Saturday, May 10, 2014

ലക്ഷ്യംതെറ്റുന്ന കപ്പിത്താന്‍

സംഘപരിവാറും കോര്‍പറേറ്റ് മാധ്യമങ്ങളും ഉയര്‍ത്തിയ "മോഡി തരംഗ"ത്തിന് ദിനംതോറും നിറംമങ്ങുകയാണ്. എട്ടാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞതോടെ ബിജെപി പരിഭ്രാന്തിയിലാണ്. 41 സീറ്റിലേക്കുമാത്രമാണ് ഇനി വോട്ടെടുപ്പുള്ളത്. 18 സീറ്റ് കിഴക്കന്‍ യുപിയിലും 17 എണ്ണം പശ്ചിമബംഗാളിലും ആറെണ്ണം ബിഹാറിലും. ബിജെപിക്ക് ബാലികേറാമലയാണ് ഈ ഘട്ടം. തെരഞ്ഞെടുപ്പ് കമീഷനെത്തന്നെ വെല്ലുവിളിച്ച് മോഡി രംഗത്തുവന്നത് ഈ പരിഭ്രാന്തിയുടെ ആഴം വ്യക്തമാക്കുന്നു. വികസന അജന്‍ഡ ഉപേക്ഷിച്ച് തീവ്ര ഹിന്ദുത്വ അജന്‍ഡയും ജാതിരാഷ്ട്രീയവും പുറത്തെടുക്കാന്‍ മോഡിയെ പ്രേരിപ്പിച്ചതും ഈ അങ്കലാപ്പുതന്നെ. ഭരണഘടനാസ്ഥാപനങ്ങളോട് ഒരു ബഹുമാനവും ഇല്ലാത്ത പാര്‍ടിയാണ് ബിജെപിയെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതാണ് കമീഷനെതിരെയുള്ള മോഡിയുടെ പരാമര്‍ശങ്ങള്‍. തെരഞ്ഞെടുപ്പ് കമീഷന്‍ അസാധാരണമാംവിധം വാര്‍ത്താസമ്മേളനം നടത്തി മോഡിക്ക് മറുപടി പറഞ്ഞതും അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമാണ്.

രാജ്യമെങ്ങും മോഡിതരംഗമാണെന്നും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎക്ക് 300 സീറ്റ് ലഭിക്കുമെന്നുമാണ് രാജ്നാഥ്സിങ്ങിന്റെ അവകാശവാദം. എന്നാല്‍, കോര്‍പറേറ്റ് മാധ്യമങ്ങളുടെ അഭിപ്രായ വോട്ടെടുപ്പാകട്ടെ 230വരെ സീറ്റാണ് എന്‍ഡിഎക്ക് നല്‍കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയകാലാവസ്ഥയുമായി ബന്ധമില്ലാത്ത കണക്കുകള്‍ മാത്രമാണിതെന്ന് സംസ്ഥാനങ്ങളിലൂടെയുള്ള നിരീക്ഷണം വ്യക്തമാക്കും. കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് അനുകൂലമായ ഒരു തരംഗവും ഇല്ലെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വാരാണസി, ഗോരഖ്പുര്‍, ബന്‍സ്ഗാവ്, അസംഗഢ് മണ്ഡലങ്ങളില്‍ ബിജെപി വിജയിച്ചിരുന്നു. അസംഗഢില്‍ മുലായം സ്ഥാനാര്‍ഥിയായതോടെ അവിടെ ബിജെപിക്ക്് ജയിക്കാന്‍ കഴിയില്ലെന്നുമാത്രമല്ല, സമീപമണ്ഡലങ്ങളിലും എസ്പിക്ക് ജയിക്കാനുള്ള സാധ്യത കൂടി. മായാവതിക്കും ഈ മേഖലയില്‍ ശക്തമായ സ്വാധീനമുണ്ട്.

