Monday, May 12, 2014

ബാങ്ക് ഓഫ് ബറോഡ എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമ്മേളനം

കൊച്ചി: ബാങ്ക് ഓഫ് ബറോഡ എംപ്ലോയീസ് യൂണിയന്‍ (കേരള) 23-ാം സംസ്ഥാനസമ്മേളനം എറണാകുളം കച്ചേരിപ്പടി ആശീര്‍ഭവനില്‍ സിഐടിയു സംസ്ഥാനസെക്രട്ടറി കെ ചന്ദ്രന്‍പിള്ള ഉദ്ഘാടനംചെയ്തു.

അതത് മേഖലയിലെ പ്രത്യേക പ്രശ്നങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ അപകടത്തിലാക്കുന്ന സര്‍ക്കാര്‍ നിലപാടുകള്‍ക്കും നയങ്ങള്‍ക്കുമെതിരെ വിശാലമായ തൊഴിലാളിവര്‍ഗ ഐക്യം ശക്തിപ്പെടുത്തണമെന്ന് ചന്ദ്രന്‍പിള്ള പറഞ്ഞു. തെരഞ്ഞെടുപ്പിനുശേഷം അധികാരത്തിലേറാന്‍ തിടുക്കംകൊണ്ടിരിക്കുന്ന കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നയപരിപാടികളില്‍ ഒരു മാറ്റവുമില്ലെന്നത് ജനം തിരിച്ചറിയുന്നു. നവ ഉദാരവല്‍ക്കരണ നയങ്ങള്‍തന്നെയാണ് ഇരുവിഭാഗവും മുറുകെപിടിക്കുന്നത്. ഇതിനെതിരായ ചെറുത്തുനില്‍പ്പ് ശക്തമാക്കാന്‍ ധനകാര്യമേഖലയിലെ തൊഴിലാളിയൂണിയനുകളുടെ ഐക്യനിര ശക്തിപ്പെടണം. ഇന്ത്യന്‍ ബാങ്കിങ് മേഖലയിലെ പൊതുമേഖലയുടെ ശക്തമായ സാന്നിധ്യം കുറച്ചാലേ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റം സാധ്യമാകൂ എന്ന തിരിച്ചറിവുള്ളതുകൊണ്ടാണ് മുതലാളിത്തശക്തികള്‍ മോഡിയെയും മറ്റും പിന്തുണയ്ക്കുന്നത്. അസമത്വപരമായ നിയന്ത്രണവും വിതരണവുമാണ് സമ്പദ്ഘടന നേരിടുന്ന യഥാര്‍ഥ പ്രശ്നം. സ്വകാര്യവല്‍ക്കരണമാണ് അതിന്റെ മുഖമുദ്ര. ബാങ്കിങ് മേഖലയിലാണ് സര്‍ക്കാരിന്റെ നയപരിപാടികള്‍ ഏറ്റവും പ്രകടമായി ആദ്യം നടപ്പാക്കുന്നത്. ഇന്നിപ്പോള്‍ ബാങ്കിങ് മേഖലയിലെ തൊഴിലാളിയൂണിയനുകളുടെ വലിയ ഉത്തരവാദിത്തം തൊഴിലിനുവേണ്ടി മാനേജ്മെന്റിനോട് വിലപേശേണ്ടിവരുന്നു എന്നതാണ്. ഈ നില തുടരുന്നത് അപകടമാണെന്നും ചന്ദ്രന്‍പിള്ള പറഞ്ഞു.

ബിഒബിഇയു സംസ്ഥാന പ്രസിഡന്റ് ടി വിത്സന്‍ അധ്യക്ഷനായി. ബെഫി സംസ്ഥാന ജനറല്‍ സെക്രട്ടറി സി ജെ നന്ദകുമാര്‍ സംസാരിച്ചു. യൂണിയന്‍ സംസ്ഥാന സെക്രട്ടറി വി എന്‍ കൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബെഫി ജില്ലാ സെക്രട്ടറി എസ് ഗോകുല്‍ദാസ് സ്വാഗതം പറഞ്ഞു.

deshabhimani

No comments:

Post a Comment