Tuesday, May 13, 2014

ഡീസല്‍ വില ഒരുരൂപയിലധികം കൂട്ടി

ന്യൂഡല്‍ഹി: ഡീസലിന് ലിറ്ററിന് ഒരു രൂപ 9 പൈസ കൂട്ടി. സംസ്ഥാന നികുതികള്‍ പുറമെ. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി ഒരുദിവസംപോലും കാത്തുനില്‍ക്കാതെയാണ് ഡീസല്‍വില വര്‍ധിപ്പിച്ചത്. തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ വര്‍ധന നിലവില്‍വന്നു. വാറ്റും സംസ്ഥാന നികുതിയും ഉള്‍പ്പെടെ ഡല്‍ഹിയില്‍ ലിറ്ററിന് 1.22 രൂപ വര്‍ധിച്ച് 56.71 രൂപയായി ഉയരും.

മുംബൈയില്‍ 63.86ല്‍നിന്ന് 65.21 ആയി. കൊച്ചിയില്‍ 58.42 ആയിരുന്നത് 59.72 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് അവസാനം വില വര്‍ധിപ്പിച്ചത്. ജനുവരിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭയാണ് ഡീസലിന് പ്രതിമാസം 50 പൈസ വീതം വര്‍ധിപ്പിക്കാന്‍ പെട്രോളിയം കമ്പനികള്‍ക്ക് അധികാരം നല്‍കിയത്. പൊതുതെരഞ്ഞെടുപ്പായതിനാലാണ് യുപിഎ സര്‍ക്കാര്‍ കഴിഞ്ഞ രണ്ടുമാസം ഇന്ധനവില വര്‍ധിപ്പിക്കാതിരുന്നത്. മെയ് ഒമ്പതിലെ കണക്കുപ്രകാരം അസംസ്കൃത എണ്ണയുടെ ഇന്ത്യയിലെ വില ബാരലിന് 106.05 ഡോളറായി വര്‍ധിച്ചു.

deshabhimani

No comments:

Post a Comment