Friday, May 9, 2014

ഹോംനേഴ്സ് ക്ലാസ്ഫോറായി, ക്ലാസ്ഫോര്‍ രജിസ്ട്രാറായി

കൊച്ചി: ഹൈക്കോടതിയിലെ ജഡ്ജിയുടെ മകളുടെ പ്രസവശുശ്രൂഷക്കെത്തിയ ഹോംനേഴ്സിനെ പിന്നെ കാണുന്നത് ക്ലാസ്ഫോര്‍ ജീവനക്കാരിയായി. ഹൈക്കോടതിയില്‍ ക്ലാസ്ഫോര്‍ ജീവനക്കാരനായി നിയമനം ലഭിച്ചയാള്‍ വിരമിച്ചപ്പോള്‍ രജിസ്ട്രാറായിരുന്നു. ഒരു വീട്ടിലെ നാലുപേര്‍ക്ക് ഒരേസമയം നിയമനം ലഭിച്ചതും ഹൈക്കോടതിയില്‍തന്നെ. അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ തൊഴില്‍തേടി അലയുമ്പോഴാണ് പലരും ഹൈക്കോടതിയില്‍ ഇങ്ങനെ അവിഹിതമായി ജോലി നേടിയത്. ഹൈക്കോടതിയിലെയും കീഴ്ക്കോടതിയിലെയും നിയമനങ്ങള്‍ നിയമം അനുശാസിക്കുന്ന രീതിയിലാക്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവോടെ അവസരതുല്യത നിഷേധിച്ചുള്ള ഇത്തരം നിയമനങ്ങള്‍ക്ക് അറുതിയാകും.

ജഡ്ജിമാര്‍ ഔദ്യോഗികവസതിയിലും ഓഫീസിലും വേണ്ടപ്പെട്ടവരെ നിയമിക്കുകയും പിന്നീട് ഹൈക്കോടതിയിലെ ക്ലാസ്ഫോര്‍ തസ്തികയില്‍ സ്ഥിരംനിയമനം നല്‍കുകയും ചെയ്യുന്നതായിരുന്നു രീതി. പ്യൂണ്‍, പാചകക്കാരന്‍, തോട്ടക്കാരന്‍ എന്നിങ്ങനെ നിരവധി ജീവനക്കാരെ ഒരു ജഡ്ജിക്ക് നിയമിക്കാമായിരുന്നു. ഇത്തരത്തിലുള്ള നിയമനങ്ങളുടെ അവസാന തീരുമാനം ചീഫ് ജസ്റ്റിസിന്റേതാണ്. പലപ്പോഴും ഇത്തരം നിയമനങ്ങളില്‍ ശുപാര്‍ശ അംഗീകരിക്കുകയാണ് പതിവ്. എന്നാല്‍, ചില ജഡ്ജിമാരും അഭിഭാഷകരും പുരോഗമന യുവജനപ്രസ്ഥാനങ്ങളും ഇതിനെതിരെ ശക്തമായി പ്രതികരിച്ചു. ഇതേ ത്തുടര്‍ന്ന് 2007ല്‍ ചീഫ് ജസ്റ്റിസ് വി കെ ബാലിയുടെ കാലത്ത് അനധികൃത നിയമനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി സര്‍വീസ് റൂള്‍ പരിഷ്കരിച്ചു. അഞ്ച് ജീവനക്കാര്‍ക്കുപകരം രണ്ടു പ്യൂണിനെയും ഒരു പാര്‍ട്ട്ടൈം സ്വീപ്പറെയും നിയമിക്കാമെന്ന് മാറ്റംവരുത്തുകയായിരുന്നു. ചീഫ് ജസ്റ്റിസായിരുന്ന എച്ച് എല്‍ ദത്തു, ജെ ചെലമേശ്വര്‍ എന്നിവര്‍ ഹൈക്കോടതിയിലെ നിയമനകാര്യങ്ങളിലും മറ്റ് നടപടികളിലും കര്‍ശന നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇത്തരം തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ പട്ടികയില്‍നിന്ന് നടത്തണമെന്നാണ് ഹൈക്കോടതിയുടെ സര്‍വീസ്ചട്ടം അനുശാസിക്കുന്നത്. നിയമപ്രശ്നങ്ങളും കോടതിനടപടികളും ഭയന്ന് നിയമനങ്ങളെക്കുറിച്ച് ലിസ്റ്റിലുള്ളവര്‍പോലും പ്രതികരിച്ചിരുന്നില്ല. ലിസ്റ്റില്‍നിന്നുള്ളവരെ നിയമിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ പേര്‍ക്ക് അവസരം ലഭിക്കുമായിരുന്നു. റാങ്ക്ലിസ്റ്റില്‍ മാറ്റമുണ്ടായാലും ആരും ചോദ്യംചെയ്യാറില്ല. ലിസ്റ്റ് നിലനില്‍ക്കെത്തന്നെ നേരിട്ടുള്ള നിയമനങ്ങള്‍ നിര്‍ബാധം തുടര്‍ന്നു. നിയമംവഴി ഇടപെടാമായിരുന്നുവെങ്കിലും സര്‍ക്കാരും കണ്ടില്ലെന്നുനടിച്ചു.

അടുത്തിടെ വന്ന സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍വീസ്റൂള്‍ ഭേദഗതി ചെയ്യാന്‍ കഴിഞ്ഞദിവസം ഹൈക്കോടതി റൂള്‍സ് കമ്മിറ്റിയെ നിയോഗിച്ചു. ഹൈക്കോടതി ജഡ്ജിമാരായ കെ ടി ശങ്കരന്‍, ടി ആര്‍ രാമചന്ദ്രന്‍നായര്‍, തോമസ് പി ജോസഫ്, എ എം ഷഫീക്ക്, എ ഹരിപ്രസാദ് എന്നിവരാണ് കമ്മിറ്റിയിലുള്ളത്. സര്‍വീസ്റൂളിന്റെ ഭേദഗതി സംബന്ധിച്ചുള്ള കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ മുഴുവന്‍ ജഡ്ജിമാരടങ്ങിയ ഫുള്‍കോര്‍ട്ട് പരിഗണിച്ചശേഷമാവും അവസാന തീരുമാനം എടുക്കുക.

സി എന്‍ റെജി deshabhimani

No comments:

Post a Comment