Friday, May 9, 2014

മുല്ലപ്പെരിയാര്‍: തമിഴ്നാടിനെ തുണച്ചത് കേസിലെ ജാഗ്രത

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ കോടതിയില്‍ വാദമുഖങ്ങള്‍ അവതരിപ്പിക്കുന്നതില്‍ തമിഴ്നാടിനേക്കാള്‍ ഒരുപടി മുന്നിലായിരുന്നു കേരളം. അതേസമയം, ഇതിനു പിന്‍ബലമായി തെളിവുകള്‍ ഹാജരാക്കുന്നതില്‍ പൂര്‍ണ പരാജയവും. തമിഴ്നാടാകട്ടെ കേരളത്തിന്റെ വാദങ്ങളെ ഫലപ്രദമായി ചെറുത്തതിനൊപ്പം അണക്കെട്ട് സുരക്ഷിതമാണെന്നതിന് കോടതിക്ക് ബോധ്യപ്പെടുന്ന തെളിവുകളും ഹാജരാക്കി. സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയെയും സമിതിയിലെ വിദഗ്ധാംഗങ്ങളെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ പക്വതയില്ലായ്മ പലപ്പോഴും പ്രകടമായി.

2006 ഫെബ്രുവരിയിലെ സുപ്രീംകോടതി വിധിയോടെ കേസില്‍ കേരളം പുറന്തള്ളപ്പെട്ടിരുന്നു. എന്നാല്‍, ഡാംസേഫ്റ്റി അതോറിറ്റി നിയമം നടപ്പാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും സാധ്യതകള്‍ തുറന്നു. നിയമത്തിനെതിരെ തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ ഹരീഷ് സാല്‍വെ എന്ന പ്രഗല്‍ഭ അഭിഭാഷകനെ രംഗത്തിറക്കി. വിഷയം ഭരണഘടനാ ബെഞ്ചിന്റെ മുന്നിലെത്തിക്കുന്നതില്‍ കേരളം വിജയിച്ചു. അണക്കെട്ട് സുരക്ഷിതമല്ലെന്നും ലക്ഷക്കണക്കിന് ജനങ്ങള്‍ ആശങ്കയിലാണെന്നും സാല്‍വെ വാദിച്ചപ്പോള്‍ ഗൗരവത്തോടെ ഇക്കാര്യം പരിശോധിക്കാന്‍ ഭരണഘടനാ ബെഞ്ച് തയ്യാറായി. കേന്ദ്ര ജലകമീഷന്റെ ഏകപക്ഷീയ റിപ്പോര്‍ട്ടിനെ ആധാരമാക്കിയാണ് 2006ലെ വിധിയെന്നും ഇത് പിഴവാണെന്നുമായിരുന്നു കേരളത്തിന്റെ വാദം. ഒടുവില്‍ അണക്കെട്ടിന്റെ സുരക്ഷ വീണ്ടും പരിശോധിക്കാന്‍ കോടതി ഉന്നതാധികാരസമിതിയെ ചുമതലപ്പെടുത്തി. കേസ് ഈ ഘട്ടംവരെ എത്തിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിഞ്ഞത്. തുടര്‍ന്നുവന്ന യുഡിഎഫ് സര്‍ക്കാര്‍ ആത്മാര്‍ഥതയോടെ ശ്രമം തുടര്‍ന്നില്ല. വിദഗ്ധാംഗങ്ങള്‍ അണക്കെട്ട് സന്ദര്‍ശിച്ചപ്പോള്‍ നിസ്സംഗമായിരുന്നു കേരളത്തിന്റെ സമീപനം. വിദഗ്ധാംഗങ്ങളെ പ്രകോപിപ്പിക്കും വിധമുള്ള പെരുമാറ്റവുമുണ്ടായി.

അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് മുഖ്യമായും മൂന്ന് വിഷയങ്ങളാണ് കേരളം ഉന്നയിച്ചത്. (1) 2006ലെ വിധിക്ക് ആധാരമായി സുപ്രീംകോടതി പരിഗണിച്ച മുല്ലപ്പെരിയാര്‍ മേഖലയിലെ പരമാവധി പ്രളയനിരക്ക് തെറ്റാണ്. (2) ഗണ്യമായ തോതില്‍ കുമ്മായച്ചോര്‍ച്ച സംഭവിച്ചതിനാല്‍ അണക്കെട്ടിന് കാര്യമായ ബലക്ഷയമുണ്ട്. (3) ശക്തമായ ഭൂചലനമോ മറ്റോ ഉണ്ടായാല്‍ അണക്കെട്ട് തകര്‍ന്ന് വലിയ പ്രളയത്തിന് വഴിയൊരുക്കും. കോടതിയില്‍ ഇക്കാര്യങ്ങള്‍ വാദിച്ചെങ്കിലും വിദഗ്ധാംഗങ്ങളെ ബോധ്യപ്പെടുത്താന്‍ ആയില്ല. സമിതിയുടെ കണ്ടെത്തലുകള്‍ തെറ്റാണെന്നും റിപ്പോര്‍ട്ട് തള്ളണമെന്നും ഭരണഘടനാ ബെഞ്ച് മുമ്പാകെ കേരളം വാദിച്ചെങ്കിലും വൈകിപ്പോയിരുന്നു. നിഷ്പക്ഷ സ്വഭാവമുള്ള കണ്ടെത്തലുകളെ കോടതി ഗൗരവത്തിലെടുത്തു. അണക്കെട്ട് സുരക്ഷിതമെന്ന നിലപാടില്‍ കോടതിയും എത്തി. ഇതോടെ 1886ലെ കരാര്‍ നിലനില്‍ക്കുന്നതല്ല, പെരിയാര്‍ അന്തര്‍സംസ്ഥാന നദിയല്ല തുടങ്ങിയ കേരളത്തിന്റെ മറ്റ് വാദമുഖങ്ങള്‍ക്കൊന്നും പ്രസക്തി ഇല്ലാതായി. ഭയരഹിതമായി ജീവിക്കുന്നതിനുള്ള പൗരന്റെ അവകാശസംരക്ഷണത്തിനാണ് ഡാംസേഫ്റ്റി അതോറിറ്റി നിയമമെന്ന വാദവും നില്‍ക്കാതെയായി. ഉന്നതാധികാര സമിതിയിലെ വിഗദ്ധാംഗങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ ജാഗ്രത കാട്ടിയിരുന്നെങ്കില്‍ സുപ്രീംകോടതിയുടെ വിധി മറ്റൊന്നായേനെ.

എം പ്രശാന്ത് deshabhimani

No comments:

Post a Comment