Thursday, January 24, 2013
ജനാധിപത്യം സംരക്ഷിക്കുന്നത് ജഡ്ജിമാരല്ല: ഡോ. ജയകുമാര്‍
കൊല്ലം: ജനാധിപത്യം സംരക്ഷിക്കുന്നത് ജഡ്ജിമാരാണെന്ന ധാരണ ശരിയല്ലെന്ന് കൊച്ചി നിയമ സര്‍വകലാശാല മുന്‍ വിസി ഡോ. എന്‍ കെ ജയകുമാര്‍ പറഞ്ഞു. ജനാധിപത്യം സമ്പൂര്‍ണമാകുന്നത് ആത്യന്തികമായി ജനങ്ങളിലൂടെയാണ്. നിയമവാഴ്ച സംരക്ഷണ ദിനാചരണാര്‍ഥം ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ (എഐഎല്‍യു) കൊല്ലം യൂണിറ്റ് സംഘടിപ്പിച്ച അഭിഭാഷക ജനകീയ കൂട്ടായ്മ ഉദ്ഘാടനംചെയ്യുകയായിരുന്നു ഡോ. ജയകുമാര്‍.
ജഡ്ജിമാരുടെ ഇടയിലെ അഴിമതി സംബന്ധിച്ച് ചീഫ് ജസ്റ്റിസ് ബറൂച്ച തന്നെ പ്രസംഗത്തില്‍ പറഞ്ഞിട്ടുണ്ട്. 20 ശതമാനം ജഡ്ജിമാര്‍ അഴിമതിക്കാരാണ്. ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് ഒരു സുതാര്യതയുമില്ല. ജഡ്ജിമാരുടെ കൊളീജിയം തന്നെയാണ് ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നത്. ഈ സ്ഥിതിയില്‍ മാറ്റം വരണം- ഡോ. ജയകുമാര്‍ പറഞ്ഞു. ഇന്ത്യയൊട്ടാകെ 2.90 കോടി കേസുകള്‍ കെട്ടിക്കിടക്കുകയാണെന്നും നിലവിലുള്ള കേസുകള്‍ തീര്‍പ്പാക്കാന്‍ 464 വര്‍ഷമെടുക്കുമെന്നും "ഒരു നിയമത്തിന് രണ്ടു നീതിയോ" എന്ന വിഷയം അവതരിപ്പിച്ച് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പാരിപ്പള്ളി ആര്‍ രവീന്ദ്രന്‍ പറഞ്ഞു. ഉന്നത ജുഡീഷ്യറി വിഭാഗങ്ങള്‍ക്ക് മെച്ചപ്പെട്ട സേവന-വേതന വ്യവസ്ഥകള്‍ ഉണ്ടെങ്കിലും പ്രതിബദ്ധതയില്ലെന്ന ആക്ഷേപം ശക്തമാണ്. ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് നാഷണല്‍ ജുഡീഷ്യല്‍ കമീഷന്‍ രൂപീകരിക്കണമെന്നും രവീന്ദ്രന്‍ പറഞ്ഞു. ജി സിസിന്‍ അധ്യക്ഷനായി.