ജാതിയാണ് അന്തിമമായി കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പുഫലത്തെ തീരുമാനിക്കുകയെന്ന് മോഡിക്കും അംഗീകരിക്കേണ്ടിവന്നു. ഇതിനാലാണ് മോഡിയുടെ താഴ്ന്ന നിലവാരമുള്ള രാഷ്ട്രീയത്തെ പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചപ്പോള്‍ താന്‍ താഴ്ന്ന ജാതിക്കാരനായതുകൊണ്ടാണ് പ്രിയങ്ക വിമര്‍ശിക്കുന്നതെന്ന് മോധ് ഗെഞ്ചി ജാതിക്കാരനായ മോഡി പറഞ്ഞത്. ഗുജറാത്തില്‍ പിന്നോക്കജാതിയാണ് മോധ് ഗെഞ്ചി. എന്നാല്‍, നരേന്ദ്രമോഡി മുഖ്യമന്ത്രിയായശേഷമാണ് സമ്പന്നവിഭാഗമായ മോധ് ഗെഞ്ചിയെ പിന്നോക്കജാതിയില്‍ ഉള്‍പ്പെടുത്തിയത്. മണ്ഡല്‍ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ ബോധപൂര്‍വമാണ് ഈ ജാതിയെ പിന്നോക്ക ജാതി പട്ടികയില്‍ പെടുത്തിയതെന്ന് വ്യക്തം. മോധ് ഗെഞ്ചിയെ പിന്നോക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഒരുകാലത്തും ഗുജറാത്തില്‍ ഉയര്‍ന്നിരുന്നില്ല. എന്നിട്ടും സ്വന്തം രാഷ്ട്രീയ ഭാവി ഉറപ്പിക്കാനാണ് മോഡി സ്വന്തം ജാതിയെ പിന്നോക്കസമുദായത്തില്‍ ഉള്‍പ്പെടുത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദില്‍ നടത്തിയ റാലിയില്‍ ശ്രീരാമന്റെ പേരിലാണ് മോഡി വോട്ട് അഭ്യര്‍ഥിച്ചത്. ശ്രീരാമന്റെയും രാമജന്മഭൂമിയില്‍ സംഘപരിവാര്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന ക്ഷേത്രത്തിന്റെയും ചിത്രം അലങ്കരിച്ച സ്റ്റേജില്‍ രാമരാജ്യത്തെക്കുറിച്ച് മോഡി പ്രസംഗിച്ചു. വികസന അജന്‍ഡ ഉയര്‍ത്തിയാണ് മോഡി തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും സംഘപരിവാറിന്റെ മുഖ്യവിഷയങ്ങളൊന്നും അദ്ദേഹം സംസാരിച്ചില്ലെന്നുമുള്ള കോര്‍പറേറ്റ് മാധ്യമങ്ങളുടെ നുണക്കഥയാണ് ഫൈസാബാദില്‍ പൊളിഞ്ഞുവീണത്. മുസ്ലിങ്ങളെ ലക്ഷ്യമിട്ട് ബംഗ്ലാദേശി നുഴഞ്ഞുകയറ്റത്തെക്കുറിച്ച് മോഡി പശ്ചിമബംഗാളിലും അസമിലും സംസാരിച്ചതിന് തൊട്ടുപുറകെയാണ് ബംഗാളി സംസാരിക്കുന്ന 39 മുസ്ലിങ്ങളെ ബോഡോ തീവ്രവാദികള്‍ അസമില്‍ കൂട്ടക്കൊല ചെയ്തത്. മോഡിയുടെ അടുത്ത അനുയായി അമിത്ഷായും കിഴക്കന്‍ യുപിയില്‍ വര്‍ഗീയധ്രുവീകരണം ശക്തമാക്കുക ലക്ഷ്യമാക്കി വിവാദപ്രസ്താവനകള്‍ നടത്തി. വികസന അജന്‍ഡയല്ല മറിച്ച് വര്‍ഗീയധ്രുവീകരണം മാത്രമാണ് വിജയത്തിലേക്കുള്ള പാതയെന്ന സംഘപരിവാര്‍ നയമാണ് ഈ പ്രസ്താവനകളിലൂടെ പുറത്തുവന്നത്.

പത്തുവര്‍ഷംമുമ്പ് 2004ല്‍ നടന്ന ലോക്സഭാതെരഞ്ഞെടുപ്പില്‍ "ഇന്ത്യ തിളങ്ങുന്നു" എന്ന പ്രചാരണത്തിനാണ് ബിജെപിയും സംഘപരിവാറും നേതൃത്വംനല്‍കിയത്. ആറുവര്‍ഷത്തെ തുടര്‍ച്ചയായ ഭരണത്തിന്റെ ഫലമായി ഇന്ത്യ തിളങ്ങുന്നുവെന്നായിരുന്നു എല്‍ കെ അദ്വാനിയുടെ അവകാശവാദം. ബിജെപിയുടെ എക്കാലത്തേയും വലിയ നേതാവായ വാജ്പേയിയും അദ്വാനിയും നയിച്ച ആ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചതാകട്ടെ 137 സീറ്റാണ്. 1999ല്‍ ലഭിച്ച 182 സീറ്റില്‍നിന്നാണ് 137ലേക്ക് പതിച്ചത്. അന്ന് കോണ്‍ഗ്രസിന് എല്ലാ മാധ്യമങ്ങളും 180 സീറ്റില്‍ താഴെയാണ് പ്രവചിച്ചത്. പക്ഷേ, 206 സീറ്റ് ലഭിച്ചു. അപ്രതീക്ഷിതമായി കോണ്‍ഗ്രസിന് ലഭിച്ച ഈ വിജയത്തിന്റെ ശില്‍പ്പികള്‍ ആന്ധ്രപ്രദേശും ഉത്തര്‍പ്രദേശുമാണ്. ആന്ധ്രയില്‍ 33ഉം യുപിയില്‍ 21 സീറ്റും കോണ്‍ഗ്രസിന് ലഭിച്ചു. എന്നാല്‍, ഈ രണ്ട് സംസ്ഥാനത്തും പഴയ വിജയത്തിന്റെ അടുത്തുപോലും എത്താന്‍ ഇക്കുറി കോണ്‍ഗ്രസിനാകില്ല.

