Saturday, May 3, 2014

സുധീരനെതിരെ സതീശന്‍

ബാര്‍ ലൈസന്‍സ് തര്‍ക്കം യുഡിഎഫിന് വിട്ടെങ്കിലും പ്രശ്നപരിഹാരം വോട്ടെണ്ണല്‍ കഴിയുംവരെ നീളും. അടച്ചിട്ട 418 ബാര്‍ തുറക്കാനേ പാടില്ലെന്ന കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ നിലപാടിനെതിരെ വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ പരസ്യമായി രംഗത്തിറങ്ങി. കെ മുരളീധരനും കഴിഞ്ഞദിവസം വിമര്‍ശം ഉയര്‍ത്തിയിരുന്നു. നിലവാരമുള്ള ബാറുകളുടെ ലൈസന്‍സ് പുതുക്കണമെന്ന് മന്ത്രി കെ എം മാണിയും ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിലും യുഡിഎഫിലും ബാര്‍ലൈസന്‍സ് പ്രശ്നം രൂക്ഷമായി നിലനില്‍ക്കുകയാണെങ്കിലും അടുത്ത യുഡിഎഫ് യോഗത്തിലേ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകാന്‍ ഇടയുള്ളൂ. ഈ മാസം 20നാണ് യുഡിഎഫ് യോഗം ചേരുന്നത്. കോണ്‍ഗ്രസില്‍ സമവായം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് വിഷയം കഴിഞ്ഞദിവസം യുഡിഎഫിന് വിട്ടത്. യുഡിഎഫ് ഘടകകക്ഷി നേതാക്കളുടെ അഭിപ്രായം അനൗദ്യോഗികമായി അറിയാന്‍ തീരുമാനിച്ചെങ്കിലും ഇതുസംബന്ധിച്ച് ഒരുനീക്കവും കഴിഞ്ഞ രണ്ടുദിവസങ്ങളിലും നടന്നിട്ടില്ല. ഇതേത്തുടര്‍ന്നാണ് കെ എം മാണിയും വി ഡി സതീശനും പരസ്യമായി രംഗത്തുവന്നത്. യുഡിഎഫ് കക്ഷി നേതാക്കള്‍ക്കിടയിലും കോണ്‍ഗ്രസിലും മുഖ്യമന്ത്രിയുടെ നിലപാടിന് മുന്‍തൂക്കം കിട്ടിത്തുടങ്ങിയതായാണ് സൂചന. ഒരാള്‍ മദ്യവിരുദ്ധനും മറ്റുള്ളവര്‍ മദ്യലോബിയുടെ ആള്‍ക്കാരുമാണെന്ന പ്രചാരണം ശരിയല്ലെന്ന വി ഡി സതീശന്റെ പരാമര്‍ശം സുധീരനെ ലക്ഷ്യമിട്ടാണ്.

യുഡിഎഫ് യോഗത്തിനുമുമ്പ് ബാര്‍ പ്രശ്നത്തില്‍ തീരുമാനം ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. പൂട്ടിക്കിടക്കുന്നവയില്‍ നിലവാരമുള്ള ബാറുകള്‍ ഏറെയുണ്ട്. തുറന്ന് പ്രവര്‍ത്തിക്കുന്നവയില്‍ നിലവാരമില്ലാത്തവയുമുണ്ട്. ഈ സാഹചര്യത്തില്‍ ഭൗതികമായ പരിശോധന അനിവാര്യമാണെന്ന് സതീശന്‍ വാദിക്കുന്നു. മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും കോണ്‍ഗ്രസ് നേതാക്കളില്‍ ഭൂരിപക്ഷവും ഈ അഭിപ്രായക്കാരാണ്. പക്ഷേ, പരസ്യമായി പറയാന്‍ പലരും മടിക്കുന്നുവെന്നുമാത്രം. മാഫിയക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്നുവെന്ന് മേനിനടിക്കാന്‍ വി എം സുധീരനെ അനുവദിക്കരുതെന്ന വികാരം ശക്തമാണ്. ഒരാള്‍ മാഫിയക്കെതിരും മറ്റുള്ളവര്‍ മാഫിയകളുടെ സ്വന്തക്കാരുമാണെന്ന സമീപനം വേണ്ടെന്ന് പലര്‍ക്കും അഭിപ്രായമുണ്ട്. വരുംദിവസങ്ങളില്‍ ഈ നീക്കത്തിന് ആക്കം വര്‍ധിക്കും. അതോടെ സുധീരന്‍ കൂടുതല്‍ ഒറ്റപ്പെടുമെന്നാണ് സൂചന.

