Saturday, May 10, 2014

ജലനിരപ്പ് ഉയര്‍ത്തിയാല്‍ കേരളത്തിനുള്ള വെള്ളവും നഷ്ടമാകും

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുന്നതോടെ കേരളത്തിന് ലഭിക്കുന്ന വെള്ളം പൂര്‍ണമായും നഷ്ടപ്പെടും. 1979ല്‍ ജലനിരപ്പ് 136 അടിയായി കുറച്ചശേഷം വര്‍ഷംതോറും തമിഴ്നാട് കൊണ്ടുപോകുന്നതിെന്‍റ അഞ്ച് ശതമാനം വെള്ളം കേരളത്തിന് ലഭിച്ചിരുന്നു. 136 അടി പിന്നിട്ട് വെള്ളം സ്പില്‍വേയിലൂടെ ഇടുക്കിയിലേക്ക് ഒഴുകുന്നതിലൂടെയാണ് ഇത് ലഭിച്ചിരുന്നത്. ശരാശരി വര്‍ഷം 1.2 ടിഎംസി വെള്ളമാണ് ഇടുക്കിയിലേക്ക് ഒഴുകിയത്. തമിഴ്നാട് 20 ടിഎംസിക്ക് മുകളില്‍ വെള്ളമാണ് കൊണ്ടുപോകുന്നത്്. സുപ്രീംകോടതിയില്‍ തിരിച്ചടി നേരിട്ടതോടെ ഇനി ഇതും ലഭിക്കില്ല. ജലനിരപ്പ് ഘട്ടംഘട്ടമായി ഉയര്‍ത്തി 152 അടിയിലെത്തുന്നതോടെ അണക്കെട്ടില്‍നിന്ന് ഒരു തുള്ളി വെള്ളം പോലും കേരളത്തിന് ലഭിക്കില്ല.

നേരത്തെ അണക്കെട്ട് പൂര്‍ണ അളവില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ഇടുക്കിയിലേക്ക് പലതവണ വെള്ളം ഒഴുകിയിരുന്നു. എന്നാല്‍ തമിഴ്നാട് പടിപടിയായി മുല്ലപ്പെരിയാര്‍ വെള്ളം ശേഖരിക്കാന്‍ സംവിധാനങ്ങള്‍ ഒരുക്കിയതോടെ കൂടുതല്‍ വെള്ളം കൊണ്ടുപോകാന്‍ തുടങ്ങി. ജലനിരപ്പ് 136 അടിയിലേക്ക് കുറവ് ചെയ്യുന്നതിന് മുമ്പാണ് തേനിയില്‍ വൈഗ അണക്കെട്ട് നിര്‍മിച്ചത്. എന്നാല്‍ അടുത്തിടെ ലോവര്‍ക്യാമ്പ് മുതല്‍ തേവാരം വരെയുള്ള നീളുന്ന 18-ാം കനാല്‍ നിര്‍മിച്ചു. കനാലില്‍ അന്‍പതോളം ഭീമന്‍ കുളങ്ങളും തമിഴ്നാട് നിര്‍മിച്ചിട്ടുണ്ട്. അതോടൊപ്പം തേനി, മധുര, ദിണ്ഡിഗല്‍, രാമനാഥപുരം, ശിവഗംഗ തുടങ്ങിയ ജില്ലകളിലായി വെള്ളം ശേഖരിച്ച് വയ്ക്കാന്‍ നൂറുകണക്കിന് ചെക്ക്ഡാമുകളും കുളങ്ങളും നിര്‍മിച്ചിട്ടുണ്ട്. ഇതെല്ലാം കാരണം ജലനിരപ്പ് ഉയര്‍ത്തുന്നതോടെ ഭാവിയില്‍ ഒരു തുള്ളി വെള്ളം പോലും ഇടുക്കിയിലേക്ക് ഒഴുകില്ല.