ഇവിടെ രണ്ടു നീതി: പ്രൊഫ. എം കെ സാനു
കൊച്ചി: നിയമം രണ്ടുതരത്തില്‍ കൈകാര്യംചെയ്യുന്ന പ്രവണത കേരളത്തില്‍ വര്‍ധിച്ചതായി പ്രൊഫ. എം കെ സാനു അഭിപ്രായപ്പെട്ടു. ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നിയമവാഴ്ചാസംരക്ഷണദിനാചരണവും അഭിഭാഷക ജനകീയകൂട്ടായ്മയും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണസംവിധാനവും നീതിന്യായവ്യവസ്ഥയും ചില വിഷയങ്ങളില്‍ സ്വീകരിക്കുന്ന ഇരട്ടത്താപ്പില്‍ പ്രതിഷേധമുണ്ട്. മാധ്യമങ്ങള്‍ പലതും ഭരണസംവിധാനത്തിന്റെ അനുയായികളായി പ്രവര്‍ത്തിക്കുകയാണ്. അതുകൊണ്ടുതന്നെ ഭരണകൂടത്തിന്റെ ഇരട്ടത്താപ്പിനെതിരായ പ്രതിഷേധങ്ങള്‍ സര്‍ക്കാരിനെ അറിയിക്കാന്‍ മറ്റുമാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. നിയമവാഴ്ച ഉറപ്പാക്കുന്നതില്‍ അവസാന ആശ്രയമായ നീതിപീഠങ്ങള്‍തന്നെ പക്ഷപാതപരമായി പെരുമാറുന്നു. ഇതിനെ ജാഗ്രതയോടെ കാണേണ്ടതുണ്ട്. മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍നാവികര്‍ക്ക് ആര്‍ഭാടപൂര്‍ണമായ സൗകര്യങ്ങള്‍ നല്‍കുമ്പോള്‍ പൊതുപ്രവര്‍ത്തകനായ അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് ജാമ്യംപോലും നിഷേധിക്കുന്നു. മഅ്ദനിയുടെ പ്രവര്‍ത്തനങ്ങളോടു വിയോജിപ്പുണ്ടെങ്കിലും അദ്ദേഹത്തിന് സ്വാഭാവികനീതി നല്‍കേണ്ടതുണ്ട്. രാജവാഴ്ചക്കാലത്ത് നീതിബോധമില്ലാത്ത വിധിക്കെതിരെ "ദൂഷിതന്യായാസനം" എന്ന കവിത എഴുതിയ കുമാരനാശാനെതിരെ രാജാവ് കാണിച്ച സഹിഷ്ണുതപോലും ഇന്നത്തെ നീതിപീഠങ്ങള്‍ വിമര്‍ശകരോടു കാണിക്കുന്നില്ല. പാതയോരത്ത് പൊതുയോഗം നിരോധിച്ച വിധിക്കെതിരെ പ്രതികരിച്ചതിന് പൊതുപ്രവര്‍ത്തകനെ ജയിലിലടച്ചു. എന്നാല്‍, ജഡ്ജി കൈക്കൂലി വാങ്ങിയത് നേരില്‍കണ്ടുവെന്നുപറഞ്ഞയാളെ പ്രതാപത്തോടെ കഴിയാന്‍ നിയമം അനുവദിക്കുന്നിടത്താണ് നീതിപീഠത്തിന്റെ ഇരട്ടത്താപ്പ് വ്യക്തമാകുന്നത്. ഇതു ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. ഭരണസംവിധാനത്തിന്റെ ഇരട്ടത്താപ്പിനെതിരെ സാംസ്കാരിക കൂട്ടായ്മകള്‍ രംഗത്തുവരണം. സര്‍ക്കാര്‍ നല്‍കുന്ന സ്ഥാനമാനങ്ങള്‍ക്കുവേണ്ടിയാണ് പലപ്പോഴും സാംസ്കാരികപ്രവര്‍ത്തകര്‍ നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ. എം എം മോനായി കാര്‍ട്ടൂണ്‍ വരച്ചു. അഡ്വ. കെ ഗോപാലകൃഷ്ണക്കുറുപ്പ് അധ്യക്ഷനായി. എഐഎല്‍യു ഭാരവാഹികളായ അഡ്വ. കെ ഡി വിന്‍സെന്റ്, അഡ്വ. പി വി സുരേന്ദ്രനാഥ്, അഡ്വ. എന്‍ മനോജ്കുമാര്‍, തോമസ് എബ്രഹാം, സിപിഐ എം ഏരിയസെക്രട്ടറി എസ് കൃഷ്ണമൂര്‍ത്തി, സിഐടിയു ജില്ലാപ്രസിഡന്റ് കെ ജെ ജേക്കബ്, പ്രൊഫ. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ. സി എം നാസര്‍ സ്വാഗതം പറഞ്ഞു. ആലുവ: കടുങ്ങല്ലൂരില്‍ കവയിത്രി ഡോ. മ്യൂസ് മേരി ജോര്‍ജ് ഉദ്ഘാടനംചെയ്തു. പ്രൊഫ. ഇ എസ് സതീശന്‍, ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ ജില്ലാ സെക്രട്ടറി കെ കെ നാസര്‍, അഡ്വ. മനോജ് വാസു എന്നിവര്‍ സംസാരിച്ചു. പെരുമ്പാവൂരില്‍ സാജു പോള്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു. എ പി സുരേഷ്ബാബു, സാബു പോള്‍ എന്നിവര്‍ സംസാരിച്ചു. ഫോര്‍ട്ട്കൊച്ചിയില്‍ സുനില്‍കുമാര്‍ ഉദ്ഘാടനംചെയ്തു. അഡ്വ. ജോര്‍ജ് തോമസും പി വി ഉദയനും സംസാരിച്ചു.
