Tuesday, May 13, 2014

ഓപ്പറേഷന്‍ കുബേര: വന്‍കിടക്കാരെ തൊട്ടില്ല

ബോംബ് കണ്ണനെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്

പേരൂര്‍ക്കട: അറസ്റ്റിലായ ബ്ലേഡ് മാഫിയാ സംഘത്തലവന്‍ ബോംബ് കണ്ണനെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. കോണ്‍സ്റ്റബിള്‍മാര്‍ മുതല്‍ എംഎല്‍എവരെയുള്ള ഉന്നതരുമായി അടുത്തബന്ധമാണ് കണ്ണനുള്ളത്. റിയല്‍ എസ്റ്റേറ്റ് ബിസിനസിലൂടെയാണ് കണ്ണന്‍ ബ്ലേഡ് രംഗത്തെത്തിയത്. നഗരത്തിലെ വന്‍കിട പലിശക്കാരുടെ പണം പലിശയ്ക്ക് നല്‍കിയിരുന്നത് കണ്ണന്‍ ഇടനിലക്കാരനായാണ്. കോണ്‍ഗ്രസിന്റെ മണ്ണന്തല, കിഴക്കേമുക്കോല ഭാഗങ്ങളിലെ പ്രാദേശികനേതാവും ജില്ലയിലെ പ്രുമുഖ എംഎല്‍എയും ഒരു കെപിസിസി ഭാരവാഹിയുമാണ് ഇയാളെ സഹായിക്കുന്നത്. കണ്ണന്റെ വാഹനമാണ് ഈ നേതാക്കള്‍ പല സ്വകാര്യസന്ദര്‍ശനത്തിനും ഉപയോഗിച്ചിരുന്നത്. പണം അമിതപലിശയ്ക്ക് നല്‍കുന്ന നഗരത്തിലെ ചില സംഘങ്ങളില്‍നിന്ന് പണം കുറഞ്ഞ പലിശനിരക്കില്‍ വാങ്ങിയശേഷം പലിശനിരക്ക് കൂട്ടി മറ്റുള്ളവര്‍ക്ക് നല്‍കുകയാണ് കണ്ണന്‍ ചെയ്യുന്നത്. മൂന്നുരൂപയ്ക്കും അഞ്ചുരൂപയ്ക്കും ഇത്തരക്കാരില്‍നിന്ന് പണം വാങ്ങിയശേഷം ആവശ്യക്കാര്‍ക്ക് 15, 20, 25 രൂപ പലിശയ്ക്കാണ് മറിച്ച് നല്‍കുന്നത്. നഗരത്തിലെ ബ്ലേഡ് സംഘങ്ങളില്‍നിന്ന് പണം വാങ്ങി മറിച്ചുനല്‍കുന്നതിന് പുറമെ ചില പൊലീസ് ഉദ്യോഗസ്ഥരില്‍നിന്നും പണം വാങ്ങി മറുപലിശയ്ക്ക് നല്‍കിയിരുന്നതും കണ്ണനാണ്. എസ്പി റാങ്കിലുള്ള ചില ഉദ്യോഗസ്ഥരില്‍നിന്ന് പണം വാങ്ങി നല്‍കിയിട്ടുണ്ട്.

