Tuesday, May 13, 2014

അതിജീവനത്തിന്റെ സമരപ്രഖ്യാപനം

അരപ്പറ്റ: സമരഭൂമിയെ പുളകംകൊള്ളിച്ച് അതിജീവനത്തിന്റെ സമരപ്രഖ്യാപനം. ഒരുതുണ്ട് ഭൂമിക്കായി ത്യാഗത്തിന്റെ ഏതറ്റവും വരെ പോകാന്‍ ഒരുക്കമാണെന്ന അരപ്പറ്റയിലെ സമരക്കാരുടെ പ്രഖ്യാപനം ഭൂസമരചരിത്രത്തില്‍ പുത്തന്‍ ആവേശമായി. കാര്‍ഷിക-തോട്ടം മേഖല വര്‍ധിതവീര്യത്തോടെയാണ് ഈ പോരാട്ട പ്രഖ്യാപനത്തെ കാതോര്‍ത്തത്. കുടിയിറക്കാനെത്തിയ പൊലീസിനെയും അധികൃതരെയും തോല്‍പ്പിച്ച സമരവീര്യം ഒട്ടും പിന്നോട്ടുപോയില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതായിരുന്നു തിങ്കളാഴ്ച വൈകിട്ട് അരപ്പറ്റയില്‍ നടന്ന സമരപ്രഖ്യാപന കണ്‍വന്‍ഷന്‍.

ഉച്ചയോടെ തന്നെ കര്‍ഷകസംഘം, കെഎസ്കെടിയു, എകെഎസ്, പികെഎസ് സംഘടനകളുടെ സംസ്ഥാന നേതാക്കളായ ഇ പി ജയരാജന്‍, എം വി ഗോവിന്ദന്‍, അഡ്വ. സോമപ്രസാദ്, ബി രാഘവന്‍, കെ സി കുഞ്ഞിരാമന്‍, വേലായുധന്‍ വള്ളിക്കുന്ന്, പി എ മുഹമ്മദ്, സി കെ ശശീന്ദ്രന്‍ തുടങ്ങിയവര്‍ അരപ്പറ്റയിലെത്തിയിരുന്നു. സമരക്കാര്‍ക്ക് പിന്തുണയുമായി നൂറുകണക്കിനാളുകളും സമരകേന്ദ്രത്തില്‍ തടിച്ചുകൂടി. നേതാക്കള്‍ ഏറെ നേരം സമരക്കാരുമായി സംസാരിക്കുകയും പോരാട്ടങ്ങള്‍ക്ക് പിന്തുണ അറിയിക്കുകയും ചെയ്തു. ഇതിനകം സമരക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുകയും അവക്ക് പരിഹാരം നിര്‍ദേശിക്കാനും നേതാക്കള്‍ തയ്യാറായി. ഇതിനായി പ്രാദേശിക-ജില്ലാ നേതാക്കള്‍ക്ക് പ്രത്യേക നിര്‍ദേശവും നല്‍കി. ഒരുതരത്തിലും കുടിയൊഴിപ്പിക്കലിന് കീഴടങ്ങരുതെന്നും എല്ലാവിധ സഹായവും പിന്തുണയും ഉണ്ടാവുമെന്നും നേതാക്കള്‍ ഉറപ്പുനല്‍കി. ഇതിനിടെ പെയ്ത മഴക്കും സമരക്കാരുടെ ആവേശത്തെ തണുപ്പിക്കാനായില്ല. ഏതാനും കുടിലുകളിലും നേതാക്കള്‍ സന്ദര്‍ശിച്ചു.