മുല്ലപ്പെരിയാര്‍: തോല്‍പ്പിച്ചത് സംസ്ഥാന സര്‍ക്കാര്‍ - സി പി റോയി

കോട്ടയം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തെ തോല്‍പ്പിച്ചത് സംസ്ഥാന സര്‍ക്കാര്‍ തന്നെയാണെന്ന് മുല്ലപ്പെരിയാര്‍ സമരസമിതി മുന്‍ കണ്‍വീനര്‍ പ്രൊഫ. സി പി റോയി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അണക്കെട്ട് സംബന്ധിച്ച ജനങ്ങളുടെ ആശങ്ക കോടതിയെ വേണ്ടവിധം ബോധ്യപ്പെടുത്തുന്നതില്‍ കേരളം പരാജയപ്പെട്ടു. ഭരണഘടനാപരമായ കാര്യങ്ങള്‍ മാത്രമാണ് കേരളത്തിനു വേണ്ടി ഹാജരായവര്‍ കോടതിയില്‍ വാദിച്ചത്. കേരളം തെളിവിനായി കോടതിയില്‍ സമര്‍പ്പിച്ചത് റൂര്‍ക്കി, ഡല്‍ഹി ഐഐടികളുടെ പഠനറിപ്പോര്‍ട്ടുകളാണ്. സുപ്രീംകോടതിയില്‍ കേസ് നിലനില്‍ക്കുമ്പോള്‍ ഏകപക്ഷീകയമായാണ് കേരളം ഈ രണ്ട് ഏജന്‍സികളെ പഠനത്തിനായി നിയോഗിച്ചത്. രണ്ടു പഠനറിപ്പോര്‍ട്ടുകളും കേരളത്തിനു തന്നെ തിരിച്ചടിയായി. അണക്കെട്ടിലെ ജലനിരപ്പ് 155 അടി വരെ ഉയര്‍ത്താമെന്ന് ഡല്‍ഹി ഐഐടി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അതേസമയം, റൂര്‍ക്കി ഐഐടി ഭൂമി കുലുക്കത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത് റിക്ടര്‍ സ്കെയില്‍ അഞ്ചില്‍ കൂടുതലുള്ള ഭൂചലനം സംഭവിച്ചാല്‍ അണക്കെട്ട് തകരുമെന്നാണ്. റിപ്പോര്‍ട്ടിലെ ഈ വൈരുധ്യങ്ങള്‍ തുറന്നു കാട്ടാന്‍ തമിഴ്നാടിന് കഴിഞ്ഞു. 2006 ലെ കോടതിവിധിയും ഉന്നതാധികാരസമിതി റിപ്പോര്‍ട്ടും വിലയിരുത്തുന്നതിലും കേരളം പരാജയപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു.

ജസ്റ്റിസ് കെ ടി തോമസിന്റെ നിലപാട് സഹായിച്ചില്ല: എംജി വിസി

കോട്ടയം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉന്നതാധികാരസമിതിയംഗമായിരുന്ന ജസ്റ്റിസ് കെ ടി തോമസിന്റെ നിലപാട് കേരളത്തെ സഹായിച്ചില്ലെന്ന് എംജി സര്‍വകലാശാലാ വിസിയും ഭൗമശാസ്ത്രജ്ഞനുമായ ഡോ. എ വി ജോര്‍ജ്.

താനൊരിക്കലും കേരളത്തിന്റെ പ്രതിനിധിയല്ലെന്നും സുപ്രീംകോടതി നിയോഗിച്ച സമിതയംഗമാണെന്നുമാണ് ജസ്റ്റിസ് കെ ടി തോമസ് വ്യക്തമാക്കിയത്. അതേസമയം തമിഴ്നാടിനെ പ്രതിനിധീകരിച്ച ഉന്നതാധികാരസമിതിയംഗം ഒരിക്കല്‍പോലും ഈ നിലപാട് സ്വീകരിച്ചില്ല. ഇപ്പോള്‍ സുപ്രീംകോടതിയില്‍ നിന്നുണ്ടായ വിധി ക്രൂരമാണ്. ഭൗമശാസ്ത്രജ്ഞരുടെയും മറ്റും അഭിപ്രായങ്ങള്‍ ഉള്‍കൊണ്ട ശേഷമായിരുന്നു തീരുമാനം എടുക്കേണ്ടിയിരുന്നത്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള അധികാരം സംസ്ഥാനസര്‍ക്കാരുകള്‍ക്കുണ്ട്. അതനുസരിച്ചാണ് കേരളനിയമസഭ ഡാം സുരക്ഷാനിയമം കൊണ്ടുവന്നത്. മറിച്ച്, 2006ലെ സുപ്രീംകോടതി വിധിയെ മറികടക്കാനാണെന്ന വ്യാഖ്യാനം ശരിയല്ല.

മുല്ലപ്പെരിയാര്‍ ഡാമിന്റെ ബലത്തെക്കുറിച്ച് കോടതി വേണ്ടത്ര വിലയിരുത്തിയോ എന്ന് സംശയമുണ്ട്. ശാസ്ത്രീയ നിഗമനങ്ങളുടെ പിന്‍ബലത്തോടെയുള്ള വിധിയല്ല ഇപ്പോള്‍ ഉണ്ടായത്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയില്‍ നില്‍ക്കുമ്പോള്‍ പോലും റിക്ടര്‍ സ്കെയിലില്‍ നാല് രേഖപ്പെടുന്ന ഭൂകമ്പമുണ്ടായാല്‍ഡാമിന്റെ നിലനില്‍പ്പ് അപകടത്തിലാവുമെന്നാണ് ഭൗമശാസ്ത്രജ്ഞനെന്നനിലയില്‍ തന്റെ നിഗമനം. വിധിയുടെ അടിസ്ഥാനത്തില്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ത്താന്‍ തമിഴ്നാട് ശ്രമിച്ചാല്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാവും. പെരിയാര്‍ കടുവാ സങ്കേതത്തെയും തേക്കടിയുടെ ടൂറിസം സാധ്യതകളെയും ഇത് തകിടം മറിക്കും. ഇത്തരമൊരു വിധി നേരത്തെ തന്നെ തമിഴ്നാട് പ്രതീക്ഷിച്ചിരുന്നുവെന്നാണ് അവരുടെ നീക്കങ്ങളില്‍നിന്ന് മനസിലാകുന്നതെന്നും ഡോ. എ വി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

deshabhimani

No comments:

Post a Comment