കിഴക്കേമുക്കോലയിലെ അഞ്ചംഗ കുടുംബത്തിന്റെ ആത്മഹത്യയെത്തുടര്‍ന്ന് കണ്ണനെ അറസ്റ്റ്ചെയ്തപ്പോള്‍ മുതല്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഇയാള്‍ക്ക് വേണ്ട സഹായവുമായി രംഗത്തെത്തി. കണ്ണനെതിരെയുള്ള മറ്റ് അടിപിടിക്കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്തുന്നത് ഒഴിവാക്കാനും ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് തടയിടാനുമാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം. മണ്ണന്തല സ്വദേശിയായ പ്രാദേശികനേതാവാണ് ഇപ്പോള്‍ കണ്ണനെ സംരക്ഷിക്കാന്‍ സജീവമായി രംഗത്തുള്ളത്. മാത്രമല്ല, കണ്ണന്റെ സാമ്പത്തികസ്രോതസ്സുകളെ കുറിച്ചുള്ള അന്വേഷണം മുടക്കാനും കണ്ണന്റെ സംഘത്തില്‍ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ച് കൂടുതല്‍ അന്വേഷണം ഉണ്ടാകാതിരിക്കാനുമാണ് പ്രാദേശികനേതാവിന്റെ നേതൃത്വത്തില്‍ ശ്രമിക്കുന്നത്. കണ്ണന്റെ റിയല്‍ എസ്റ്റേറ്റ് രംഗത്തെ ഇടപാടുകളെക്കുറിച്ച് അന്വേഷണം വേണ്ടെന്നാണ് പ്രാദേശികനേതാവ് നല്‍കിയിരിക്കുന്ന നിര്‍ദേശം. മണ്ണന്തലയിലും സമീപപ്രദേശങ്ങളിലും റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തിയാണ് കണ്ണന്‍ ബ്ലേഡ് പലിശ രംഗത്തേക്ക് എത്തിയത്. വസ്തുക്കള്‍ക്ക് അഡ്വാന്‍സ് നല്‍കിയശേഷം കൂടിയവിലയ്ക്ക് മറിച്ചുവിറ്റും വസ്തുക്കള്‍ വാങ്ങാന്‍ വരുന്നവരെ വിരട്ടി കമീഷന്‍ വാങ്ങിയും നിലംനികത്താനാവശ്യമായ മണ്ണ് സംഘടിപ്പിച്ച് കൊടുത്തുമാണ് ബ്ലേഡ് രംഗത്ത് കണ്ണന്‍ ചുവടുറപ്പിച്ചത്. ക്വട്ടേഷന്‍ സംഘത്തിനൊപ്പവും പ്രവര്‍ത്തിച്ചു.

ഓപ്പറേഷന്‍ കുബേര: വന്‍കിടക്കാരെ തൊട്ടില്ല

കൊച്ചി: തിരുവനന്തപുരത്ത് അഞ്ചംഗ കുടുംബം ആത്മഹത്യചെയ്തതിനെത്തുടര്‍ന്ന് അനധികൃത പണമിടപാട് സ്ഥാപനങ്ങള്‍ക്കെതിരെ ജില്ലയില്‍ പൊലീസ് നടത്തിയ പരിശോധന പ്രഹസനമായി. ആയിരക്കണക്കിന് വന്‍കിട വട്ടിപ്പലിശക്കാരുള്ള ജില്ലയില്‍ സിറ്റി, റൂറല്‍ പൊലീസ് ജില്ലകളിലായി 44 ചെറുകിടക്കാരെ മാത്രമാണ് അറസ്റ്റ്ചെയ്തത്. കാടിളക്കിയുള്ള പരിശോധനയില്‍ കുടുങ്ങിയവരില്‍ ഏറെയും ദിവസ, ആഴ്ച തവണവ്യവസ്ഥയില്‍ 1000 മുതല്‍ 10,000 വരെ രൂപ കടംകൊടുക്കുന്നവരാണ്. ലക്ഷക്കണക്കിനു രൂപ കൊള്ളപ്പലിശയ്ക്ക് നല്‍കുന്നവരെ തൊടാന്‍ പൊലീസ് തയ്യാറായില്ല. മുന്‍കൂട്ടി വിവരം ലഭിച്ച പല കൊള്ളപ്പലിശക്കാരും രേഖകളും പണവും മാറ്റിയശേഷമാണ് പൊലീസ് റെയ്ഡിനെത്തിയത്. ജില്ലയില്‍ ഏറ്റവുമധികം സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുള്ള കോതമംഗലത്ത് ഒരാളെയാണ് അറസ്റ്റ്ചെയ്തത്. പിറവത്താകട്ടെ രണ്ടുദിവസം പരിശ്രമിച്ചിട്ടും ഒരാളെപ്പോലും പിടികൂടാനായില്ല. പൊലീസില്‍നിന്നു തന്നെ റെയ്ഡ്വിവരം ചോരുന്നുവെന്ന ആക്ഷേപം ശക്തമാക്കുന്നതാണ് പല സ്ഥലങ്ങളിലെയും നടപടി.

