Monday, May 12, 2014

സിപിഐ എം സ്വരൂപിച്ച രാധാ കുടുംബസഹായഫണ്ട് ഇന്ന് കൈമാറും

നിലമ്പൂര്‍: കോണ്‍ഗ്രസ് ഓഫീസില്‍ കൊല്ലപ്പെട്ട കോവിലകത്തുമുറി ചിറക്കല്‍ രാധയുടെ കുടുംബത്തെ സഹായിക്കാന്‍ സിപിഐ എം സ്വരൂപിച്ച കുടുംബസഹായ ഫണ്ട് തിങ്കളാഴ്ച കൈമാറും.

ഫെബ്രുവരി അഞ്ചിനാണ് കോണ്‍ഗ്രസ് ഓഫീസിലെ ജീവനക്കാരി രാധ കൊല്ലപ്പെടുന്നത്. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം ബിജുവും സുഹൃത്ത് ഷംസുദ്ദീനും രാധയെ കൊലപ്പെടുത്തിയശേഷം ചാക്കില്‍ കെട്ടി ചുള്ളിയോട്ടുള്ള പരപ്പന്‍ പൂച്ചാലിലെ കുളത്തില്‍ കല്ലുകെട്ടി താഴ്ത്തുകയായിരുന്നു. രാധയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.കൊലപാതകത്തില്‍ രണ്ടിലധികം പേര്‍ക്ക് പങ്കുണ്ടെന്ന് രാധയുടെ കുടുംബവും പൊതുസമൂഹവും വിശ്വസിക്കുന്നു. എന്നാല്‍, അന്വേഷണം രണ്ട് പ്രതികളില്‍മാത്രം ഒതുക്കി കേസ് അവസാനിപ്പിക്കുകയാണുണ്ടായത്. അന്വേഷണത്തിന്റെ ഓരോഘട്ടത്തിലും തെളിവുനശിപ്പിക്കാനും ഉന്നതരെ സംരക്ഷിക്കാനുമാണ് പൊലീസ് ശ്രമിച്ചത്.

രാധയുടെ കുടുംബത്തെ നിയമപരമായും സാമ്പത്തികമായും സഹായിക്കാനാണ് സിപിഐ എം നേതൃത്വത്തില്‍ കുടുംബസഹായ സമിതി രൂപീകരിച്ചത്. പൊതുജനങ്ങളില്‍നിന്ന് ശേഖരിച്ച ഫണ്ട് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവന്‍ വൈകിട്ട് ആറിന് നിലമ്പൂര്‍ ടൗണില്‍ നടക്കുന്ന പൊതുയോഗത്തില്‍ രാധയുടെ കുടുംബത്തിന് കൈമാറും. ചടങ്ങില്‍ സിപിഐ എം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍, പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ, കെ ടി ജലീല്‍ എംഎല്‍എ, പി കെ സൈനബ, സത്യന്‍ മൊകേരി, എന്‍ അബ്ദുറഹിമാന്‍ എന്നിവര്‍ പങ്കെടുക്കും.

deshabhimani

No comments:

Post a Comment