ബിജെപിക്ക് വാജ്പേയി 1999ല്‍ നേടിക്കൊടുത്ത 182 സീറ്റ് മോഡിയുടെ നേതൃത്വത്തില്‍ നേടാന്‍ കഴിയുമോ എന്ന് ഉറപ്പില്ല. സമകാല രാഷ്ട്രീയസ്ഥിതി നല്‍കുന്ന സൂചന അതാണ്. കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പില്‍ 116 സീറ്റ് മാത്രമാണ് എല്‍ കെ അദ്വാനിയുടെ നേതൃത്വത്തില്‍ ബിജെപി നേടിയത്. ഇക്കുറിയും നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ബിജെപിക്ക് സാധ്യത വിരളമാണ്. ആന്ധ്രപ്രദേശില്‍ തെലുങ്കുദേശവുമായി സഖ്യം സ്ഥാപിച്ചെങ്കിലും കൂടുതല്‍ സീറ്റ് ലഭിക്കുമെന്ന് പറയാനാകില്ല. കര്‍ണാടകത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 28ല്‍ 19 സീറ്റ് ലഭിച്ചു. അതില്‍ കുറയുകയല്ലാതെ കൂടാനിടയില്ല. തമിഴ്നാട്ടില്‍ ഒന്നിലധികം പാര്‍ടികളുമായി സഖ്യം സ്ഥാപിച്ചിട്ടുണ്ടെങ്കിലും പരിമിതമായ സീറ്റ് മാത്രമേ ലഭിക്കൂ. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കിഴക്കേ ഇന്ത്യയിലും ബിജെപിക്ക് പ്രതീക്ഷിക്കാനൊന്നുമില്ലതാനും.

ബിജെപി സീറ്റ് നേടുന്നത് മധ്യ ഇന്ത്യയിലും പശ്ചിമേന്ത്യയിലുമാണ്. ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ത്തന്നെ ബിജെപിക്ക് പരമാവധി സീറ്റുണ്ട്. ഈ മേഖലയില്‍ 20 സീറ്റ് പരമാവധി വര്‍ധിച്ചേക്കാം. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാന്‍ കഴിയാത്തതാണ് ഈ മേഖലയില്‍ ബിജെപിക്ക് സീറ്റ് വര്‍ധിക്കാന്‍ കാരണമാകുന്നത്. മോഡിക്ക് പ്രധാനമന്ത്രിയാകണമെങ്കില്‍ ഗംഗാസമതല സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശിലും ബിഹാറിലുംകൂടി എഴുപത് സീറ്റെങ്കിലും നേടണം. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ഉത്തര്‍പ്രദേശില്‍ ലഭിച്ചത് വെറും പത്ത് സീറ്റ് മാത്രമാണ്. അതുകൊണ്ടുതന്നെ അറുപത് സീറ്റ് ലഭിക്കുമെന്നത് ബിജെപിയുടെ ആഗ്രഹപ്രകടനംമാത്രമാണ്. ബിഹാറില്‍ ബിജെപിക്ക് നിലവില്‍ 15 സീറ്റുണ്ട്. അതില്‍ കൂടുതല്‍ ലഭിക്കാന്‍ ഒരു സാധ്യതയും നിലവിലില്ല. ബിഹാര്‍ രാഷ്ട്രീയത്തില്‍ ലാലുപ്രസാദ് യാദവിന്റെ ഉയര്‍ച്ച മോഡിയുടെ ഉറക്കംകെടുത്തുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ 200 സീറ്റിലെത്താന്‍ ബിജെപിക്ക് കഴിയില്ല. അദ്വാനിയെപോലെ മോഡിയും ലക്ഷ്യംതെറ്റിയ കപ്പലിന്റെ കപ്പിത്താനായി ചരിത്രത്താളുകളില്‍ ഇടംപിടിക്കും.

വി ബി പരമേശ്വരന്‍ deshabhimani

No comments:

Post a Comment