സിറ്റി പൊലീസ് രണ്ടുദിവസങ്ങളിലായി 21 കേസ് രജിസ്റ്റര്‍ ചെയ്തു. അറുപതോളം സ്ഥലങ്ങളില്‍ സിറ്റി പൊലീസും ഷാഡോ പൊലീസും ചേര്‍ന്ന് പരിശോധന നടത്തി. 5,58,740 രൂപയും നിരവധി ചെക്കുകളും രേഖകളും പിടിച്ചെടുത്തു. റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ 17 കേസെടുത്തു. ഒമ്പതുപേരെ അറസ്റ്റ്ചെയ്തു. 14 ലക്ഷത്തില്‍പ്പരം രൂപയും ഒപ്പിട്ട ബ്ലാങ്ക് ചെക്കുകള്‍, മുദ്രപത്രങ്ങള്‍ എന്നിവയും പിടികൂടി. പാലാരിവട്ടം സ്റ്റേഷനില്‍ ഒരു കേസെടുത്തു. വെണ്ണല തുരുത്തേല്‍ വീട്ടില്‍ വിജയനെ (47) രേഖകളും 1,34,430 രൂപയും സഹിതമാണ് അറസ്റ്റ്ചെയ്തത്. ചേരാനല്ലൂര്‍ പൊലീസ് എടുത്ത കേസില്‍ വിഷ്ണുപുരം വാരിയത്ത് വീട്ടില്‍ ക്ലീറ്റസി (65)നെ അറസ്റ്റ്ചെയ്തു. തൃക്കാക്കര പൊലീസ് എടുത്ത കേസില്‍ അത്താണി കീരേലിമല ചുള്ളിക്കല്‍ വീട്ടില്‍ ഗോപു (53)വിനെ അറസ്റ്റ്ചെയ്തു. സൗത്ത് പൊലീസ് എടുത്ത ഒരു കേസില്‍ കടവന്ത്ര ചിറമേല്‍ സി വി ജോര്‍ജ് (58), പള്ളിപ്പറമ്പില്‍ വീട്ടില്‍ മണി (52) എന്നിവരെ അറസ്റ്റ്ചെയ്തു. ആലുവ തോട്ടുംമുഖം മുണ്ടയ്ക്കപ്പറമ്പ് വീട്ടില്‍ അബ്ദുള്‍ റഹ്മാന്‍ സുധീറിനെ ആലുവ സിഐ ബി ഹരികുമാര്‍ അറസ്റ്റ്ചെയ്തു. ഈടായി വാങ്ങിയ ബ്ലാങ്ക് ചെക്കും മുദ്രപത്രങ്ങളും 27,200 രൂപയും പിടിച്ചെടുത്തു. അങ്കമാലി പീച്ചാനിക്കാട് പാറത്തോട്ട് ജോയിയെ എസ്ഐ അനൂപും സംഘവും അറസ്റ്റ്ചെയ്തു. അഞ്ച് ചെക്കുകളും മൂന്ന് ആധാരങ്ങളും കണ്ടെടുത്തു. ചൊവ്വാഴ്ച ആലുവ കോടതിയില്‍ ഹാജരാക്കും. മൂവാറ്റുപുഴയില്‍ എറവറസ്റ്റ് കവല കുന്നുമ്മേല്‍കുടിയില്‍ ഇബ്രാഹിം കരീമിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 22 ലക്ഷം രൂപ എഴുതിയ ഒപ്പിട്ട ആറു ചെക്കുകള്‍ പിടിച്ചെടുത്തു. അഞ്ചു മുദ്രപത്രങ്ങളും രണ്ട് ആധാരങ്ങളും പിടിച്ചു. ഷാഡോ എസ്ഐ വിനോയ് വി പൗലോസ്, മൂവാറ്റുപുഴ എഎസ്ഐ തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോലഞ്ചേരി മേഖലയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ഒരാള്‍ പിടിയില്‍. കുന്നത്തനാട് പോലീസ് നടത്തിയ റെയ്ഡില്‍ ഐരാപുരം വാലയില്‍ വര്‍ഗീസ്(55) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 10 ആധാരവും 27 ബ്ലാങ്ക് ചെക്കും 11 ആര്‍സി ബുക്കും 11 മുദ്രപത്രങ്ങളും പോലീസ് പിടിച്ചെടുത്തു. 20 വര്‍ഷമായി സ്വകാര്യ പണമിടപാട് നടത്തിവരികയായിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയത്ു. പുത്തന്‍കുരിശ് പോലീസ് നടത്തിയ റെയ്ഡില്‍ പുത്തന്‍കുരിശ് കാഞ്ഞിരക്കാട്ട് ജിനുവിന്റെ വീട്ടില്‍ നിന്നും 18,000 രൂപയും നാല് മുദ്രപത്രവും ഒരു ആര്‍സി ബുക്കും പിടിച്ചെടുത്തു. പരിശോധന തുടരുമെന്ന് ഐജി എം ആര്‍ അജിത്കുമാര്‍, സിറ്റി പൊലിസ് കമീഷണര്‍ കെ ജി ജെയിംസ്, ഡെപ്യൂട്ടി പൊലിസ് കമീഷണര്‍ ആര്‍ നിശാന്തിനി, റൂറല്‍ എസ്പി സതീഷ് ബിനോ എന്നിവര്‍ അറിയിച്ചു.