തുടര്‍ന്നാണ് പ്രകമ്പനം കൊള്ളിക്കുന്ന മുദ്രാവാക്യങ്ങളോടെ അരപ്പറ്റ ടൗണില്‍ പ്രത്യേകം തയ്യാറാക്കിയ സമരപ്രഖ്യാപന വേദിയിലേക്ക് പ്രകടനമായി നീങ്ങിയത്. കേരളത്തിലെ സമരപോരാളികളായ നേതക്കള്‍ക്ക് പിന്നില്‍ അരപ്പറ്റയലെ സമരക്കാര്‍ ആവേശത്തോടെയാണ് നടന്നുനീങ്ങിയത്. താഴെ അരപ്പറ്റ അടുത്തിടെ ദര്‍ശിച്ച ഏറ്റവും ഉജ്വലമായ പ്രകടനമായിരുന്നു. തങ്ങളെ ആട്ടിപ്പായിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെതിരെ ശക്തമായ താക്കിതുമായാണ് പ്രകടനം നീങ്ങിയത്. കണ്‍വന്‍ഷനെ അഭിവാദ്യം ചെയ്ത നേതാക്കളെല്ലാം സമരക്കാര്‍ക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു.

അനധികൃതമായി എച്ച്എംഎല്‍ കൈവശംവെക്കുന്ന ഭൂമിയില്‍ സമരം ചെയ്യുന്നവരെ ഇറക്കി വിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പികെഎസ് സംസ്ഥാന സെക്രട്ടറി അഡ്വ. സോമപ്രസാദ് പറഞ്ഞു. ഒരു കോടതി മാത്രമല്ല ഇവിടെയുള്ളത്. അത് സര്‍ക്കാര്‍ മനസിലാക്കണം. അതുകൊണ്ടുതന്നെ ഇറക്കിവിടുന്ന നടപടിയില്‍ നിന്നും മാറി ചിന്തിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. എച്ച്എംഎല്ലിനുവേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്ല കള്ളക്കളിയാണ് നടത്തുന്നതെന്ന് കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റ് ബി രാഘവന്‍ പറഞ്ഞു. ഏഴ് ജില്ലകളിലായി 60,000 ഏക്കര്‍ ഭൂമിയാണ് എച്ച്എംഎല്‍ അനധികൃതമായി കൈവശം വെക്കുന്നത്. പാട്ടക്കാലാവധി കഴിഞ്ഞ ഭൂമിയാണിത്. സര്‍ക്കാരില്‍ നിക്ഷിപ്തമാവേണ്ടതാണ് ഈ ഭൂമി. ഇവിടെയാണ് ഭൂരഹിതര്‍ സമരം നടത്തുന്നത്. സര്‍ക്കാരിന് അവകാശപ്പെട്ട മിച്ചഭൂമി ചൂണ്ടിക്കാണിക്കുകകൂടിയാണ് സമരക്കാര്‍ ചെയ്യുന്നത്. ആ അര്‍ത്ഥത്തില്‍ സമരക്കാരെ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ബി രാഘവന്‍ പറഞ്ഞു.

കെഎസ്കെടിയു സംസ്ഥാന ജോയിന്റ് സെക്രട്ടറി വേലായുധന്‍ വള്ളിക്കുന്നും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി എ മുഹമ്മദ്, ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍ എന്നിവരും കണ്‍വന്‍ഷനെ അഭിവാദ്യം ചെയ്തു. കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം എം വേലായുധന്‍ അധ്യക്ഷനായി. കെഎസ്കെടിയു ജില്ലാ സെക്രട്ടറി സുരേഷ്താളൂര്‍ സ്വാഗതവും അരപ്പറ്റ ഭൂസംരക്ഷണ സമിതി കണ്‍വീനര്‍ വി പി ഹരിദാസ് നന്ദിയും പറഞ്ഞു. സി കെ സഹദേവന്‍, പി എസ് ജനാര്‍ദനന്‍, പി വാസുദേവന്‍, സീതാബാലന്‍, എം സി ചന്ദ്രന്‍, വി പി ശങ്കരന്‍നമ്പ്യാര്‍, കെ സുഗതന്‍, എം മുഹമ്മദ്കുട്ടി, യു കരുണന്‍ എന്നിവരും പങ്കെടുത്തു.

