Sunday, May 11, 2014

കംഫര്‍ട്ടബിള്‍ കോണ്‍ഗ്രസ്

"എനിക്ക് ഞാന്‍ നന്നാവണമെന്നില്ല എനിക്ക് നന്നാവണമെന്നേയുള്ളൂ" എന്ന് പാടിയത് കുഞ്ഞുണ്ണിമാഷാണ്. മണ്ണും ചാരിനിന്നുനിന്ന് അധ്യക്ഷപദവിയില്‍ ചാടിക്കയറിയ വി എം സുധീരനും, നന്നാവണമെന്നേയുള്ളൂ. ഉയരേണ്ടത് താന്‍മാത്രം എന്ന് കരുതുന്നവരോട് പൊരുതാന്‍ എളുപ്പമല്ല എന്ന് തിരിച്ചറിയാത്തത് ഷാനിമോളുടെ കുറ്റം. ഷാനിമോള്‍ ആരുടെയോ ആയുധമെന്ന് സുധീരന്‍ പറയുമ്പോള്‍, കെഎസ്യുക്കാലംമുതല്‍ ഓമനിച്ചു സൂക്ഷിച്ച കോണ്‍ഗ്രസുകാരിയുടെ സ്വത്വം ആലപ്പുഴയിലെ വാടക്കനാലില്‍ പുതയുകയാണ്. സ്വന്തമായി ഒരു കത്തെഴുതാന്‍പോലും ത്രാണിയില്ലാത്തവള്‍ എന്നാണതിന്റെ പരിഹാസം.

ഒരണസമരക്കാലത്ത് ഷാനിമോള്‍ ജനിച്ചിരുന്നില്ല; അതുകൊണ്ട് പാരമ്പര്യം കുറയും. ഓര്‍മവച്ച നാള്‍മുതല്‍ നീലക്കൊടി പിടിച്ചു. വളര്‍ന്ന് യൂത്തായി- നാല്‍പ്പത്തെട്ടാം വയസ്സിലും യുവത്വത്തിന്റെ നവോന്മേഷത്തോടെ മഹിളാ കോണ്‍ഗ്രസിന്റെ കൊടി കൈയില്‍. മൂന്നുവര്‍ഷംമുമ്പ് ഹൈക്കമാന്‍ഡില്‍നിന്ന് ഒരറിയിപ്പു വന്നു: "കേരളത്തില്‍നിന്നുള്ള ഷാനിമോള്‍ ഉസ്മാന്‍ യൂത്ത് കോണ്‍ഗ്രസ്, എന്‍എസ്യു-ഐ എന്നിവയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിക്കൊപ്പം പ്രവര്‍ത്തിക്കും" എന്ന്. അന്ന് സുധീരന്‍ എവിടെയും തൊടാതെ "പരപുച്ഛനായകന്റെ" റോളില്‍. കൂടുതല്‍ വലുപ്പം ഷാനിമോള്‍ക്ക്. രാഹുല്‍ ബ്രിഗേഡിലെ വിശ്വസ്ത. ആനന്ദാതിരേകത്തോടെ അവര്‍ പറഞ്ഞു: "കോണ്‍ഗ്രസില്‍ ഞാന്‍ കംഫര്‍ട്ടബിള്‍". സ്ത്രീപ്രശ്നങ്ങള്‍ വരുമ്പോള്‍ ഷാനിമോളുടെ ശബ്ദം മുഴങ്ങി. മാധ്യമങ്ങളിലും കംഫര്‍ട്ടബിള്‍.

ആലപ്പുഴ എസ്ഡി കോളേജില്‍ കെഎസ്യുവിനെ നയിച്ച്, കൊണ്ടും കൊടുത്തും ഉയര്‍ന്ന് തിരുവനന്തപുരത്തേക്ക് വണ്ടി കയറി നിയമബിരുദവുമായി തിരിച്ചെത്തിയ ഷാനിമോള്‍ വൈകാതെ മത്സരിച്ച് ജയിച്ച് ആലപ്പുഴയുടെ നഗരമാതാവായി. പിന്നെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്. ഒടുവില്‍ എഐസിസി സെക്രട്ടറി. എന്നിട്ടും സുധീരന്‍ പറയുന്നു, "ഡല്‍ഹിയിലും കേരളത്തിലും സ്വാധീനമില്ല" എന്ന്. ഡല്‍ഹിയിലേക്ക് പോകുമ്പോള്‍ ഷാനിമോള്‍ ഉറപ്പിച്ചു: ""കോണ്‍ഗ്രസുപോലുള്ള ഒരു രാഷ്ട്രീയ പാര്‍ടിയിക്കുമാത്രമേ എന്നെപ്പോലെ പിന്നാക്ക- പാര്‍ശ്വവല്‍കൃത വിഭാഗത്തില്‍നിന്നുള്ളവരെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ കഴിയുകയുള്ളൂ.

