Sunday, May 4, 2014

നിയമനവും സ്തംഭിച്ചു; പിന്നില്‍ റിലയന്‍സ് കരാര്‍

തിരു: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മൂന്നു വര്‍ഷത്തേക്ക് നിയമന നിരോധനമായിരിക്കുമെന്ന് ചെയര്‍പേഴ്സണ്‍ അരുന്ധതി ഭട്ടാചാര്യ പ്രഖ്യാപിച്ചതിനു പിന്നിലും റിലയന്‍സുമായുണ്ടാക്കിയ കരാറിന്റെ ഭാഗം. വര്‍ഷം മുപ്പത്തയ്യായിരം ഒഴിവുകള്‍ സൃഷ്ടിക്കപ്പെടുന്ന എസ്ബിഐയില്‍ 2011ന് ശേഷം നിയമനമുണ്ടായിട്ടില്ല. 2011 ഡിസംബര്‍ 27ന് പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച് നടന്ന നിയമനങ്ങള്‍ക്ക് ശേഷം ക്ലറിക്കല്‍ തസ്തികതൊട്ട് താഴോട്ട് ഒരു നിയമനവും നടന്നില്ല. 2012 സാമ്പത്തിക വര്‍ഷം അവസാനം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ 2013ല്‍ 19,000 പേരെ നിയമിക്കുമെന്ന് ബാങ്ക് അധികൃതര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍,2013ല്‍ ഒരാളെപ്പോലും ക്ലറിക്കല്‍ തസ്തികയില്‍ നിയമിച്ചില്ല. റിട്ടയര്‍മെന്റ് ഒഴിവിലോ പുതിയ ശാഖകള്‍ തുടങ്ങുമ്പോഴോ നിയമനം നടത്തിയില്ല. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31ന് 8736 പേരാണ് വിരമിക്കുന്നത്. 2018ല്‍ ഇങ്ങനെ വിരമിക്കുന്നവരുടെ എണ്ണം 38,574 ആണ്. നിയമന നിരോധനം നിലനില്‍ക്കുന്നതിനാല്‍ ഈ ഒഴിവുകള്‍ ഒന്നും നികത്തില്ല. അതിനു പുറമെ സ്വമേധയാ(നിര്‍ബന്ധിത) വിരമിക്കല്‍ (വിആര്‍എസ്) നടപ്പാക്കാനും സാധ്യതയുണ്ടെന്ന് ജീവനക്കാര്‍ ഭയക്കുന്നു.

റിലയന്‍സ് കരാറാണ് ഇതിന് കാരണമായി കാണുന്നത്. എസ്ബിഐയില്‍ നിലവില്‍ 13,000 ശാഖയിലായി 2,21,336 ജീവനക്കാരുണ്ട്. ഒരു ശാഖയില്‍ ശരാശരി 17 ജീവനക്കാര്‍. റിലയന്‍സ് സേവാ കേന്ദ്രങ്ങള്‍ വരുന്നതോടെ ശാഖയില്‍ ശരാശരി അഞ്ചില്‍ താഴെ പേര്‍ മതിയാകും. അതായത് 12 പേര്‍ അധികം. 13,000 ശാഖകള്‍ കണക്കാക്കുമ്പോള്‍ ആകെയുള്ള 2,21,336 പേരില്‍ 1,56,000 പേരും അധികപ്പറ്റാകും. ഇവരെ എന്തുചെയ്യണമെന്നാണ് ഇപ്പോള്‍ എസ്ബിഐയുടെ തലപ്പത്തിരിക്കുന്നവര്‍ ആലോചിക്കുന്നത്. ഇത്തരം സാഹചര്യത്തിലാണ് സമ്പൂര്‍ണ നിയമന നിരോധനത്തിനു പുറമെ വിആര്‍എസ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സജീവ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നത്. 2013 ഒക്ടോബര്‍ ഏഴിനാണ് അരുന്ധതി ഭട്ടാചാര്യ ബാങ്കിന്റെ ചെയര്‍പേഴ്സണായി ചുമതലയേറ്റത്. തന്റെ മുന്‍ഗാമി പ്രദീപ് ചൗധരി സെപ്തംബര്‍ 30ന് വിരമിച്ച ഒഴിവിലാണ് അരുന്ധതി ചുമതലയേറ്റത്. പ്രദീപ് ചൗധരിയുടെ കാലത്തുതന്നെ അപ്രഖ്യാപിത നിയമന നിരോധനമായിരുന്നെങ്കില്‍ അരുന്ധതി വന്നതോടെ നിയമന നിരോധനം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

