Tuesday, May 13, 2014

വര്‍ഗീയതയും പണവും നിറഞ്ഞാടിയ തെരഞ്ഞെടുപ്പ്

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയ അവസാനിച്ചു. തിങ്കളാഴ്ച 41 മണ്ഡലത്തിലെ വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ 543 അംഗ ലോക്സഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. അഞ്ചാഴ്ച നീണ്ട വോട്ടെടുപ്പ് ഒമ്പതു ഘട്ടത്തിലായാണ് പൂര്‍ത്തിയായത്. പലതുകൊണ്ടും വ്യത്യസ്തമായതിനാല്‍ തെരഞ്ഞെടുപ്പു ചരിത്രത്തില്‍ ഇതിന് പ്രത്യേകസ്ഥാനമുണ്ടാകും.

ബിജെപിയാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഛായ നല്‍കിയത്. മൂന്നുതവണ മുഖ്യമന്ത്രിയായ നരേന്ദ്രമോഡിയെ മാസങ്ങള്‍ക്കുമുമ്പ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. എംപിമാര്‍ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്ന ജനാധിപത്യരീതിയാണ് അട്ടിമറിക്കപ്പെട്ടത്. കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി രാഹുല്‍ഗാന്ധിയെ പ്രഖ്യാപിച്ചില്ലെങ്കിലും അദ്ദേഹംതന്നെയാണ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ പ്രചാരണത്തിലെവിടെയും കാണാനുണ്ടായിരുന്നില്ല.

ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തില്‍ 1971ല്‍ നടന്ന തെരഞ്ഞെടുപ്പും ഇതേ മാതൃകയിലായിരുന്നു. "ഇന്ത്യയെന്നാല്‍ ഇന്ദിര"യെന്ന മുദ്രാവാക്യം അന്ന് കോണ്‍ഗ്രസ് അധ്യക്ഷനായ ദേവകാന്ത് ബറുവ ഉയര്‍ത്തി. നാല്‍പ്പത്തഞ്ച് ദിവസം ഗൗതം അംബാനി നല്‍കിയ പ്രത്യേക വിമാനത്തില്‍ മോഡി 477 പൊതുയോഗങ്ങളില്‍ പങ്കെടുത്തു. മൂന്നു ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച മോഡി എല്ലാദിവസവും ഉറങ്ങിയത് അഹമ്മദാബാദിലായിരുന്നു. വിമാനം പാര്‍ക്ക് ചെയ്യുന്നതിന് വന്‍ വാടക നല്‍കേണ്ടതുകൊണ്ടാണ് എല്ലാദിവസവും സ്വന്തം വസതിയിലേക്ക് മടങ്ങിയതെന്ന് ബിജെപിയുടെ വിശദീകരണം. പത്രങ്ങളിലും ചാനലുകളിലും "അബ്കിബാര്‍ മോഡി സര്‍ക്കാര്‍" എന്ന പരസ്യം ഉയര്‍ന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെയും പ്രചാരണം കൊഴുത്തു. "ചായ് പേ ചര്‍ച്ചയും" ത്രിഡി റാലികളും നടന്നു. പതിനായിരം കോടിയാണ് മോഡി സ്വയം മാര്‍ക്കറ്റ് ചെയ്യാനായി ഉപയോഗിച്ചത്. 70 ലക്ഷമേ ചെലവാക്കാന്‍ പാടുള്ളൂവെന്ന നിബന്ധനയുണ്ടെങ്കിലും മോഡി പണമെറിഞ്ഞു. ഒബാമപോലും ചെലവഴിച്ചത് 6000 കോടി രൂപയായിരുന്നു. എന്നാല്‍, മോഡി ചെലവാക്കിയത് 4000 കോടിയലധികം. പണംകൊണ്ട് വോട്ട് നേടാമെന്ന് അഹങ്കരിക്കുകയാണ് മോഡിയും ബിജെപിയും. "വെള്ളംപോലെ പണം ഒഴുകുന്നു"വെന്ന ചൊല്ലുണ്ടായിരുന്നു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഭാഷയില്‍ ഇനി അത് ഇങ്ങനെ മാറ്റിയെഴുതാം. "2014 തെരഞ്ഞെടുപ്പില്‍ ബിജെപി പണം ചെലവാക്കിയതുപോലെ." അയോധ്യാപ്രസ്ഥാനത്തിനുശേഷം വര്‍ഗീയ ധ്രുവീകരണം ഉണ്ടായ തെരഞ്ഞെടുപ്പും ഇതാണ്. പശ്ചിമ യുപിയിലും മറ്റും ഹിന്ദു- മുസ്ലിം തെരഞ്ഞെടുപ്പെന്ന മട്ടിലാണ് വോട്ടെടുപ്പ് നടന്നത്. മുസഫര്‍നഗര്‍ കലാപത്തിന് വോട്ടിലൂടെ പ്രതികാരംചെയ്യാന്‍ ആഹ്വാനംചെയ്ത അമിത്ഷാ പിന്നീട് മുലായംസിങ് യാദവ് മത്സരിക്കുന്ന അസംഗഡ് ഭീകരവാദികളുടെ കേന്ദ്രമാണെന്നു പറഞ്ഞു. മോഡിയെ പിന്തുണയ്ക്കാത്തവര്‍ക്കുള്ള സ്ഥാനം പാകിസ്ഥാനാണെന്ന് ബിഹാറിലെ ബിജെപി സ്ഥാനാര്‍ഥി ഗരിരാജ് സിങ് പറഞ്ഞു. വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയാകട്ടെ ഹിന്ദുക്കള്‍ താമസിക്കുന്നിടത്ത് സ്ഥലമോ വീടോ മുസ്ലിങ്ങള്‍ വാങ്ങാന്‍ പാടില്ലെന്ന് ഭീഷണിപ്പെടുത്തി. അതിനിടെ മോഡിയെ വെട്ടിനുറുക്കാന്‍ എസ്പി നേതാവ് അസംഖാനും പറഞ്ഞു. വ്യക്തിപരമായ ആക്രമണവും നടന്നു. മോഡിയും പ്രിയങ്കഗാന്ധിയും മോഡിയും രാഹുല്‍ഗാന്ധിയും ഒരുവശത്ത് നിരന്നപ്പോള്‍ രംദേവ് രാഹുല്‍ഗാന്ധിയുടെ ദളിത് വീട് സന്ദര്‍ശനത്തെ വിമര്‍ശിച്ചു. ജാതിയാണ് വോട്ട് നേടിത്തരുകയെന്ന തിരിച്ചറിവിന്റെ ഭാഗമായി മോഡി താന്‍ പിന്നോക്കജാതിക്കാരനാണെന്നു വിളിച്ചു പറഞ്ഞു. പ്രിയങ്ക വിമര്‍ശിച്ചത് അവസരമാക്കിയാണ് മോഡി ജാതിക്കാര്‍ഡ് പുറത്തിറക്കിയത്.

വി ബി പരമേശ്വരന്‍

വോട്ടെടുപ്പ് അവസാനിച്ചു; റെക്കോഡ് പോളിങ്

ന്യൂഡല്‍ഹി: മൂന്നു സംസ്ഥാനത്തെ 41 മണ്ഡലത്തില്‍ തിങ്കളാഴ്ച വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ 16-ാം ലോക്സഭാ തെരഞ്ഞെടുപ്പു പ്രക്രിയ അവസാനിച്ചു. വെള്ളിയാഴ്ച വോട്ടെണ്ണും. രാജ്യം കണ്ട ഏറ്റവുമുയര്‍ന്ന പോളിങ് ശതമാനമെന്ന നേട്ടത്തോടെയാണ് പോളിങ് അവസാനിച്ചത്. 1984ല്‍ 64 ശതമാനം രേഖപ്പെടുത്തിയതായിരുന്നു ഇതേവരെയുള്ള ഉയര്‍ന്ന പോളിങ്. എന്നാല്‍, ഇത്തവണ 66.38 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 59 ശതമാനമായിരുന്നു.

