Tuesday, May 13, 2014

ബാര്‍പൂട്ടല്‍ പ്രശ്നം സര്‍ക്കാരിന്റെ വികലനയം മൂലം: സിപിഐ എം

തിരു:സംസ്ഥാനത്തെ ബാറുകള്‍ അടച്ചുപൂട്ടിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പ്രശ്നങ്ങള്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ വികലമായ നയത്തിന്റെ സൃഷ്ടിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

ലോക് സഭാ തെരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ ദുഷ്ടലാക്കോടെ കൈക്കൊണ്ട നടപടികളാണ് പ്രശ്നം സൃഷ്ടിച്ചത്. മദ്യനിരോധനവാദക്കാരെ പ്രീണിപ്പിച്ച് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കല്‍ മാത്രമായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. അതോടൊപ്പം, ബാറുടമകളുടെമേല്‍ സമ്മര്‍ദ്ദം ചെലുത്തി സാമ്പത്തിക നേട്ടമുണ്ടാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിട്ടു. 418 ബാറുകളുടെ ലൈസന്‍സ് ഏപ്രില്‍ 1 മുതല്‍ പുതുക്കി നല്‍കാതിരുന്ന സര്‍ക്കാര്‍, 315 സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കി.

മദ്യവര്‍ജ്ജനം സര്‍ക്കാരിന്റെ നയമല്ലെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതിലപ്പുറം, വി.എം.സുധീരനെപ്പോലുള്ളവര്‍ക്കും ഇക്കാര്യത്തില്‍ വ്യക്തമായ നയമില്ല. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളിലെ ഗ്രൂപ്പുവഴക്കിന് ബാര്‍ ലൈസന്‍സ് പ്രശ്നം ഒരായുധമാക്കല്‍ മാത്രമാണ് ഇവരുടെയെല്ലാം ലക്ഷ്യം. ഏപ്രില്‍ 1-നുശേഷം സംസ്ഥാനത്ത് മദ്യവില്‍പ്പന കുറഞ്ഞു എന്ന വാദം വസ്തുതകള്‍ക്ക് നിരക്കുന്നതല്ല.

ഫൈവ് സ്റ്റാര്‍ ബാറുകളിലും ബിവറേജസ് കോര്‍പ്പറേഷന്റെ വില്‍പ്പനശാലകളിലും മദ്യവില്‍പ്പന തകൃതിയായി നടക്കുകയാണ്. ഇതിനു പുറമെ, വ്യാജമദ്യം യഥേഷ്ടം ഒഴുകുന്നു. ഇത് തടയാന്‍ എക്സൈസ് വകുപ്പ് യാതൊരു നടപടിയും കൈക്കൊള്ളുന്നുമില്ല. ഇതെല്ലാം സര്‍ക്കാര്‍ നടത്തുന്ന ഒത്തുകളിയുടെ തെളിവാണ്. സര്‍ക്കാര്‍ ലൈസന്‍സോടെ പ്രവര്‍ത്തിച്ചുവരുന്ന ബാറുകളില്‍ 418 എണ്ണം ഒരു സുപ്രഭാതത്തില്‍ നിലച്ചതോടെ, ഇരുപതിനായിരത്തോളം തൊഴിലാളികള്‍ വഴിയാധാരമായി. ബാറുകളില്‍ മദ്യവിതരണം ചെയ്യുന്നവര്‍ മാത്രമല്ല, ബാര്‍ ഹോട്ടലുകളിലെ മറ്റ് തൊഴിലാളികളും കഷ്ടത്തിലായി. ഈ തൊഴിലാളികളെ പുനരധിവസിപ്പിക്കാനോ, അവരെ സഹായിക്കാനോ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. വ്യക്തമായ ഒരു നയം ഇക്കാര്യത്തില്‍ കൈക്കൊള്ളാന്‍ സര്‍ക്കാര്‍ ശ്രമിക്കാത്തതുതന്നെ കള്ളക്കളിയാണ്.

ഓരോ വര്‍ഷവും മാര്‍ച്ച് 31-നു മുമ്പായി സര്‍ക്കാര്‍ അബ്കാരി നയം പ്രഖ്യാപിക്കാറുണ്ട്. അതനുസരിച്ചാണ് കള്ളുഷാപ്പുകളും ബാറുകളും പ്രവര്‍ത്തിക്കാറുള്ളത്. കഴിഞ്ഞ രണ്ടുവര്‍ഷമായി യു.ഡി.എഫ് സര്‍ക്കാര്‍ അബ്കാരി നയം പ്രഖ്യാപിക്കാതിരുന്നതുതന്നെ അഴിമതി ലക്ഷ്യം വച്ചാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്ത് 62 പുതിയ ബാറുകള്‍ക്കും 47 ബിയര്‍ പാര്‍ലറുകള്‍ക്കും ലൈസന്‍സ് നല്‍കുകയുണ്ടായി. ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറവില്‍പ്പനശാലകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയശേഷമാണ് പുതിയ ബാറുകള്‍ക്കും ബിയര്‍ പാര്‍ലറുകള്‍ക്കും അനുമതി നല്‍കിയത്.

ഇതിനു പുറമെ, ഇപ്പോള്‍ ബാര്‍ ലൈസന്‍സിനുള്ള പുതിയ 21 അപേക്ഷകള്‍, എക്സൈസ് വകുപ്പ് പരിശോധിച്ചുവരികയാണ്. ഫോര്‍ സ്റ്റാര്‍ പദവിയുള്ളവയ്ക്കേ ലൈസന്‍സ് നല്‍കൂ എന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍, പുതുതായി അനുവദിച്ച 39 എണ്ണവും ത്രീസ്റ്റാര്‍ പദവിയുള്ളവയാണ്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 669 ബാറുകളാണുണ്ടായിരുന്നത്. ഈ സര്‍ക്കാര്‍ 62 ബാറുകള്‍ കൂടി അനുവദിച്ചതോടെ എണ്ണം 731 ആയി. ഇതില്‍ ലൈസന്‍സ് പുതുക്കാത്തത് 418 എണ്ണമാണ്.

ബാക്കിയുള്ളവ യഥേഷ്ടം പ്രവര്‍ത്തിച്ചുവരുന്നു. ഇതിനെല്ലാം കൂട്ടുനിന്ന യു.ഡി.എഫ് നേതാക്കള്‍ ഇപ്പോള്‍ പരസ്പരം വാദപ്രതിവാദങ്ങള്‍ നടത്തുന്നത് ജനങ്ങളെ വിഡ്ഢികളാക്കാനാണ്. സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന മദ്യ ഉപയോഗത്തിനും അത് സൃഷ്ടിക്കുന്ന സാമൂഹ്യ വിപത്തുകള്‍ക്കുമെതിരെ ചിന്തിക്കുന്ന ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണ് യു.ഡി.എഫ് സര്‍ക്കാര്‍-പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment