Monday, May 12, 2014

എംജി വി സി എ വി ജോര്‍ജിനെ പുറത്താക്കി

എം ജി വൈസ് ചാന്‍സിലര്‍ എ വി ജോര്‍ജിനെ ഗവര്‍ണര്‍ പുറത്താക്കി. സ്വയം രാജിവെക്കാന്‍ എ വി ജോര്‍ജ് ഗവര്‍ണരെ കാണാന്‍ ശ്രമിച്ചെങ്കിലും അതിനുവദിക്കാതെ ഗവര്‍ണര്‍ ഷീല ദീക്ഷിത് പുറത്താക്കല്‍ ഉത്തരവില്‍ ഒപ്പുവെക്കുകയായിരുന്നു. സംസ്ഥാനചരിത്രത്തില്‍ ആദ്യമായാണ് ഒരു വൈസ് ചാന്‍സിലരെ ഗവര്‍ണര്‍ പുറത്താക്കുന്നത്. പുറത്താക്കല്‍ ഉത്തരവ് എ വി ജോര്‍ജിന് കൈമാറി. ബയോഡാറ്റ തിരുത്തിയത് ഗുരുതരമായ വീഴ്ചയാണെന്ന് 25 പേജുള്ള ഉത്തരവില്‍ പറയുന്നു. നിയമനത്തിന് മുന്നേവരുത്തിയ തെറ്റിന് വി സിയുടെ പരിരക്ഷ ലഭിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

വൈസ് ചാന്‍സിലര്‍ നിയമനത്തിന് ബയോഡാറ്റ തിരുത്തുകയും ഇല്ലാത്ത യോഗ്യതകള്‍ ഉണ്ടെന്ന് കാണിക്കുകയും ചെയ്താണ് എ വി ജോര്‍ജ് നിയമനം സംഘടിപ്പിച്ചതെന്നായിരുന്നു പരാതി. 2013 ജനുവരിയിലാണ് വൈസ് ചാന്‍സിലറായി നിയമിതനായത്.കൂടാതെ വൈസ് ചാന്‍സിലര്‍ പദവിയിലിരുന്ന് അധ്യാപക നിയമനമടക്കമുള്ള കാര്യങ്ങളില്‍ ചട്ടലംഘനം നടത്തിയതായും പറയുന്നു. ഈ കാരണങ്ങളാല്‍ വൈസ് ചാന്‍സിലര്‍ പദവിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ വൈസ് ചാന്‍സിലറായി സത്യ പ്രതിജ്ഞ ചെയ്താല്‍ പുറത്താക്കാന്‍ വകുപ്പില്ലെന്നായിരുന്നു എ വി ജോര്‍ജിന്റെ നിലപാട്. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഗവര്‍ണര്‍ക്ക് തീരുമാനമെടുക്കാമെന്നായിരുന്നു വിധി.

ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വാദം തള്ളുകയായിരുന്നു. വിസിയെ നീക്കുന്ന കാര്യം അന്വേഷിക്കാന്‍ ഹൈക്കോടതിയിലെയോ സുപ്രിംകോടതിയിലേയോ ജഡ്ജിയെ നിയമിക്കണമെന്ന് കാണിച്ചാണ് എ വി ജോര്‍ജ് സുപ്രിംകോടതിയെ സമീപിച്ചിരുന്നത്. സുപ്രീംകോടതിയും ഗവര്‍ണര്‍ക്ക് തീരുമാനിക്കാമെന്ന് നിര്‍ദേശിച്ചു. തുടര്‍ന്ന് പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കല്‍ നോട്ടീസ് ഗവര്‍ണര്‍ നല്‍കിയിരുന്നു.കഴിഞ്ഞ ദിവസം തെളിവ് നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് തിങ്കളാഴ്ച സ്വയം രാജിവെക്കാന്‍ സന്നദ്ധനായത്. വൈകിട്ട് ഗവര്‍ണറെ കണ്ടശേഷം പ്രതികരിക്കാണെന്ന് എ വി ജോര്‍ജ് പറഞ്ഞു.

എംജി സംഭവം സര്‍ക്കാരിനെതിരായ കുറ്റപത്രം: എസ്എഫ്ഐ

യുഡിഎഫ് ഭരണത്തില്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം പ്രതിസന്ധിലായതിന്റെ തെളിവാണ് എംജി സര്‍വകലാശാലയിലെ ഇപ്പോഴത്തെ സംഭവമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ഷിജൂഖാനും സെക്രട്ടറി ടി പി ബിനീഷും പ്രസ്താവനയില്‍ പറഞ്ഞു.

വൈസ്ചാന്‍സലര്‍ പദവിയുടെ മൂല്യം കളഞ്ഞുകുളിച്ച മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയുമാണ് ഇതിനു മറുപടി പറയേണ്ടത്. സര്‍വകലാശാലകളെയും ഉന്നത പദവികളെയും രാഷ്ട്രീയമായി വീതംവച്ചതിന്റെ ദുരന്തമാണ് ഇത്. യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച വിസിയെ പുറത്താക്കിക്കൊണ്ടുള്ള ഗവര്‍ണറുടെ നടപടി സര്‍ക്കാരിനെതിരായ കുറ്റപത്രമാണ്. മുമ്പ് കലിക്കറ്റ് സര്‍വകലാശാലയില്‍ സ്കൂള്‍ മാനേജരെ വിസിയാക്കാനുള്ള യുഡിഎഫ് തീരുമാനം വിദ്യാര്‍ഥിസമരത്തിലൂടെയാണ് പിന്‍വലിച്ചത്. അയോഗ്യരെ ഇത്തരം പദവികളില്‍ അവരോധിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ അക്കാദമിക് സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment