Monday, May 12, 2014

ഫാക്ട് :ഹര്‍ത്താല്‍ പൂര്‍ണം

കൊച്ചി: കടുത്ത പ്രതിസന്ധി യിലായ ഫാക്ടിനെ കടക്കെണി യില്‍നിന്ന് കരകയറ്റാനുള്ള തൊഴിലാളികളുടെ നിരന്തര ശ്രമങ്ങളുള്‍ക്ക് പിന്തുണ യേകാന്‍ എറണാകുളം ജില്ലയില്‍ നടത്തുന്ന ഹര്‍ത്താല്‍ പൂര്‍ണം.കടകമ്പോളങ്ങള്‍ അടച്ചും വാഹനങ്ങള്‍ നിരത്തി ലിറക്കാതെയും തൊഴിലാളികളും കച്ചവടക്കാരും ഹര്‍ത്താലിന് പിന്തുണയേകി.കളമശ്ശേരി റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് ചെയ്ത തൊഴിലാളികള്‍ ബംഗളൂരുവിലേക്ക് പോകുന്ന ഐലന്‍ഡ് എക്സ്പ്രസ് ഉപരോധിച്ചു. തുടര്‍ന്ന് മാര്‍ച്ച് പൊലിസ് തടഞ്ഞു. കളമശേരി സൗത്ത് റെയില്‍വേ ഓവര്‍ബ്രിഡ്ജിനു സമീപമുള്ള റെയില്‍പ്പാളങ്ങളാണ് ഉപരോധിക്കുന്നത്. കളമശേരി എച്ച്എംടി ജങ്ഷനില്‍നിന്ന് ജനങ്ങള്‍ പ്രകടനമായാണ് ഉപരോധകേന്ദ്രത്തില്‍ എത്തുന്നത്.

തിങ്കളാഴ്ച രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിന്റെ ഭാഗമായുള്ള പൊതുപണിമുടക്ക് ഞായറാഴ്ച അര്‍ധരാത്രി ആരംഭിച്ചു. ജില്ലയിലെ വ്യവസായ ശാലകള്‍ അര്‍ധരാത്രിമുതല്‍ നിശ്ചലമായി. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കും. ലോറി, കണ്ടെയ്നര്‍, കാര്‍, ഓട്ടോറിക്ഷ, ബോട്ട്സര്‍വീസ് എന്നിവ റോഡിലിറങ്ങിയിട്ടില്ല. ജില്ലയില്‍നിന്നുള്ള ദീര്‍ഘദൂര ബസ്സര്‍വീസുകള്‍ ജില്ലാ അതിര്‍ത്തിയില്‍ സര്‍വീസ് നിര്‍ത്തുകയാണ്. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നില്ല. അതേസമയം അവശ്യസേവനങ്ങളായ പത്രം, പാല്‍വിതരണം, കുടിവെള്ളം, ആശുപത്രി, മരുന്നുകടകള്‍, ആംബുലന്‍സ്, വിവാഹ പാര്‍ടികള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തൊഴിലാളികളുടെ പരിദേവനങ്ങളെല്ലാം അവഗണിക്കപ്പെട്ട സാഹചര്യത്തിലാണ് ജില്ലയില്‍ ജനകീയ ഹര്‍ത്താല്‍ നടത്തേണ്ടി വന്നത്. കഴിഞ്ഞ ഏഴുമാസമായി സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റിയും വിവിധ തൊഴിലാളി യൂണിയനുകളുടെ സംയുക്ത കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും നാട്ടുകാരും ഫാക്ടിനുവേണ്ടി നടത്തുന്ന പോരാട്ടങ്ങള്‍ കണ്ടില്ലെന്നുനടിക്കുന്ന സര്‍ക്കാരുകള്‍ക്കുള്ള താക്കീതായി ഹര്‍ത്താല്‍ മാറും. പണിമുടക്കുന്ന തൊഴിലാളികള്‍ നിയോജകമണ്ഡലാടിസ്ഥാനത്തിലും പ്രാദേശിക കേന്ദ്രങ്ങളിലും പ്രകടനം നടത്തും. തൊഴിലാളി യൂണിയന്‍ നേതാക്കള്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിക്കും.

കഴിഞ്ഞ 203 ദിവസമായി ഫാക്ടിനുവേണ്ടി നടത്തുന്ന പോരാട്ടങ്ങളോട് മുഖംതിരിച്ച കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് കേരളജനതയെ ആകെ വഞ്ചിക്കുന്നതാണെന്ന് സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തി. പണിമുടക്കിനും ഹര്‍ത്താലിനും 14 ദിവസംമുമ്പ് നോട്ടീസ് നല്‍കിയിട്ടും അനുരഞ്ജന ചര്‍ച്ചകള്‍ക്കോ പരിഹാരത്തിനോ അധികൃതര്‍ തയ്യാറായിട്ടില്ല. മുഖ്യമന്ത്രിയോ മറ്റു മന്ത്രിമാരോ ഇക്കാര്യത്തിനായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിയിട്ടുമില്ല. യുപിഎ സര്‍ക്കാരിന്റെ കാലാവധി 16ന് അവസാനിക്കുകയാണ്. അതിനുമുമ്പ് 991.9 കോടി രൂപയുടെ പായ്ക്കേജ് അനുവദിച്ചുകിട്ടിയാലേ ഫാക്ടിനെ രക്ഷപ്പെടുത്താനാവൂ. പുനരുദ്ധാരണ പായ്ക്കേജ് അനുവദിക്കാതെ സര്‍ക്കാര്‍ ഒഴിഞ്ഞുമാറുന്നതിനുപിന്നില്‍ വലിയ ദുരൂഹതയുണ്ടെന്നും ജനകീയ ഹര്‍ത്താലിലേക്ക് ജില്ലയെ തള്ളിവിട്ടത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളാണെന്നും ആക്ഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തി.

deshabhimani

No comments:

Post a Comment