Monday, May 12, 2014

രാഷ്ട്രീയലക്ഷ്യത്തോടെ അപവാദ കഥ

കണ്ണൂര്‍: ഭാവനയില്‍ മെനഞ്ഞ അപവാദകഥകളുമായി രാഷ്ട്രീയ എതിരാളികളും വലതുപക്ഷ മാധ്യമങ്ങളും വീണ്ടും സിപിഐ എം വേട്ട ശക്തമാക്കുന്നു. ജില്ലയിലെ പ്രമുഖ നേതാവിനെ ലക്ഷ്യമാക്കി ചില മാധ്യമങ്ങള്‍ നടത്തുന്ന ദുഷ്പ്രചാരണത്തിനു പിന്നില്‍ വിശാല ഗൂഢാലോചനയുണ്ടെന്ന് വ്യക്തം. സിപിഐ എം നേതാക്കളെ സമൂഹമധ്യത്തില്‍ കരിതേച്ചു കാണിക്കാനുള്ള ആസൂത്രിത നീക്കമാണ്, വസ്തുതയുടെ കണികപോലുമില്ലാത്ത അപവാദപ്രചാരണത്തില്‍ തെളിയുന്നത്. വ്യാഴാഴ്ച കേരളകൗമുദി ഫ്ളാഷ് സായാഹ്നപത്രമാണ് ആദ്യം ഇത്തരമൊരു വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. സിപിഐ എമ്മിന്റെ പ്രമുഖ നേതാവ് എന്ന് സൂചിപ്പിച്ച് പേര് പരാമര്‍ശിക്കാതെ, പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിക്കാതെ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ വ്യാപകമായി പ്രചരിപ്പിച്ചു. അടുത്ത ദിവസം കോണ്‍ഗ്രസ്, ബിജെപി മുഖപത്രങ്ങള്‍ ഏറ്റെടുത്തു. നേതാവിനെതിരെ ഫ്ളക്സ് ബോര്‍ഡുകള്‍ എന്ന് പറഞ്ഞ് ശനിയാഴ്ച ജയ്ഹിന്ദ്, ജീവന്‍ തുടങ്ങിയ ചാനലുകളും അപവാദ പ്രചാരണം തുടര്‍ന്നു. പറഞ്ഞുപരത്തലില്‍ തുടങ്ങിയ കെട്ടുകഥ ആദ്യം സായാഹ്ന പത്രത്തിലും തുടര്‍ന്ന് ഫ്ളക്സിന്റെ പേരില്‍ മറ്റ് പത്രങ്ങളിലും ചാനലുകളിലും വരുത്തിക്കുന്നതിന് പിന്നില്‍ സംഘടിത ശ്രമമാണ് നടന്നിട്ടുള്ളത്.

സേവ് സിപിഐ എം ഫോറമെന്ന പേരില്‍ മുമ്പും ഇത്തരം ഹീനമായ പ്രചാരണ തന്ത്രങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. പാര്‍ടിക്കെതിരെ നുണക്കഥകള്‍ ചമച്ച് പത്തോ, പതിനഞ്ചോ ഊമക്കത്തുകള്‍ അയക്കും. തുടര്‍ന്ന് അത് വന്‍പ്രചാരമുള്ള പത്രങ്ങളും ചാനലുകളും ഏറ്റെടുക്കും. ഈ രീതിയാണ് ഇപ്പോഴും അവലംബിക്കുന്നത്. വാര്‍ത്തയുടെ ചുവടുപിടിച്ച് ഇന്റലിജന്‍സ് അന്വേഷണത്തിനും ഭരണകക്ഷി കരുക്കള്‍ നീക്കി. പൊലീസ് ജില്ലയിലെ ഒരു പ്രമുഖ സഹകരണ സ്ഥാപനത്തിലെത്തി അന്വേഷണം നടത്തിയെങ്കിലും പ്രചാരണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് ബോധ്യപ്പെട്ട് മടങ്ങുകയാണുണ്ടായത്. ഫ്ളാഷിലെ വ്യാജ വാര്‍ത്ത കണ്ട് സിപിഐ എം നേതാക്കള്‍ കേരള കൗമുദി കണ്ണൂര്‍ ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങളറിഞ്ഞില്ലെന്നും വാര്‍ത്ത തിരുവനന്തപുരത്തുനിന്നാണെന്നുമായിരുന്നു വിശദീകരണം. തലേദിവസം കണ്ണൂര്‍ യൂണിറ്റിലെ ഒരു ലേഖകന്‍ പെരളശേരി കോട്ടത്തെ ഒരാളെ വിളിച്ച് ഈ കാര്യങ്ങള്‍ തിരക്കിയതായി തെളിഞ്ഞിട്ടുണ്ട്. തങ്ങളുടെ വാര്‍ത്തയുടെ പിതൃത്വം ഏറ്റെടുക്കാനുള്ള ആര്‍ജവംപോലും പത്രവും ലേഖകനും കാട്ടാതിരിക്കുമ്പോഴാണ് "ഇതാ കിട്ടിപ്പോയി" എന്ന മട്ടില്‍ മാര്‍ക്സിസ്റ്റ് വിരുദ്ധര്‍ പ്രചാരണം തുടരുന്നത്.

കോണ്‍ഗ്രസ്, ബിജെപി തുടങ്ങിയ പാര്‍ടികളെപ്പോലെയാണ് സിപിഐ എമ്മുമെന്ന് വരുത്തുകയാണ് ലക്ഷ്യം. സോളാര്‍ തട്ടിപ്പ് പ്രതി സരിത നായര്‍ തന്നെ കോണ്‍ഗ്രസ് എംഎല്‍എ എ പി അബ്ദുള്ളക്കുട്ടി ബലാത്സംഗം ചെയ്തതായി വെളിപ്പെടുത്തിയിട്ട് രണ്ടുമാസം കഴിഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാരോ, കോണ്‍ഗ്രസ് പാര്‍ടിയോ എംഎല്‍എക്കെതിരെ ഒരു നടപടിയുമെടുത്തില്ല. കേന്ദ്ര സഹമന്ത്രി കെ സി വേണുഗോപാലും സരിതയും തമ്മിലുള്ള വഴിവിട്ട ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട വനിതാ നേതാവിനെതിരെയാണ് ആദര്‍ശധീരനായ കെപിസിസി അധ്യക്ഷന്‍ അച്ചടക്ക നടപടി സ്വീകരിച്ചത്.

deshabhimani

No comments:

Post a Comment