Friday, May 9, 2014

പ്രൈംടൈമില്‍ ചാനലുകളില്‍ മോഡിസേവ

കോര്‍പറേറ്റ് മാധ്യമങ്ങള്‍ നരേന്ദ്രമോഡിക്ക് അമിതപ്രചാരണം നല്‍കുകയാണെന്ന വസ്തുത ശരിവച്ച് പഠനറിപ്പോര്‍ട്ട്. ടെലിവിഷന്‍ ചാനലുകളില്‍ പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കൂടുതലായും കേന്ദ്രീകരിച്ചത് മോഡിസേവയിലാണെന്ന് സിഎംഎസ് മീഡിയാലാബിന്റെ വിശകലനത്തില്‍ പറയുന്നു. വാര്‍ത്താചാനലുകള്‍ രാത്രി സമയങ്ങളില്‍ 2575 മിനിറ്റാണ് മോഡിക്കുവേണ്ടി മാറ്റിവച്ചത്. ആകെ സമയത്തിന്റെ 33.21 ശതമാനം വരുമിത്. ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വിവാദങ്ങളുണ്ടാക്കിയ നേതാവ് മോഡിയാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മോഡിയുടെ അടുത്ത എതിരാളിയായ അരവിന്ദ് കെജ്രിവാള്‍ തൊട്ടുപിന്നാലെയുണ്ട് (10.31 ശതമാനം). രാഹുല്‍ഗാന്ധി മൂന്നാം സ്ഥാനത്താണ് (4.33 ശതമാനം). ആജ് തക്, എബിപി ന്യൂസ്, സീ ന്യൂസ്, എന്‍ഡിടിവി, സിഎന്‍എന്‍- ഐബിഎന്‍ എന്നീ ചാനലുകളില്‍ രാത്രി എട്ടുമുതല്‍ പത്തുവരെ നടക്കുന്ന പരിപാടികളെ മാര്‍ച്ച് ഒന്നുമുതല്‍ 30 വരെ പഠനവിധേയമാക്കിയാണ് കണ്ടെത്തല്‍.

ജയലളിത, മമത ബാനര്‍ജി, ചന്ദ്രബാബു നായിഡു, നവീന്‍ പട്നായിക് എന്നിവരേക്കാള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത് പ്രിയങ്കഗാന്ധിയാണ്. രാഹുല്‍ ഗാന്ധി കഴിഞ്ഞാല്‍ പ്രിയങ്കയും അവര്‍ക്കു പിന്നില്‍ സോണിയ ഗാന്ധിയുമാണ്. രണ്ടുമാസമായി തെരഞ്ഞെടുപ്പുമാത്രമാണ് ചര്‍ച്ചാവിഷയമെങ്കിലും ഇത്തവണത്തെ വാര്‍ത്തകള്‍ വ്യക്തികളില്‍ കേന്ദ്രീകരിച്ചെന്നും സിഎംഎസ് മീഡിയ ലാബിന്റെ വിശകലനത്തില്‍ കണ്ടെത്തി.

പ്രൈംടൈമില്‍ ഇടംകണ്ടെത്തിയ പാര്‍ടികളില്‍ ബിജെപിയാണ് മുന്നില്‍. 1507 മിനിറ്റാണ് ബിജെപിക്ക് ഈ ചാനലുകള്‍ നല്‍കിത്, അതായത് 37.99 ശതമാനം. 1101 മിനിറ്റ് കോണ്‍ഗ്രസിനും 742 മിനിറ്റ് ആം ആദ്മി പാര്‍ടിക്കും ലഭിച്ചു. സമാജ്വാദി പാര്‍ടി- 176, ശിവസേന- 72, ബിഎസ്പി 57, സിപിഐ എം 41, എംഎന്‍എസ് 41, തൃണമൂല്‍ കോണ്‍ഗ്രസ് 38 എന്നിങ്ങനെയാണ് മറ്റു പാര്‍ടികള്‍ക്കു ലഭിച്ച സമയം.

deshabhimani

No comments:

Post a Comment