നീതി അധികാരമുള്ളവര്‍ക്ക് മാത്രമാക്കി മാറ്റുന്നു: ഡോ. കെ എന്‍ ഗണേശ്
കോഴിക്കോട്: സാധാരണ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയാത്തതായി നീതിന്യായ വ്യവസ്ഥ മാറുന്നുവെന്ന് ചരിത്രകാരന്‍ ഡോ. കെ എന്‍ ഗണേശ് പറഞ്ഞു. ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ ആഭിമുഖ്യത്തില്‍ നിയമ സംരക്ഷണ ദിനത്തോടനുബന്ധിച്ച് മാനാഞ്ചിറ പബ്ലിക് ലൈബ്രറി പരിസരത്ത് ഒരു നിയമത്തിന് രണ്ട് നീതിയോ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച അഭിഭാഷക-ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നീതിന്യായ വ്യവസ്ഥ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അറിയാന്‍ പൗരസമൂഹത്തിന് ബാധ്യതയുണ്ട്. അത് നീതിന്യായ വ്യവസ്ഥയുടെ മേലുള്ള ആക്രമണമല്ല. പല കേസുകളിലും ഇവിടെ രാഷ്ട്രീയത്തിന്റെ പേരിലുള്ള പക്ഷപാതപരമായ നീക്കമാണ് നടക്കുന്നത്. നീതിന്യായം എന്നുള്ളത് മുഖം നോക്കാതെയുള്ള നടപടിയാകണം. അത് ഒരു ഭാഗത്തേക്ക് മാത്രമുള്ള നടപടിയാകരുത്. ഒരു വശത്ത് നീതി നിഷേധം നടപ്പാക്കുമ്പോള്‍ മറുഭാഗത്ത് കുറ്റക്കാരായ പലരെയും സംരക്ഷിക്കുന്നു. ഈ സമീപനം കാണിക്കുന്നത് സുസ്ഥിരമായ നിയമ വാഴ്ചയില്ലെന്നാണ്. നിയമവാഴ്ച എന്നുള്ളത് അധികാരമുള്ളവരുടെ താല്‍പര്യം സംരക്ഷിക്കുന്ന തിനായി ഉപയോഗിക്കപ്പെടുന്നുവെന്നും ഗണേശ് പറഞ്ഞു. കേരള ബാര്‍കൗണ്‍സില്‍ അംഗം കെ ജയരാജന്‍ അധ്യക്ഷനായി. ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ ദേശീയ വൈസ് പ്രസിഡന്റ് ഇ കെ നാരായണന്‍, അഡ്വ. എ കെ സുകുമാരന്‍, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ കെ ഹനീഫ എന്നിവര്‍ സംസാരിച്ചു. ജോജു സിറിയക് സ്വാഗതവും യു കെ രാജന്‍ നന്ദിയും പറഞ്ഞു. കൊയിലാണ്ടിയില്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം കന്മന ശ്രീധരന്‍ ഉദ്ഘാടനംചെയ്തു. യൂണിയന്‍ സംസ്ഥാനകമ്മറ്റിയംഗം അഡ്വ. കെ സത്യന്‍ അധ്യക്ഷനായി. ജില്ലാ വൈസ്പ്രസിഡന്റ് അഡ്വ. എടത്തൊടി രാധാകൃഷ്ണന്‍, അഡ്വ. എന്‍ ജി ലിജീഷ് എന്നിവര്‍ സംസാരിച്ചു. അഡ്വ. പി പ്രശാന്ത് സ്വാഗതവും അഡ്വ. പി കെ കരുണന്‍ നന്ദിയും പറഞ്ഞു.
deshabhimani 240113
Subscribe to:
Post Comments (Atom)
No comments:
Post a Comment