ലണ്ടന്‍: യു കെ യിലെ ഏറ്റവും വലിയ നാലു ബാങ്കുകളില്‍ ഒന്നായ ബാര്‍ക്ലേയ്സ് ബാങ്ക് 19,000 തൊഴിലാളികളെ പിരിച്ചുവിടുന്നു. പുതിയ ചീഫ് എക്സിക്യൂടിവ് ആന്റണി ജെന്‍കിന്‍സ് ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. നിക്ഷേപ മേഖലയില്‍ നിന്നായിരിക്കും കൂടുതല്‍ പിരിച്ചുവിടലുകളും ഉണ്ടാകുക. ഇതിനായുള്ള നടപടികള്‍ ഉടനടി ആരംഭിക്കും.
ഈ വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ബാര്‍ക്ലേയ്സ് ബാങ്കിന്റെ മൊത്തലാഭ വിഹിതത്തില്‍ അഞ്ചു ശതമാനവും നിക്ഷേപ വിഭാഗത്തിന്റെ വരുമാനത്തില്‍ 28 ശതമാനവും ഇടിവുണ്ടായി. അതേത്തുടര്‍ന്ന് ലാഭമുയര്ത്താനുള്ള നടപടികളുടെ ഭാഗമായാണ് തൊഴിലാളികളെ പിരിച്ചുവിടുന്നത്. ഈ സാഹചര്യത്തില്‍ വരും നാളുകളില്‍ ബാര്‍ക്ലേയ്സ് ബാങ്ക് 400 ല്‍ അധികം ബ്രാഞ്ചുകള്‍ പൂട്ടുവാനുള്ള സാധ്യതയുണ്ടെന്ന് ബി ബി സി ന്യൂസിന്റെ ബിസിനസ് എഡിറ്റര്‍ കമല്‍ അഹമദ് അഭിപ്രായപ്പെട്ടു.
അമിത ലാഭത്തിനു വേണ്ടി ബാങ്കിംഗ് മേഖലയിലെ നിക്ഷേപ വിഭാഗം നടത്തിയ നയങ്ങളാണ് 2008ല്‍ സാമ്പത്തിക മാന്ദ്യത്തിനു തുടക്കമിട്ടതെന്നു പരക്കെ വിമര്‍ശനം ഉയര്‍ന്നിരുന്നു. അത്തരം ഇന്‍വെസ്റ്റ്മെന്റ് വിഭാഗത്തെ മൊത്തവില്പനക്ക് വച്ചിരിക്കുകയാണ് ബാര്‍ക്ലേയ്സ് ബാങ്ക്. ഒരു ഭാഗത്ത് സാധാരണക്കാരായ തൊഴിലാളികളെ നിരുപാധികം പിരിച്ചുവിടുമ്പോഴും മറുഭാഗത്ത് ഉന്നത ബാങ്കിംഗ് മേലാളന്മാര് കോടികളാണ് ഇപ്പോഴും ബോണസ് ആയി പങ്കിട്ടെടുക്കുന്നത്.
ബാര്‍ക്ലേയ്സ് ബാങ്ക് കഴിഞ്ഞ വര്‍ഷം മാത്രം വിരലില്‍ എണ്ണാവുന്ന ഉന്നത ബാങ്കര്മാര്ക്കു ബോണസായി ആയി നല്‍കിയത് ഏകദേശം 400 കോടി രൂപയാണ്. സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കരകയറുവാന്‍ പാവപ്പെട്ട തൊഴിലാളികളോട് മുണ്ടുമുറുക്കി ജീവിക്കാന്‍ ഉപദേശിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഈ സാമ്പത്തിക ബോണസ് ധൂര്‍ത്തിനെതിരെ പക്ഷപാതപരമായ മൗനമാണ് അവലംബിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട സ്വകാര്യ ബാങ്കുകളെ സംരക്ഷിക്കുന്നതിനു വേണ്ടി ബ്രിട്ടീഷ് സര്‍ക്കാര്‍ 37,500 (മുപ്പത്തി ഏഴായിരത്തി അഞ്ഞൂറ്) കോടി പൗണ്ട് സൗജന്യമായി നല്‍കിയിരുന്നു.
തോമസ് പുത്തിരി deshabhimani
.jpg)
No comments:
Post a Comment