Wednesday, May 14, 2014

ബംഗാളില്‍ 65കാരിയെയും സിപിഐ എം പ്രവര്‍ത്തകനെയും കൊന്നു

കൊല്‍ക്കത്ത: അവസാനഘട്ട വോട്ടെടുപ്പില്‍ തൃണമൂല്‍ ഭീകരത അരങ്ങേറിയ ബംഗാളില്‍ സിപിഐ എം പ്രവര്‍ത്തകന്റെ അമ്മ ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. പോളിങ്ങിനുശേഷവും അക്രമം തുടരുന്ന നാദിയയില്‍ ചക്ദ താക്കൂര്‍ കോളനിയിലാണ് മകനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച വൃദ്ധയെ തൃണമൂലുകാര്‍ കൊന്നത്. മകന്‍ ബിജോണ്‍ ദേയെ വീട്ടില്‍ കയറി ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച ബേല ദേ(65) യെതൃണമൂലുകാര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ബേല ചൊവ്വാഴ്ച ഉച്ചയോടെ ആശുപത്രിയില്‍ മരിച്ചു. വോട്ടുചെയ്യാന്‍ പോകരുതെന്ന ഭീഷണി വകവയ്ക്കാതെ ഈ കുടുംബം ബൂത്തിലെത്തിയതാണ് തൃണമൂലുകാരെ പ്രകോപിപ്പിച്ചത്.

ദിനജ്പുരിലെ ഗജ്റാംപുരില്‍ സിപിഐ എം പ്രവര്‍ത്തകനായ സബേകുല്‍ സര്‍ക്കാരിന്റെ മൃതദേഹം പാലത്തിനടിയില്‍നിന്ന് കണ്ടെത്തുകയായിരുന്നു. മൃതദേഹത്തില്‍ മാരകമായ മുറിവുകളുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ സബേകുലിനെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. കാനിങ്, ഘട്ടാല്‍, പിംഗള, പുരുളിയ തുടങ്ങിയ സ്ഥലങ്ങളില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെ വ്യാപക അക്രമമുണ്ടായി. വീടുകള്‍ ചുട്ടെരിച്ചു. നെയ്തിയിലും ഖരക്പുരിലെ രാധാനഗറിലും വീടുകള്‍ക്ക് ബോംബെറിഞ്ഞു. സൗത്ത് 24 പര്‍ഗാനാസില്‍ ഗര്‍ഭിണിയെ തല്ലിച്ചതച്ചു. ബാന്‍ഗറില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം തുഷാര്‍ഘോഷിന്റെ വീട് ആക്രമിച്ചു. കൊല്‍ക്കത്തയില്‍ സിപിഐ എം സോണല്‍ കമ്മിറ്റി ഓഫീസ് ആക്രമിക്കപ്പെട്ടു. ഭീകരതയ്ക്കും തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെതിരെ പ്രതിഷേധം അലയടിക്കുകയാണ്. അതിക്രമത്തിനെതിരെ ഹൗറയില്‍ ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബസുവിന്റെ നേതൃത്വത്തില്‍ കൂറ്റന്‍ പ്രതിഷേധപ്രകടനം നടന്നു. ഹൗറ ഫ്ളൈഓവര്‍ മൈതാനത്തുനിന്ന് ആരംഭിച്ച പ്രകടനം ആറു കിലോമീറ്ററിലധികം നഗരം ചുറ്റി ഷിപ്പുര്‍ ട്രാം ടിപ്പോയില്‍ സമാപിച്ചു. ഒരുവിഭാഗം ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും സഹായത്തോടെയാണ് തൃണമൂലുകാര്‍ ബൂത്തുപിടിത്തവും അക്രമവും നടത്തിയതെന്നും അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ബിമന്‍ ആവശ്യപ്പെട്ടു. കൊല്‍ക്കത്ത നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ പ്രകടനങ്ങളും പ്രതിഷേധയോഗങ്ങളും ചേര്‍ന്നു.

ഗോപി deshabhimani

No comments:

Post a Comment