Monday, May 12, 2014

ഗൂഢാലോചനക്കേസ് സിബിഐ അന്വേഷിക്കില്ല

ടി പി ചന്ദ്രശേഖരന്‍വധ ഗൂഢാലോചനക്കേസ് അന്വേഷിക്കില്ലെന്ന് സിബിഐ അന്തിമമായി തീരുമാനിച്ചു. ഇതുസംബന്ധിച്ച് സിബിഐ ദക്ഷിണമേഖല ഡയറക്ടര്‍ അരുണാചലം നല്‍കിയ റിപ്പോര്‍ട്ട് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ അംഗീകരിച്ചു. റിപ്പോര്‍ട്ട് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് കൈമാറി.

ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി ഫയാസുമായി ബന്ധമുണ്ടെന്ന ആരോപണത്തിന് തെളിവില്ലെന്ന് ജോയിന്റ് ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞു. കേസിന് ദേശീയ- രാജ്യാന്തര ബന്ധമുണ്ടെന്ന ആരോപണത്തിനും അടിസ്ഥാനമില്ല. ഈ കണ്ടെത്തല്‍ സിബിഐ അംഗീകരിച്ചു. ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചനയെക്കുറിച്ചും പ്രതികള്‍ക്ക് ഫയാസുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളെക്കുറിച്ചും സിബിഐ അന്വേഷിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഫെബ്രുവരി 19ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ തീരുമാനിച്ചത്. ഫയാസിന്റെ ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കേന്ദ്രത്തിന് കത്തയച്ചിരുന്നു.

വധക്കേസില്‍ പ്രത്യേക കോടതി വിചാരണ നടത്തി തീര്‍പ്പുകല്‍പ്പിച്ച സാഹചര്യത്തിലാണ് വധഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ആര്‍എംപി ഉയര്‍ത്തിയത്. ഇതേത്തുടര്‍ന്ന് ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയുടെ പരാതി കോഴിക്കോട് ചോമ്പാല പൊലീസിനെക്കൊണ്ട് എഴുതിവാങ്ങിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്ത് അന്വേഷണം സിബിഐക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയുമായിരുന്നു. വധ ഗൂഢാലോചനക്കേസ് അന്വേഷിക്കാന്‍ ആവശ്യമായ തെളിവില്ലെന്ന് സിബിഐ വക്താവ് കാഞ്ചനപ്രസാദ് മാര്‍ച്ച് 30ന് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. എന്നാല്‍, സിബിഐക്ക് ഇങ്ങനെയൊരു വക്താവില്ലെന്നാണ് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ അന്നു പ്രതികരിച്ചത്. കേസ് അന്വേഷിക്കില്ലെന്ന് തെരഞ്ഞെടുപ്പുസമയത്ത് സിബിഐ വാര്‍ത്താസമ്മേളനം വിളിച്ച് അറിയിച്ചത് ശരിയായില്ലെന്നും മന്ത്രി ആരോപിച്ചു. എന്നാല്‍, സിബിഐയുടെ നിലപാട് വിശദീകരിക്കാന്‍, തന്നെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് കാഞ്ചനപ്രസാദ് വിശദീകരിച്ചു. മുല്ലപ്പള്ളി മറച്ചുപിടിച്ചതുകൊണ്ട് സത്യം അസത്യമാകില്ല. താന്‍ വാര്‍ത്താസമ്മേളനം വിളിച്ചുവെന്ന മന്ത്രിയുടെ ആരോപണവും ശരിയല്ല. വിവരം അന്വേഷിച്ച മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകമാത്രമാണ് ഉണ്ടായതെന്നും സിബിഐ വക്താവ് അന്ന് വിശദീകരിച്ചിരുന്നു.

deshabhimani

No comments:

Post a Comment