രണ്ട് വള്ളത്തില്‍ കാലുവയ്ക്കാനാകില്ല: സുധീരന്‍

തിരു: മദ്യലോബികളുടെ പ്രീതി നേടാനും ഒപ്പം പ്രതിച്ഛായ സംരക്ഷിക്കാനും ചിലര്‍ ശ്രമിച്ചാല്‍ അത് നടക്കില്ലെന്ന് വി എം സുധീരന്‍. ഒരേസമയം രണ്ട് വള്ളത്തില്‍ കാലുവയ്ക്കാനാകില്ല. ബാര്‍ലൈസന്‍സ് പുതുക്കുന്നത് സംബന്ധിച്ച സുധീരന്റെ നിലപാടിനെ കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ വിമര്‍ശിച്ചതിന് പിന്നാലെയാണ് പ്രതികരണം. വൈഎംസിഎ ഹാളില്‍ നടന്ന എം പി മന്മഥന്‍ ജന്മശതാബ്ദി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈസന്‍സുള്ള ബാറുകള്‍ക്കും നിലവാരമുണ്ടോ എന്ന് പരിശോധിക്കണം. മദ്യലോബി സമ്മര്‍ദം ചെലുത്തി പലകാര്യങ്ങളും നേടിയിട്ടുണ്ട്. ചിലര്‍ പ്രതിഛായയും മദ്യലോബിയുടെ പ്രീതിയും ആഗ്രഹിക്കുന്നു. ഇത് നടക്കില്ല. ബാറുടമകളോട് എന്തിനാണ് ഇത്ര ഉദാരമായ സമീപനം. ബാര്‍ തൊഴിലാളികളുടെ ജീവിതം സംരക്ഷിക്കണം. ഇതിന് വേണ്ട നടപടി സര്‍ക്കാര്‍ സ്വീകരിക്കണം. മദ്യലോബിക്കെതിരായ പ്രവര്‍ത്തനത്തിന്റെ ആഗോള ബ്രാന്‍ഡ് അംബാസഡര്‍ പദവി എനിക്ക് വേണ്ട. ബാറുകള്‍ക്കെതിരായ നിലപാട് തന്റെ പ്രതിഛായ നിലനിര്‍ത്താനല്ല. 2012ലെ സിഎജി റിപ്പോര്‍ട്ട് വന്നപ്പോള്‍ അന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ബാറുകളുടെ ലൈസന്‍സ് നല്‍കുന്ന കാര്യം, ഗുണനിലവാരം എന്നിവ പരിശോധിക്കണമെന്ന് കത്ത് നല്‍കിയിരുന്നു. കെപിസിസി പ്രസിഡന്റാകുന്നതിനുമുമ്പും ഇതുതന്നെയായിരുന്നു താന്‍ പറഞ്ഞത്. അന്ന് മുഖ്യമന്ത്രിക്കയച്ച കത്തും സുധീരന്‍ വായിച്ചു.

ഒരാള്‍ മാത്രം മദ്യവിരുദ്ധനെന്നത് ശരിയല്ല: വി ഡി സതീശന്‍

പത്തനംതിട്ട: ബാര്‍ ലൈസന്‍സ് വിഷയത്തില്‍ വി എം സുധീരനെ തള്ളി കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ എംഎല്‍എ രംഗത്ത്. ഒരാള്‍ മാത്രം മദ്യ വിരുദ്ധനും മറ്റുള്ളവര്‍ മദ്യ ലോബിയുടെ ആളുകളുമാണെന്ന് പറയുന്നത് ശരിയല്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. പത്തനംതിട്ടയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ബാറുകളെല്ലാം നിലവാരം ഉള്ളവയാണെന്ന് അഭിപ്രായമില്ല. പൂട്ടിയ ബാറുകളില്‍ ചിലതിന് നിലവാരമുണ്ടാകാനുള്ള സാധ്യതയില്ല. നിലവാരമില്ലാത്ത മുഴുവന്‍ ബാറുകളും പൂട്ടണം. അനുമതി കൊടുത്തതിലും നിലവാരം തീരെയില്ലാത്ത ബാറുണ്ട്്. തീരെ മദ്യലഭ്യത ഇല്ലാത്ത അവസ്ഥ ഉണ്ടാകാന്‍ പാടില്ല. അത് ആപത്താകും. ബാര്‍ വിഷയത്തില്‍ സര്‍ക്കാരിന് അന്തിമ തീരുമാനം എടുക്കേണ്ട സമയമായി. പാര്‍ടിയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും. പാര്‍ടിയില്‍ ചേരിതിരിവ് ഇല്ലെന്നും സതീശന്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment