Tuesday, May 13, 2014

ബ്ലേഡ് മാഫിയയെ നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയം: പിണറായി

ബ്ലേഡ് മാഫിയയെ നേരിടുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. നവമാധ്യമരംഗത്തെ ഇടതുപക്ഷകൂട്ടായ്മയായ സൈബര്‍കമ്യൂണ്‍ ഏര്‍പ്പെടുത്തിയ മാധ്യമപുരസ്കാരം "ദേശാഭിമാനി" അസോസിയറ്റ് എഡിറ്റര്‍ പി എം മനോജിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു പിണറായി.

ബ്ലേഡ് മാഫിയകളുടെ ഭീഷണിയില്‍ തലസ്ഥാനത്ത് ഒരു മഹാദുരന്തമാണുണ്ടായത്. ബ്ലേഡ് മാഫിയകള്‍ക്ക് സൈ്വരവിഹാരം നടത്താനുള്ള നഗരമായി തലസ്ഥാനത്തെ മാറ്റി. ഇതിന്റെ ഭാഗമായാണ് ഒരു കുടുംബമാകെ ഇല്ലാതായത്. ഇത് അവസാനത്തേതാണെന്ന് പറയാനാകില്ല. ബ്ലേഡുകാര്‍ നിയമം കൈയിലെടുക്കുന്നു. പൊലീസിനെ നിയന്ത്രിക്കുന്നു. പൊലീസുകാര്‍ക്ക് മാസപ്പടി കൊടുക്കുന്നു. പൊലീസുകാരില്‍ ചിലര്‍ ബ്ലേഡുകാരെ സഹായിക്കുകയും സംരക്ഷിക്കുകയുംചെയ്യുന്നു. സമൂഹത്തില്‍വന്ന ചിന്താഗതിയുടെ മാറ്റംകാരണം പലരും ബ്ലേഡ് കെണിയില്‍പെടുന്നു.

സാധാരണക്കാരനെ രക്ഷിക്കേണ്ട സര്‍ക്കാര്‍ അക്രമികളെ സഹായിക്കുകയാണ്. അന്വേഷണത്തിന്റെയും റെയ്ഡിന്റെയുംപേരില്‍ ഇപ്പോള്‍ നടത്തുന്ന പ്രഹസനം ജനങ്ങളുടെ കണ്ണില്‍ പൊടിയിടലാണെന്ന് പിണറായി പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചില ഉന്നതരുമായുള്ള മാഫിയാസംഘങ്ങളുടെ ബന്ധം പ്രകടമാണ്. സര്‍ക്കാരിന്റെയും ഭരണകക്ഷിയില്‍പെട്ടവരുടെയും അനുമതിയോടെയും അറിവോടെയുമാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ മാഫിയാസംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment