Wednesday, May 14, 2014

കുംഭകോണങ്ങള്‍ക്ക് കാരണം വന്‍ കോര്‍പറേറ്റുകള്‍: വിജിലന്‍സ് കമീഷണര്‍

കുറുക്കുവഴികളിലൂടെ ചുരുങ്ങിയ കാലംകൊണ്ട് വന്‍ ലാഭം കൊയ്തെടുക്കാനുള്ള കോര്‍പറേറ്റുകളുടെ അത്യാഗ്രഹമാണ് രാജ്യത്ത് വന്‍ കുംഭകോണങ്ങള്‍ക്ക് വഴിതെളിക്കുന്നതെന്ന് കേന്ദ്ര വിജിലന്‍സ് കമീഷണര്‍ ജെ എം ഗാര്‍ഗ് പറഞ്ഞു. കോര്‍പറേറ്റ് വെട്ടിപ്പു സംബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറുക്കുവഴി ഉപയോഗിച്ച് നൂറുകോടി ഡോളര്‍ ക്ലബ്ബിലേക്ക് പ്രവേശനം നേടാന്‍ പരിശ്രമിക്കുന്ന കുത്തകകളാണ് വന്‍ അഴിമതിക്കും കുംഭകോണങ്ങള്‍ക്കും വഴിതെളിക്കുന്നത്- അദ്ദേഹം പറഞ്ഞു. കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍, സെന്‍ട്രല്‍ വിജിലന്‍സ് കമീഷന്‍, സിബിഐ തുടങ്ങിയ ഏജന്‍സികളാണ് രാജ്യത്തെ പല പ്രധാനപ്പെട്ട നയരൂപീകരണങ്ങള്‍ക്കും തടസ്സമാകുന്നതെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടും വിജിലന്‍സ് കമീഷണര്‍ തള്ളിക്കളഞ്ഞു. അഴിമതിക്ക് കാരണമായ സര്‍ക്കാര്‍തീരുമാനങ്ങള്‍ സംബന്ധിച്ച് കാര്യക്ഷമമായി അന്വേഷണം നടത്തുന്ന ഈ ഏജന്‍സികള്‍ പല കേന്ദ്രമന്ത്രിമാരുടെയും രൂക്ഷവിമര്‍ശത്തിന് ഇടയാകാറുണ്ട്. ഇത് പ്രവണത ശരിയല്ല. അത്തരം വിമര്‍ശങ്ങള്‍ക്ക് അടിസ്ഥാനമില്ല.

വിദ്യാഭ്യാസം, കായികം, സാമ്പത്തികം തുടങ്ങിയ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് കോര്‍പറേറ്റുകള്‍ വന്‍ വെട്ടിപ്പുകള്‍ നടത്തുന്നുണ്ട്. രാജ്യത്തെ നിരീക്ഷണസംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ മാത്രമേ അഴിമതി തടയാന്‍ സാധിക്കുകയുള്ളൂ. സാമൂഹികമായ മൂല്യത്തകര്‍ച്ച വ്യക്തികളിലേക്കും അവര്‍ നേതൃത്വം നല്‍കുന്ന കോര്‍പറേറ്റുകളിലേക്കും വ്യാപിക്കുന്നതാണ് അഴിമതിക്ക് കളമൊരുക്കുന്നത്. ഗുണങ്ങളും നേട്ടങ്ങളും ലഭ്യമാക്കാന്‍ കോഴകൊടുക്കുന്ന സമ്പ്രദായം അവസാനിപ്പിച്ചാല്‍മാത്രമേ വെട്ടിപ്പുകള്‍ തടയാന്‍ കഴിയുകയുള്ളൂ. വന്‍ വെട്ടിപ്പുകള്‍ കണ്ടെത്തിയാലും നഷ്ടപ്പെട്ട പണം പൂര്‍ണമായും കണ്ടെത്തുന്നതില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിജയമല്ലെന്നും വിജിലന്‍സ് കമീഷണര്‍ വിമര്‍ശിച്ചു.

deshabhimani

No comments:

Post a Comment