Tuesday, May 13, 2014

ബംഗാളിലെ തൃണമൂല്‍ ആക്രമണത്തിനെതിരെ നാളെ എല്‍ഡിഎഫ് പ്രതിഷേധം

ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പശ്ചിമബംഗാളില്‍ എല്ലാ നിയമവ്യവസ്ഥകളേയും ലംഘിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ ഇടതുപക്ഷ പാര്‍ടികളുടെ പ്രവര്‍ത്തകരെ ഭീകരമായി ആക്രമിച്ചു. വോട്ട് ചെയ്യാന്‍ വന്നവരെ ബൂത്തില്‍നിന്ന് അടിച്ചോടിച്ചും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാരെ ആക്രമിച്ചും ബൂത്തുകള്‍ കൈയടക്കി ഗുണ്ടകള്‍ തന്നെ വോട്ട് ചെയ്യുന്ന സ്ഥിതിയുണ്ടായി. മാത്രമല്ല, ഇടതുപക്ഷ പാര്‍ടികളുടെ പ്രവര്‍ത്തകരെ അവരുടെ വീട്ടില്‍നിന്നും അടിച്ചോടിച്ചു.

ഇടതുപക്ഷത്തിന് മാത്രമല്ല, കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും പ്രവര്‍ത്തകരേയും ആക്രമിക്കുന്ന സ്ഥിതിയുണ്ടായി. ഒരുകാലത്തും ഇല്ലാത്ത രീതിയില്‍ ജനങ്ങളെ ആക്രമിച്ച്, ഫാസിസ്റ്റ് രീതിയിലുള്ള ഗുണ്ടാഭരണം അവിടെ നിലനില്‍ക്കുന്നു. ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തി ഭീകരത നടമാടുന്ന സ്ഥിതിയാണ് പശ്ചിമബംഗാളിലുള്ളത്.

ഇതിനെതിരെ എല്ലാ ജനാധിപത്യവാദികളും പ്രതിഷേധിക്കണം. മെയ് 14ന് എല്ലാ ജില്ലകളിലും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം സംഘടിപ്പിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭ്യര്‍ത്ഥിച്ചു.

No comments:

Post a Comment