എം രഘുനാഥ്

എസ്ബിഐ അന്വേഷണം തുടങ്ങി

തിരു: റിലയന്‍സ് മണി ഇന്‍ഫ്രാസ്ട്രക്ചറുമായി ബന്ധപ്പെട്ട് "ദേശാഭിമാനി" യില്‍ വാര്‍ത്ത വന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ എസ്ബിഐ ആസ്ഥാനത്തുനിന്ന് നിര്‍ദേശം. ആസ്ഥാനമായ മുംബൈയില്‍നിന്ന് തലസ്ഥാനത്തെ ലോക്കല്‍ ഹെഡ് ഓഫീസിലേക്കാണ് നിര്‍ദേശം ലഭിച്ചത്. ദേശാഭിമാനി വാര്‍ത്തയുടെ പൂര്‍ണ ഇംഗ്ലീഷ് പരിഭാഷ ഉടന്‍ തയ്യാറാക്കി നല്‍കണമെന്നും മെയ് രണ്ടിന് അടിയന്തര നിര്‍ദേശം ലഭിച്ചു. റിലയന്‍സ് മണി ഇന്‍ഫ്രാസ്ട്രക്ചറിന്റെയും എസ്ബിഐയുടെയും ആസ്ഥാനത്ത് അതീവ രഹസ്യമായി ഒപ്പിട്ട കരാര്‍ പുറത്ത് വന്നതിനെ ഗൗരവത്തോടെയാണ് ബാങ്ക് അധികൃതര്‍ കാണുന്നത്.

എസ്ബിഐ-റിലയന്‍സ് ധാരണാപത്രം റദ്ദാക്കണം

കൊച്ചി: എസ്ബിഐ മാനേജ്മെന്റും റിലയന്‍സുമായുള്ള ധാരണാപത്രം റദ്ദാക്കണമെന്ന് എസ്ബിഐ പെന്‍ഷനേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍സെക്രട്ടറി ജോണ്‍ ജോസഫ് മുഖ്യപ്രഭാഷണവും എസ്ബിഐ ഡിജിഎം ആര്‍ മുത്തുവേല്‍ ഉദ്ഘാടനവും നിര്‍വഹിച്ചു.

ബാങ്ക് കുടുംബ പെന്‍ഷനുകള്‍ പരിഷ്കരിക്കുക, ഏകീകൃത വൈദ്യസഹായ പദ്ധതി നടപ്പാക്കുക, ക്ഷാമബത്ത ഏകീകരിക്കുക, ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുക, യാത്രാ കണ്‍സഷന്‍ അനുവദിക്കുക, എക്സ്ഗ്രേഷ്യാ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. എസ്ബിഐ ഒപ്പുവച്ച പുറംജോലി കരാര്‍ റദ്ദാക്കണം. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ സി സോമനാഥന്‍ അധ്യക്ഷനായി. സംസ്ഥാന ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ജോസഫ് പാലയ്ക്കല്‍, ജില്ലാ സെക്രട്ടറി ആര്‍ എം നായര്‍, ട്രഷറര്‍ കെ പി പ്രഭു, എസ്ബിഐ ഓഫീസേഴ്സ് അസോസിയേഷന്‍ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി വി കെ പ്രേമചന്ദ്രന്‍, എസ്ബിഎസ്യു ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ആര്‍ വിജയകുമാര്‍, പി വി ആന്റണി എന്നിവര്‍ സംസാരിച്ചു. 75 വയസ്സുകഴിഞ്ഞ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. ഭാരവാഹികള്‍: കെ സി സോമനാഥന്‍ (പ്രസിഡന്റ്), ആര്‍ എം നായര്‍ (സെക്രട്ടറി), കെ പി പ്രഭു (ട്രഷറര്‍).

deshabhimani

No comments:

Post a Comment