കേരളത്തില്‍ ഗ്രൂപ്പുകള്‍ക്കതീതമായി പ്രത്യേക പരിഗണന ലഭിച്ച പ്രവര്‍ത്തകയാണ് ഞാന്‍."" ഇന്നവര്‍ പറയുന്നു: ""എന്റെ വ്യക്തിജീവിതത്തെയും പൊതുജീവിതത്തെയും കുടുംബജീവിതത്തെയും സ്ത്രീ എന്ന നിലയിലുള്ള എന്റെ മാന്യതയെയും പ്രതികൂലമായി ബാധിക്കുന്നതാണ് സുധീരന്റെ ആരോപണം"". ഇതാണ് കോണ്‍ഗ്രസ്. മുമ്പ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ഷാനിമോളുടെ ചരിത്രത്തെയും ഭൂമിശാസ്ത്രത്തെയും കുറിച്ച് പറഞ്ഞ് അപഹസിച്ചു. അന്ന് പതറിയില്ല. ഇന്ന്, മാന്യനെന്നു കരുതിയ സുധീരന്‍ അപമാനിക്കുന്നു; ആക്ഷേപിക്കുന്നു. പാര്‍ടിക്കകത്ത് നേതൃത്വത്തെ വിമര്‍ശിക്കാമെന്നു കരുതിയതുതന്നെ ഷാനിമോളുടെ പാപം. ആളറിഞ്ഞ് വിമര്‍ശിക്കണമെന്ന് മനസ്സിലാക്കാത്തത് അതിലും വലിയ പാതകം.

അഞ്ചുകൊല്ലംമുമ്പ് കാസര്‍കോട്ട് മത്സരിക്കാന്‍ പറഞ്ഞപ്പോള്‍ ഓര്‍ക്കണമായിരുന്നു താന്‍ പാര്‍ടിക്ക് ആരെന്ന്. ഇത്തവണ സീറ്റ് കിട്ടാഞ്ഞപ്പോഴെങ്കിലും സ്വന്തം വില മനസ്സിലാക്കാനാകാഞ്ഞതിന്റെ കുഴപ്പമാണ്. ഉണ്ണിത്താനെ എതിര്‍ക്കാം. വാക്കിന്റെ നാറ്റമേ സഹിക്കേണ്ടൂ. വേണുഗോപാലിനെതിരെ തിരിയുമ്പോള്‍ വരുന്ന തിരിച്ചടി സുധീരന്റെ നാവിലൂടെയാകും. അത് മനസ്സിലാക്കാതെ തുടര്‍ന്നാല്‍, എതിര്‍പ്പുകളെല്ലാം നൈമിഷികമായിരുന്നുവെന്നു പറഞ്ഞ നാവുകൊണ്ടുതന്നെ, പക അനശ്വരമാണെന്ന് വിലപിക്കേണ്ടിയും വരും. കോണ്‍ഗ്രസില്‍ സരിതക്കാലമാണ്. സരിതയോളം "സംസ്കാരം" കൈയിലില്ലാഞ്ഞാല്‍, മദ്യമാഫിയക്കാരിയാകും; സുധീരന്‍ ശകാരത്തിന്റെയും ആക്ഷേപത്തിന്റെയും വേണുവൂതും. കോണ്‍ഗ്രസില്‍ സുധീര ജനാധിപത്യകാലത്ത് ഷാനിമോള്‍ക്കും രക്ഷയില്ല, ബിന്ദു കൃഷ്ണയ്ക്കും സ്ഥാനമില്ല. ഒരുപക്ഷേ, രാഹുല്‍ ബ്രിഗേഡിലേക്ക് സംസ്കാര സമ്പന്നതയോടെ മറ്റു ചിലര്‍ പറക്കും. സരിതയുടെ ഓട്ടോഗ്രാഫിന് ക്യൂനില്‍ക്കുന്ന മലയാളിക്ക് അതിലൊന്നും അത്ഭുതംതോന്നുകയുമില്ല.

സൂക്ഷ്മന്‍ deshabhimani varanthapathipp

No comments:

Post a Comment