Thursday, May 8, 2014

സേവ് ഫാക്ട് പ്രക്ഷോഭം: പണിമുടക്കും ഹര്‍ത്താലും വിജയിപ്പിക്കുക: യൂണിയനുകള്‍

എഫ്എസിടിയെ സംരക്ഷിക്കുകയെന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന പണിമുടക്കും ഹര്‍ത്താലുമടക്കമുള്ള പ്രക്ഷോഭങ്ങള്‍ വിജയിപ്പിക്കണമെന്ന് തൊഴിലാളി സംഘടനാ ഭാരവാഹികള്‍ സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

കേരളത്തിലെ ഏറ്റവും വലിയ കേന്ദ്ര പൊതുമേഖലാസ്ഥാപനമായ എഫ്എസിടി ഗുരുതരമായ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. കമ്പനിക്ക് 991 കോടി രൂപയുടെ ധനസഹായം നല്‍കണമെന്ന് 2013 ഡിസംബര്‍ 20ന് ബിആര്‍പിഎസ്ഇ(ബോര്‍ഡ് ഫോര്‍ റീസ്ട്രക്ചറിങ് ഓഫ് പബ്ലിക് സെന്റര്‍ എന്റര്‍പ്രൈസസ്) ശുപാര്‍ശ ചെയ്തിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ഇത് നടപ്പാക്കിയിട്ടില്ല. കമ്പനി നേരിടുന്ന ഗുരുതരാവസ്ഥയ്ക്ക് പ്രധാന കാരണമിതാണ്. സാമ്പത്തിക പാക്കേജ് ഉടന്‍ ലഭ്യമാക്കിയില്ലെങ്കില്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുമെന്ന് കമ്പനി ചെയര്‍മാന്‍തന്നെ പരസ്യമായി പ്രസ്താവിച്ചിരിക്കുകയാണ്.

രാഷ്ട്രീയാതീതമായ സാര്‍വത്രിക അംഗീകാരമുള്ള സേവ് ഫാക്ട് പ്രക്ഷോഭം ആറുമാസം പിന്നിടുന്നു. ഫാക്ടിനെ സംരക്ഷിക്കുമെന്ന് വാഗ്ദാനം നല്‍കുകയും തുടര്‍ച്ചയായി പ്രഖ്യാപനം നടത്തുകയും ചെയ്യുന്നതല്ലാതെ സാമ്പത്തികസഹായത്തിന് ക്യാബിനറ്റിന്റെയോ, ധനകാര്യ ഉപസമിതിയുടെയോ അംഗീകാരം ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെയും തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണ്. ജനപ്രതിനിധികളും കേന്ദ്രമന്ത്രിമാരും വാഗ്ദാനം നല്‍കുകയും പരിശ്രമിക്കുകയുംചെയ്തിട്ട് ഫലപ്രാപ്തിയിലെത്തിയിട്ടില്ല. ഇതിന് ഒരു നീതീകരണവുമില്ല. ഈ സാഹചര്യത്തിലാണ്, സേവ് ഫാക്ട് പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി 12ന് എറണാകുളം ജില്ലയില്‍ പൊതു പണിമുടക്കിനും ഹര്‍ത്താലിനും തീവണ്ടി പിക്കറ്റിങ്ങിനും ട്രേഡ് യൂണിയനുകളും സമരസഹായ സമിതിയും ആഹ്വാനംചെയ്തിട്ടുള്ളത്.

ഫാക്ടിന്റെ ഭാഗമായ അമോണിയാ പ്ലാന്റുകള്‍ മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. പ്രകൃതിവാതകത്തിന്റെ അവിശ്വസനീയമായ വിലയാണ് ഇതിനു കാരണം. മറ്റ് രാസവള ശാലകള്‍ക്ക് 4.2 ഡോളറിന് വാതകം ലഭിക്കുമ്പോള്‍ ഫാക്ടിന് അത് 24.34 ഡോളറിനാണ് നല്‍കുന്നത്. ദേശീയ ശരാശരി വിലയ്ക്ക് ഇന്ധനം ലഭ്യമാക്കുന്ന ഒരു നയം രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തത് ഫാക്ട് പ്രതിസന്ധിയുടെ അടിസ്ഥാന പ്രശ്നങ്ങളിലൊന്നാണ്. ഇക്കാരണത്താല്‍ സ്വപ്നപദ്ധതിയായ കൊച്ചി പ്രകൃതിവാതക ടെര്‍മിനലും പ്രവര്‍ത്തനരഹിതമായി. ഫാക്ടിന്റെ ഭാവി ഭദ്രമാക്കാന്‍ സാമ്പത്തിക പാക്കേജ് നടപ്പാക്കുന്നതിനു പുറമെ പ്രകൃതിവാതകത്തിന്റെ വില നീതി പൂര്‍വകമാക്കണം. വന്‍ ഉല്‍പ്പാദന ശേഷിയുള്ള യൂറിയ അമോണിയ പദ്ധതി കമ്പനിക്ക് അനുവദിക്കുകയും വേണം. പ്രകൃതി വാതകത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള 14.5 ശതമാനം വാറ്റിന് ദീര്‍ഘകാല അവധി അനുവദിച്ചു കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

ചന്ദ്രശേഖരന്‍ (ബിഎംഎസ്), ഫിലിപ്പ് കെ തോസ് (യുടിയുസി), അഹമ്മദ്കുട്ടി ഉണ്ണിക്കുളം (എസ്ടിയു), ഇ ബി ഭട്ട് (എന്‍എല്‍ഒ), എ പി അനില്‍കുമാര്‍ ( ടിയുസിസി), ചാള്‍സ് ജോര്‍ജ്ജ് (ടിയുസിഐ), എം കെ കണ്ണന്‍(എച്ച്എംഎസ് ), എ ജലാലുദ്ദീന്‍(എഐയുടിയുസി) എന്നിവരും പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

deshabhimani

No comments:

Post a Comment