Saturday, May 10, 2014

"മിഷന്‍ 676": "ആറ്റിന്‍കരയില്‍ വിമാനമിറക്കും "

മൂന്നുവര്‍ഷത്തിനുള്ളില്‍ യുഡിഎഫ് സര്‍ക്കാര്‍ ഗതാഗതമേഖലയില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ ഒന്നുപോലും നടപ്പാക്കാതെ, മിഷന്‍ 676 ഗതാഗതവികസനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വീണ്ടും ജനങ്ങളെ കബളിപ്പിക്കുന്നു. എല്ലാ ജില്ലയിലും വിമാനത്താവളവും സീ പ്ലെയിനും തീരദേശ കപ്പല്‍ ഗതാഗതവുമൊക്കെ പ്രഖ്യാപനങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. സര്‍ക്കാരിന്റെ നൂറുദിനപരിപാടിയിലും മൂന്ന് ബജറ്റിലുമായി പ്രഖ്യാപിച്ച റോഡ് വികസന പദ്ധതികള്‍ നടപ്പാക്കിയിരുന്നെങ്കില്‍ സംസ്ഥാനത്തിനുപുറത്തുള്ള റോഡുംകൂടി ഏറ്റെടുക്കേണ്ടിവരുമായിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തില്‍ 2014ല്‍ വിമാനമിറങ്ങുമെന്നായിരുന്നു മുഖ്യമന്ത്രി നൂറുദിനപരിപാടിയുടെ അവലോകന റിപ്പോര്‍ട്ട് പുറത്തിറക്കവെ പ്രഖ്യാപിച്ചത്.

മിഷന്‍ 676ല്‍ എത്തിയപ്പോള്‍ വിമാനമിറങ്ങല്‍ 2015 ഡിസംബറിലേക്ക് നീട്ടി. 2012 ഡിസംബര്‍ 31നകം പൂര്‍ത്തിയാകുമെന്ന് പ്രഖ്യാപിച്ച ദേശീയ ജലപാതാവികസനത്തിന് ഇനിയും സമയംവേണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. 1000 കിലോമീറ്റര്‍ റോഡ് 5100 കോടി രൂപ മുടക്കി അന്തര്‍ദേശീയനിലവാരത്തിലാക്കുമെന്ന് സര്‍ക്കാരിന്റെ നൂറാംദിനം പ്രഖ്യാപിച്ചു. 2012-13ലെ ബജറ്റില്‍ 4653 കിലോമീറ്റര്‍ റോഡ് വികസനത്തിന് തുക വകയിരുത്തി. ഒപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍നിന്ന് പൊതുമരാമത്ത് വകുപ്പ് തിരിച്ചെടുത്ത 8500 കിലോമീറ്റര്‍ റോഡിന്റെ വികസനം ഏറ്റെടുക്കുമെന്നായി. 2013-14ലെ ബജറ്റില്‍ 2204 കിലോമീറ്റര്‍ റോഡിന്റെ അന്തര്‍ദേശീയനിലവാരത്തിലുള്ള നവീകരണം പ്രഖ്യാപിച്ചു. 8570 കിലോമീറ്റര്‍ ജില്ലാറോഡുകളുടെ നവീകരണമായിരുന്നു മറ്റൊരു വാഗ്ദാനം. എല്ലാം പാഴ്വാക്കായി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ആദ്യബജറ്റില്‍ കെ എം മാണിയുടെ മറ്റൊരു മാന്ത്രികവിദ്യയായിരുന്നു എല്ലാജില്ലയിലും എയര്‍ സ്ട്രിപ്പ്. ചെറുവിമാനങ്ങളും ഹെലികോപ്റ്ററുകളും ഇറങ്ങത്തക്ക രീതിയിലുള്ള എയര്‍ സ്ട്രിപ്പ് 2012ല്‍ കോട്ടയം, കൊല്ലം എന്നിവിടങ്ങളില്‍ നിര്‍മാണം ആരംഭിക്കുമെന്നും അവകാശപ്പെട്ടു. തിരുവനന്തപുരം- കാസര്‍കോട് അതിവേഗ റെയില്‍ കോറിഡോറിന് പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി 50 കോടി രൂപ ബജറ്റില്‍ നീക്കിവച്ചു. പദ്ധതിക്ക് എന്തു സംഭവിച്ചെന്ന് ആര്‍ക്കും തിട്ടമില്ല. 3000 കോടി രൂപയുടെ തിരുവനന്തപുരം മോണോ റെയില്‍ പദ്ധതി ഇടയ്ക്കിടയ്ക്ക് പൊടിതട്ടിയെടുക്കും. വീണ്ടും അലമാരയില്‍വച്ചുപൂട്ടും.

