Sunday, May 11, 2014

അഴിഞ്ഞുവീണത് സുധീരന്റെ ആദര്‍ശ മുഖംമൂടി: പിണറായി

ഇരിക്കൂര്‍: ഷാനിമോള്‍ ഉസ്മാനെ താക്കീത് ചെയ്തതിലൂടെ വി എം സുധീരന്റെ ആദര്‍ശ മുഖംമൂടി അഴിഞ്ഞുവീണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വലിയ ജനാധിപത്യവാദിയും ആദര്‍ശധീരനുമാണ് സുധീരന്‍ എന്നാണ് മാധ്യമങ്ങള്‍ പാടിപ്പുകഴ്ത്തിയത്. കോണ്‍ഗ്രസ് യോഗത്തില്‍ സംസാരിച്ചതിന്് ഷാനിമോള്‍ക്കെതിരെ നടപടിയെടുത്ത സുധീരനെ എന്തു ജനാധിപത്യബോധമാണ് നയിക്കുന്നത്- പിണറായി ചോദിച്ചു. ശ്രീകണ്ഠപുരം കല്യാട് ഊരത്തൂര്‍ സിപിഐ എം ബ്രാഞ്ചിനു നിര്‍മിച്ച പി കുമാരന്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പുതിയ പരിവേഷം നല്‍കാനാണ് കെപിസിസി പ്രസിഡന്റായി സുധീരനെ അവരോധിച്ചത്. അദ്ദേഹം വന്നതോടെ പാര്‍ടിയിലെ കുഴപ്പങ്ങള്‍ മൂര്‍ഛിച്ചു. സുധീരന്റെ വരവോടെ കോണ്‍ഗ്രസിന്റെ മതിപ്പുയരുമെന്ന മാധ്യമങ്ങളുടെ പ്രചാരണവും വെറുതെയായി. തമ്മിലടിയും ചേരിപ്പോരുമായി വന്‍ കുഴപ്പത്തിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍. കസ്തൂരിരംഗന്‍- ഗാഡ്ഗില്‍ റിപ്പോര്‍ട്ട്, ആറന്മുള വിമാനത്താവളം തുടങ്ങിയ കാര്യങ്ങളില്‍ സുധീരന്‍ മുമ്പ് സ്വീകരിച്ച ആദര്‍ശ നിലപാട് ഇപ്പോള്‍ എവിടെപ്പോയെന്ന് പരിഹസിക്കുന്നത് കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശനാണ്. തന്നോട് യോജിക്കാത്ത ഒരാളെന്ന നിലയിലാണ് ഷാനിമോളെ പ്രതിക്കൂട്ടിലാക്കാന്‍ സുധീരന്‍ ശ്രമിച്ചത്. ഉത്തരവാദപ്പെട്ട ഒരു നേതാവ് ഉന്നയിച്ച ആക്ഷേപം പരിശോധിക്കുന്നതിനുപകരം പ്രതികാര നടപടി സ്വീകരിച്ചതിലൂടെ സുധീരന്റെ യഥാര്‍ഥ മുഖമാണ് വെളിവായത്. സുധീരനെ അവരോധിച്ച കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിച്ചതിന്റെ വിപരീത ഫലമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നും പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment