിച്ചാണ് വോട്ടെടുപ്പിന് മുമ്പുതന്നെ ഇഷ്ടകേന്ദ്രങ്ങളില്‍ നിയമനം ഉറപ്പാക്കാന്‍ ഇറങ്ങിയിട്ടുള്ളത്. ഇപ്പോള്‍ നിയമനം തരപ്പെടുത്തിയാല്‍ നിയമസഭാ തെരഞ്ഞെടുപ്പുവരെ കുഴപ്പമില്ലാതെ തുടരാമെന്നതും ലക്ഷങ്ങള്‍ നല്‍കാന്‍ പ്രേരണയാകുന്നു.

കെ ശ്രീകണ്ഠന്‍ deshabhimani

No comments:

Post a Comment