തിങ്കളാഴ്ച വോട്ടെടുപ്പ് നടന്ന കിഴക്കന്‍ ഉത്തര്‍പ്രദേശിലെ 18 മണ്ഡലത്തില്‍ 55 ശതമാനമാണ് പോളിങ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലങ്ങളില്‍ 47 ശതമാനമാണ് രേഖപ്പെടുത്തിയത്. 17 മണ്ഡലത്തില്‍ വോട്ടെടുപ്പ് നടന്ന ബംഗാളില്‍ 79 ശതമാനമാണ് പോളിങ്. 2009ല്‍ 82 ശതമാനമായിരുന്നു. തിങ്കളാഴ്ച വോട്ടെടുപ്പ് നടന്ന മണ്ഡലത്തിലെല്ലാം തന്നെ വ്യാപകമായി ബൂത്തുപിടിത്തവും അക്രമവും തൃണമൂല്‍ കോണ്‍ഗ്രസ് നടത്തി. ആറ് സീറ്റില്‍ വോട്ടെടുപ്പ് നടന്ന ബിഹാറില്‍ 54 ശതമാനമാണ് പോളിങ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 44 ശതമാനമായിരുന്നു. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി മത്സരിക്കുന്ന വാരണാസിയില്‍ 53 ശതമാനം മാത്രമാണ് പോളിങ്. 2009 ലേതില്‍ നിന്ന് പത്തു ശതമാനത്തോളം ഉയര്‍ന്നു.

കോണ്‍ഗ്രസിന്റെ അജയ്റായിയും എഎപിയുടെ അരവിന്ദ് കെജ്രിവാളും ശക്തമായ ത്രികോണമത്സരം ഉയര്‍ത്തിയതാണ് പോളിങ് വര്‍ധനയ്ക്ക് വഴിയൊരുക്കിയത്. 2009ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഇക്കുറി പോളിങ് ഉയര്‍ന്നുവെന്നത് ശ്രദ്ധേയമാണ്. തമിഴ്നാട്ടിലും കേരളത്തിലുമാണ് വലിയ വ്യത്യാസം പോളിങ്ങില്‍ ഉണ്ടാകാതിരുന്നത്. എന്നാല്‍, ഈ രണ്ടു സംസ്ഥാനത്തും കഴിഞ്ഞ കുറേ തെരഞ്ഞെടുപ്പുകളായി 70 ശതമാനത്തിലേറെ പോളിങ് പതിവായി രേഖപ്പെടുത്താറുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 73.03 ശതമാനം പോളിങ് രേഖപ്പെടുത്തിയ തമിഴ്നാട്ടില്‍ ഇക്കുറി 73 ശതമാനമായി കുറഞ്ഞു.

കേരളത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ 73.36 ശതമാനം പോളിങ് 74.02 ശതമാനമായി ഉയര്‍ന്നു. മറ്റു സംസ്ഥാനങ്ങളിലെ പോളിങ് ശതമാനം: (കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ശതമാനം ബ്രാക്കറ്റില്‍)- മഹാരാഷ്ട്ര 61.5 (50.71), മധ്യപ്രദേശ് 61.57 (51.16), ഗുജറാത്ത് 62 (47.90), കര്‍ണാടക 67.28 (58.81), ഒഡിഷ 74 (65.33), അസം 80.13 (69.53), ജാര്‍ഖണ്ഡ് 63.55 (50.98), ഹരിയാന 71.86 (67.49), രാജസ്ഥാന്‍ 63.02 (48.90). തിങ്കളാഴ്ച മാത്രം വോട്ടെടുപ്പ് പൂര്‍ത്തിയായ ബിഹാര്‍, യുപി, ബംഗാള്‍ സംസ്ഥാനങ്ങളിലെ അന്തിമകണക്കുകള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍, ഈ സംസ്ഥാനങ്ങളിലും മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് പോളിങ് ശതമാനം ഉയര്‍ന്നിട്ടുണ്ട്.

deshabhimani

No comments:

Post a Comment