2013ലേക്കുള്ള മറ്റൊരു വമ്പന്‍ പ്രഖ്യാപനമായിരുന്നു മലയോര ഹൈവേ. അഞ്ചുകോടി രൂപ ബജറ്റിലും വകയിരുത്തി. ഒന്നും സംഭവിച്ചില്ല. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു സീ പ്ലെയിന്‍ പദ്ധതി. ഇതിനായി കമ്പനി രൂപീകരിച്ച് സര്‍വീസിന്റെ ഉദ്ഘാടനവും കൊട്ടിഘോഷിച്ചു. വിവാദംമാത്രം അവശേഷിച്ചു. മൂന്ന് ബജറ്റിലായി പ്രഖ്യാപിച്ച ബൈപാസുകള്‍ എണ്ണിയാല്‍ തീരില്ല. ആലപ്പുഴ രണ്ടുവരി, കൊല്ലം, കാഞ്ഞിരപ്പള്ളി, കോഴിക്കോട്, തലശേരി-മാഹി, സൂല്‍ത്താന്‍ബത്തേരി, ചെങ്ങന്നൂര്‍, കോഴഞ്ചേരി ബൈപാസുകള്‍, വയനാട് ചുരം റോഡിന് സമാന്തര ബൈപാസ്, കോട്ടയം-കുമരകം-ചേര്‍ത്തല ടൂറിസ്റ്റ് ഹൈവേ വികസനം, കുമരകം-നെടുമ്പാശേരി സംസ്ഥാനപാത തുടങ്ങി എണ്ണിയാലൊടുങ്ങാത്ത റോഡ് വികസന പദ്ധതികള്‍ പ്രഖ്യാപിച്ചു. നടപ്പായത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കമിട്ടവമാത്രം. നാല്‍പ്പത് റെയില്‍വേ മേല്‍പ്പാലങ്ങള്‍, പിപിപി സംവിധാനത്തില്‍ സൈക്കിള്‍പാതയും തടസ്സമില്ലാത്ത നടപ്പാതയും സൈക്കിള്‍ ട്രാക്കും നിര്‍മാണം, നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ ലൈന്‍, റോഡിലെ തിരക്ക് കുറയ്ക്കാന്‍ തീരദേശ ജലഗതാഗതപദ്ധതി, ശബരി റെയില്‍പാത എന്നിങ്ങനെ കടലാസില്‍ ഉറങ്ങുന്ന പ്രഖ്യാപനങ്ങള്‍ക്ക് പഞ്ഞമില്ല.

ജി രാജേഷ്കുമാര്‍

പുതിയ പ്രഖ്യാപനം നിലനില്‍പ്പിനുള്ള അഭ്യാസം: കോടിയേരി

കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തോല്‍ക്കുമെന്ന് നല്ല ബോധ്യമുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രക്ഷപ്പെടലിനായി "മിഷന്‍ 676" പരിപാടിയുമായി രംഗത്തുവന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കെജിഒഎ കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

ഈ പരിപാടി നടപ്പാക്കാന്‍ മുഖ്യമന്ത്രിസ്ഥാനത്ത് തുടര്‍ന്നും തന്നെ അനുവദിക്കണമെന്ന ആവശ്യമാണ് ഉമ്മന്‍ചാണ്ടി ഉയര്‍ത്തുന്നത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുമുമ്പുള്ള ധൃതിപിടിച്ച പ്രഖ്യാപനം ഉമ്മന്‍ചാണ്ടിയുടെ നിലനില്‍പ്പിനുള്ള അഭ്യാസ പ്രകടനമാണ്. നൂറ്, ആയിരം ദിന പരിപാടികള്‍ മുമ്പ് പ്രഖ്യാപിച്ചത് നടപ്പാക്കാനായില്ല. എട്ടു കോടി രൂപ ചെലവില്‍ ആഗോള നിക്ഷേപക സംഗമം നടത്തിയതിനും പ്രയോജനമുണ്ടായില്ല. നാലുവരിപ്പാത വരുമെന്ന് പറഞ്ഞെങ്കിലും ഒരു സെന്റ് ഭൂമിപോലും ഏറ്റെടുക്കാനായില്ല. തിരുവനന്തപുരം-കാസര്‍കോട് അതിവേഗ റെയില്‍ ഇടനാഴിയും പ്രഖ്യാപനത്തിലൊതുങ്ങി. സംസ്ഥാനവ്യാപക ജലപാത വരുമെന്ന് പറഞ്ഞതും വെറുതെയായി. പാലക്കാട് കോച്ച് ഫാക്ടറിയുടെ തറക്കല്ലുപോലും കാണാനില്ല. വികസനമുരടിപ്പാണ് സര്‍ക്കാരിന്റെ മുഖമുദ്ര.

2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെട്ടതിനെതുടര്‍ന്ന് എ കെ ആന്റണി രാജിവച്ചപ്പോഴാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി വരുന്നത്. അന്ന് യുഡിഎഫിന് നിയമസഭയില്‍ 100 സീറ്റുണ്ടായിരുന്നു. ഇന്നതല്ല അവസ്ഥ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ ഉമ്മന്‍ചാണ്ടിയുടേത് മാത്രമല്ല, യുഡിഎഫ് സര്‍ക്കാരിന്റെയും നാളുകള്‍ എണ്ണപ്പെടും. മദ്യനയം തീരുമാനിക്കുന്നത് ഇന്ദിരാഭവനാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സെക്രട്ടറിയറ്റിലാണ് തീരുമാനമുണ്ടാകുകയെന്നാണ് ഉമ്മന്‍ചാണ്ടി നേരത്തെ പറഞ്ഞത്. ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. ഭരണനിയന്ത്രണം ഇന്ദിരാഭവനിലായതിനാലാണ് സര്‍ക്കാരിന് മദ്യനയം തീരുമാനിക്കാന്‍ കഴിയാത്തതെന്നും കോടിയേരി പറഞ്ഞു.

deshabhimani

No comments:

Post a Comment