ചെങ്കൊടിക്കീഴില്‍ പോരാട്ടം തുടരും

കല്‍പ്പറ്റ: "കേസ് എത്രവേണമെങ്കിലും എടുത്തോട്ടെ എന്നാലും ഞാന്‍ ഇറങ്ങില്ല." കുടിയിറക്കിനെ ജീവന്‍കൊടുത്തും നേരിടാന്‍ മുതിര്‍ന്ന മേരി വീര്യം ഒട്ടും വെടിയാതെ നേതാക്കളുടെ മുമ്പില്‍ കാര്യങ്ങള്‍ വിശദീകരിച്ചു. മരിക്കുനെങ്കില്‍ ഇവിടെ കിടന്നുതന്നെയെന്ന് മേരി തൊഴിലാളി, കര്‍ഷക നേതാക്കള്‍ മുമ്പില്‍ ആവര്‍ത്തിച്ചു.

അരപ്പറ്റയിലെ മിച്ചഭൂമിയില്‍ കുടില്‍കെട്ടി താമസിക്കുന്ന ഭൂരഹിതരെ കാണാനെത്തിയ നേതാക്കള്‍ക്ക് വന്‍വരവേല്‍പ്പാണ് സമരഭൂമിയില്‍ ലഭിച്ചത്. നേതാക്കളായ ഇ പി ജയരാജന്‍, എം വി ഗോവിന്ദന്‍, ബി രാഘവന്‍, അഡ്വ. സോമപ്രസാദ്, കെ സി കുഞ്ഞിരാമന്‍, വേലായുധന്‍ വള്ളിക്കുന്ന്, പി എ മുഹമ്മദ്, സി കെ ശശീന്ദ്രന്‍ തുടങ്ങിയവരാണ് ഭൂസമരസംരക്ഷണ പ്രഖ്യാപനത്തിന് മുമ്പ് സമരഭൂമിയിലെത്തിയത്. യുദ്ധസന്നാഹത്തോടെ പൊലീസ് കുടിയിറക്കാനെത്തിയപ്പോള്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മാഹൂതിക്ക് ശ്രമിച്ച പനയംകടം മേരിയുടെ കുടിലിലാണ് നേതാക്കള്‍ ആദ്യമെത്തിയത്. ആത്മഹത്യാശ്രമത്തിന് തനിക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ടെന്ന് മേരി നേതാക്കളോട് പറഞ്ഞു. കേസ് എടുത്ത് പിന്തിരിപ്പിക്കാനാകില്ലെന്ന് ഇവര്‍ പറഞ്ഞപ്പോള്‍ ചുറ്റും നിന്ന മറ്റു സ്ത്രികള്‍ ആവേശത്തോടെ മുദ്രാവാക്യം മുഴക്കി. സമരത്തിന് മുഴുവന്‍ പിന്തുണയും നേതാക്കള്‍ ഉറപ്പുനല്‍കി. ഇവര്‍ക്ക് നല്‍കനായി മേരി സമരഭൂമിയില്‍ വിളയിച്ച കപ്പ പുഴുങ്ങി വെച്ചിരുന്നു. ഇതും രുചിച്ചാണ് നേതാക്കള്‍ മടങ്ങിയത്. കപ്പയും ചേമ്പും വാഴയും വിളയുന്ന തോട്ടങ്ങള്‍ക്ക് നടുവിലൂടെയാണ് നേതാക്കള്‍ കുടിലുകളിലെത്തിയത്.

