Monday, May 12, 2014

തലസ്ഥാനത്തെ ബ്ലേഡ് മാഫിയക്ക് കോണ്‍ഗ്രസ് ഉന്നതരുമായി ഉറ്റബന്ധം

തലസ്ഥാനത്ത് അഞ്ചംഗകുടുംബം ആത്മഹത്യചെയ്ത സംഭവത്തില്‍ ഉന്നത കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുള്ള ബ്ലേഡ്മാഫിയാ തലവന്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. കുടപ്പനക്കുന്ന് കിഴക്കേമുക്കോലയില്‍ നെടുമണ്‍ ഊരുവിളാകത്ത് വീട്ടില്‍ ബോംബ് കണ്ണന്‍ എന്ന സതീഷ് (35), കിഴക്കേമുക്കോല മാഞ്ഞാംകോട് കോളനി സ്വദേശി പള്ളിമുക്കില്‍ വാടകയ്ക്കു താമസിക്കുന്ന കുട്ടന്‍ എന്ന അരുണ്‍കുമാര്‍(35), കിഴക്കേമുക്കോല മുക്കംപാലവിള വീട്ടില്‍ ശ്രീകുമാര്‍ (42), ശ്രീകുമാറിന്റെ ഭാര്യ സജിദ എന്ന സജിദാഗന്ധി (33) എന്നിവരാണ് അറസ്റ്റിലായത്.

ഒന്നാംപ്രതി ബോംബ് കണ്ണന്‍ 45 ലക്ഷം രൂപയാണ് ജീവനൊടുക്കിയ ബിജുവിന് പലിശയ്ക്കു കൊടുത്തിരുന്നത്. ബിജു ഈ തുക തിരികെ നല്‍കിയിരുന്നെങ്കിലും പലിശ ഇനത്തിലാണ് കണക്കാക്കിയത്. മുതല്‍ തുക ആവശ്യപ്പെട്ടാണ് നിരന്തരമായി ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നത്. ബോംബ് കണ്ണന് ഒരു പ്രമുഖ കെപിസിസി ഭാരവാഹിയുമായും തലസ്ഥാനത്തെ ഒരു കോണ്‍ഗ്രസ് എംഎല്‍എയുമായും വളരെ അടുത്ത ബന്ധമുണ്ട്. പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത കണ്ണന്റെ കെഎല്‍ 01 ബിജെ 1717 നമ്പര്‍ ഇന്നോവ കാറിലാണ് ഇവരുടെ സ്വകാര്യയാത്രകള്‍. ലോക്സഭാ തെരഞ്ഞെടുപ്പുസമയത്ത് കോണ്‍ഗ്രസ് എംഎല്‍എ ഈ കാറാണ് ഉപയോഗിച്ചത്. കണ്ണനെതിരെ നിരവധി ആക്രമണകേസുകള്‍ നിലവിലുണ്ടെങ്കിലും ഇതുവരെയും ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇയാള്‍ക്കെതിരെ ആരെങ്കിലും മണ്ണന്തല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയാല്‍ പൊലീസ്, കണ്ണനുമായി ചേര്‍ന്ന് പരാതിക്കാരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയാണ് ചെയ്യാറുള്ളത്. ഇതിന് കൃത്യമായി മാസപ്പടിയും കിട്ടുമായിരുന്നു. ആത്മഹത്യ ചെയ്ത ബിജു നേരത്തെ നല്‍കിയ പരാതിയും ഇത്തരത്തിലാണ് മണ്ണന്തല പൊലീസ് കൈകാര്യംചെയ്തത്. കേസിലെ രണ്ടാംപ്രതി അരുണ്‍കുമാര്‍ ഒമ്പതുലക്ഷം രൂപയാണ് ബിജുവിന് പലിശയ്ക്കുനല്‍കിയിരുന്നത്. മൂന്നാംപ്രതി ശ്രീകുമാറിന്റെ വീട്ടില്‍നിന്ന് ബിജു ഒപ്പിട്ടുനല്‍കിയ നിരവധി മുദ്രപ്പത്രങ്ങളും ചെക്കുകളും കണ്ടെടുത്തു. ആത്മഹത്യ ചെയ്ത അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ ഞായറാഴ്ച പോസ്റ്റുമോര്‍ട്ടത്തിനുശേഷം കിഴക്കേ മുക്കോലയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനുവെച്ചു. വൈകിട്ട് മൂന്നോടെ തൈക്കാട് ശാന്തി കവാടത്തില്‍ സംസ്കരിച്ചു.

അതിനിടെ, സംസ്ഥാനത്ത് 1032 ബ്ലേഡ് മാഫിയാകേന്ദ്രങ്ങള്‍ പൊലീസ് റെയ്ഡ് ചെയ്തു. 75 പേരെ കസ്റ്റഡിയിലെടുത്തു. 125 കേസ് രജിസ്റ്റര്‍ ചെയ്തു. കണക്കില്‍ പെടാത്ത പണവും ചെക്കും പ്രോമിസറി നോട്ടുമടക്കം നിരവധി രേഖകള്‍ പിടിച്ചെടുത്തു. 50,60,475 രൂപയാണ് കണ്ടെടുത്തത്. തിരുവനന്തപുരത്ത് മുക്കോലയിലെ കൂട്ട ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ മുഖം രക്ഷിക്കാനുള്ള നടപടിയുടെ ഭാഗമായായിരുന്നു പരിശോധന. തിരുവനന്തപുരം സിറ്റി ജില്ലാ പൊലീസ് പരിധിയില്‍ അറുപത്തഞ്ചില്‍പരം കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ പത്തുപേര്‍ പിടിയിലായി. ഇതില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. 20 കേസെടുത്തു. റൂറല്‍ ജില്ലാ പൊലീസ് പരിധിയില്‍ 34 കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. അഞ്ചുപേര്‍ പിടിയിലായി. ഇരിങ്ങാലക്കുട, മലപ്പുറം, തിരൂരങ്ങാടി, ഒറ്റപ്പാലം, ആലത്തൂര്‍, പാലാ, ചിങ്ങവനം, തൃക്കൊടിത്താനം, കട്ടപ്പന, ഉപ്പുതറ, ആലപ്പുഴ കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലും ബ്ലേഡ് പലിശക്കാരെ പിടികൂടിയിട്ടുണ്ട്. ഇവരില്‍നിന്ന് നിരവധി രേഖകളും പിടിച്ചെടുത്തു.

deshabhimani

No comments:

Post a Comment