Thursday, May 15, 2014

തൃണമൂല്‍ ഭീകരതയ്ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം

പശ്ചിമബംഗാളിലെ തൃണമൂല്‍ ഭീകരതയ്ക്കും ജനാധിപത്യക്കുരുതിക്കും എതിരെ രാജ്യവ്യാപകമായി പ്രതിഷേധമിരമ്പി. ഇടതുപക്ഷപാര്‍ടികള്‍ സംഘടിപ്പിച്ച പ്രതിഷേധദിനാചരണത്തിന്റെ ഭാഗമായി ഡല്‍ഹിയിലെ ജന്ദര്‍മന്തറിലും ധര്‍ണ നടത്തി. ബൂത്തുപിടിത്തവും കള്ളവോട്ടും നടന്ന പ്രദേശങ്ങളില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ദിനാചരണം. ജന്ദര്‍മന്തറിലെ ധര്‍ണ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനംചെയ്തു. ജനാധിപത്യപരമായ അവകാശം സംരക്ഷിക്കാനുള്ള പശ്ചിമബംഗാള്‍ ജനതയുടെ പോരാട്ടത്തിന് രാജ്യത്തെ ഇടതുപക്ഷപ്രസ്ഥാനത്തിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.

അടിയന്തരാവസ്ഥയിലെ നിഷ്ഠുരമായ വേട്ടയ്ക്കെതിരെ പൊരുതി വിജയിച്ച ബംഗാള്‍ജനത മമത സര്‍ക്കാരിന്റെ ഭീകരവാഴ്ചയെയും അതിജീവിക്കുമെന്ന് സിപിഐ എം പിബി അംഗം സീതാറാം യെച്ചൂരി പറഞ്ഞു. സിപിഐ നേതാക്കളായ എ ബി ബര്‍ദന്‍, സുധാകര്‍ റെഡ്ഡി, ഫോര്‍വേഡ്ബ്ലോക്ക് ജനറല്‍സെക്രട്ടറി ദേവബ്രത വിശ്വാസ്, ആര്‍എസ്പി കേന്ദ്രസെക്രട്ടറിയറ്റംഗം ആര്‍ എസ് ഡാഗര്‍ എന്നിവര്‍ സംസാരിച്ചു. സിപിഐ എം പിബി അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, വൃന്ദ കാരാട്ട്, എ കെ പത്മനാഭന്‍, കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഹരിസിങ് കാങ്, സുധ സുന്ദരരാമന്‍, സിപിഐ ദേശീയ സെക്രട്ടറി ഡി രാജ, ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍ എന്നിവരും ധര്‍ണയില്‍ പങ്കെടുത്തു. സ്ത്രീകളും വിദ്യാര്‍ഥികളും യുവജനങ്ങളും തൊഴിലാളികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ സമരത്തിനെത്തി.

കേരളത്തിലെങ്ങും എല്‍ഡിഎഫ് നേതൃത്വത്തില്‍ പ്രകടനം സംഘടിപ്പിച്ചു. വിവിധകേന്ദ്രങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ തൃണമൂലിന്റെ ഫാസിസ്റ്റ് ഗുണ്ടാഭരണത്തിനെതിരെ ജനരോഷമിരമ്പി. തലസ്ഥാനത്ത് പാളയം രക്തസാക്ഷിമണ്ഡപത്തില്‍നിന്ന് സെക്രട്ടറിയറ്റിലേക്ക് നടന്ന പ്രകടനത്തില്‍ സ്ത്രീകളുള്‍പ്പെടെ നൂറുകണക്കിനുപേര്‍ പങ്കെടുത്തു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം വിജയകുമാര്‍ ഉദ്ഘാടനംചെയ്തു. എറണാകുളത്ത കാനന്‍ഷെഡ് റോഡില്‍ നിന്ന് പ്രകടനം തുടങ്ങി. ടെലിഫോണ്‍ എക്സ്ചേഞ്ചിന് മുന്നില്‍ ചേര്‍ന്ന യോഗം പി എന്‍ സീനുലാല്‍ ഉദ്ഘാടനം ചെയ്തു.

deshabhimani

No comments:

Post a Comment