എല്‍ഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ സമരക്കാര്‍ക്ക് പട്ടയം നല്‍കും: എം വി ഗോവിന്ദന്‍

അരപ്പറ്റ: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ എച്ച്എംഎല്‍ ഭൂമിയില്‍ സമരം ചെയ്യുന്നവര്‍ക്ക് പട്ടയം നല്‍കുമെന്ന് കെഎസ്കെടിയു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. നൂറുകണക്കിനാളുകള്‍ക്ക് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പട്ടയം നല്‍കിയതും ഇത്തരം ഭൂസമരങ്ങളുടെ ഭാഗമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ ഭൂരഹിതരായുണ്ട്. ഇവരാണ് സമരത്തിലുള്ളത്. സമരം നടക്കുന്നത് സര്‍ക്കാരിന് അവകാശപ്പെട്ട ഭൂമിയിലാണ്. അല്ലാതെ എച്ച്എല്‍എല്ലിന്റെ ഭൂമിയിലല്ല. 60,000 ഏക്കര്‍ ഭൂമിയാണ് കേരളത്തിലെ വിവിധ ജില്ലകളില്‍ ഈ വിദേശകമ്പനി അനധികൃതമായി കൈവശംവെക്കുന്നത്. ഒരു നിയമസാധ്യതയും എച്ച്എല്ലിന് ഇല്ല. എന്നിട്ടും ഈ പാവപ്പെട്ടവരെ എച്ച്എംഎല്ലിനുവേണ്ടി ഇറക്കി വിടാം എന്നാണ് സര്‍ക്കാര്‍ നയം. എന്നാല്‍ ഇവിടെ നിന്നും ഇറങ്ങാന്‍ മനസില്ലാ എന്നാണ് സമരം ചെയ്യുന്നവര്‍ പറഞ്ഞത്. ഒടുവില്‍ സമരക്കാര്‍ പറഞ്ഞുതന്നെയാണ് സംഭവിച്ചത്. ഒഴിപ്പിക്കാന്‍ വന്നവര്‍ മടങ്ങിപ്പോയി. അതേ നടക്കു. ഇവരെ സംരക്ഷിക്കാന്‍ ആളുണ്ട്. കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളുണ്ട്.

എച്ച്എംഎല്ലിനുവേണ്ടി പൊലീസിനെയും മറ്റും സമരക്കാര്‍ക്ക് നേരെ അഴിച്ചുവിടുന്നവര്‍ വയനാട്ടില്‍ തന്നെ നടന്ന ആദിവാസി ഭൂസമരം ഓര്‍ക്കണം. ആദിവാസികളെ ജയിലിലടച്ചുവെങ്കിലും ഒടുവില്‍ കോടതിക്ക് ജയിലില്‍ വന്ന് നീരുപാധികം അവരെ വിട്ടയക്കേണ്ട അവസ്ഥയാണുണ്ടായത്. അവര്‍ക്കെല്ലാം എല്‍ഡിഎഫ് സര്‍ക്കാര്‍ ഭൂമിയില്‍ അവകാശവും നല്‍കി. ആ പാതയില്‍ തന്നെയാണ് എച്ച്എംഎല്‍ സമരവും. എല്ലാ തട്ടിപ്പുകാര്‍ക്കും വേണ്ടിയാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സരിതയും എച്ച്എംഎല്ലുമെല്ലാം അതിന്റെ ഭാഗമാണ്. അത് സമരക്കാര്‍ക്ക് നേരെ പ്രയോഗിച്ചാല്‍ നാണംകെട്ട് തിരിച്ചുപോകേണ്ടിവരുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. മറ്റ് ചില പാര്‍ടിക്കാര്‍ ഒമ്പതോളം കുടുംബങ്ങളെ ഇവിടെ കുടില്‍കെട്ടി പാര്‍പ്പിച്ചെങ്കിലും ഇപ്പോള്‍ സംരക്ഷിക്കുന്നില്ല. ഈ സമരക്കാരെ പൊലീസ് മൃഗീയമായി തല്ലിച്ചതച്ചിട്ടും ആ പാര്‍ടികള്‍ പ്രതികരിച്ചില്ല. ഈ കുടുംബങ്ങളെ ഞങ്ങള്‍ സഹായിക്കും. അവര്‍ തയ്യാറായാല്‍ പുനരധിവസിപ്പിക്കാന്‍ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.

deshabhimani

No comments:

Post a Comment