സംഘത്തില്‍ പൊലീസുകാരും കോണ്‍ഗ്രസ് നേതാക്കളും

തൃശൂര്‍: ബ്ലേഡ് മാഫിയയില്‍ പൊലീസുകാര്‍മുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍വരെ. മാഫിയയെക്കുറിച്ചുള്ള പൊലീസ് റിപ്പോര്‍ട്ടില്‍ ഇതെല്ലാമുണ്ട്. എന്നാല്‍, ഇതേക്കുറിച്ചൊന്നും അന്വേഷണമുണ്ടായില്ല. കേസന്വേഷണമെല്ലാം പൊലീസ് മുക്കി. ഗ്രൂപ്പിസത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ മധു ഈച്ചരത്തിനും ലാല്‍ ജി കൊള്ളന്നൂരിനും അനധികൃത പണമിടപാടുകള്‍ ഉണ്ടായിരുന്നതായും കൊലപാതകങ്ങള്‍ക്ക് പിന്നിലുള്ള പണമിടപാടുകള്‍ അന്വേഷിക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. റിയല്‍എസ്റ്റേറ്റ് മുതല്‍ പലിശ ബിസിനസ് വരെ ഇവര്‍ക്ക് ഉണ്ടായിരുന്നതായും കോണ്‍ഗ്രസ് നേതാക്കളുടെ ഉള്‍പ്പെടെ പണം ബിസിനസില്‍ ഇവര്‍ ഇറക്കിയതായും ആക്ഷേപമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഇതിലേക്കൊന്നും എത്താതെ പൊലീസ് അന്വേഷണം മുക്കി. കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ദുര്‍ഗാപ്രസാദ് പൊലീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് കൊള്ളപ്പലിശ ബിസിനസ് നടത്തിയിരുന്നത്. പല ഉദ്യോഗസ്ഥരുടെയും പണം പലിശ ബിസിനസില്‍ ദുര്‍ഗാപ്രസാദ് ഇറക്കിയിരുന്നു. മുമ്പ് സ്പെഷ്യല്‍ബ്രാഞ്ചിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ പലിശക്ക് പണം കൊടുത്തതിന് സര്‍വീസില്‍നിന്ന് പുറത്താക്കിയിരുന്നു. ഇയാളുടെ ഗുണ്ടാസംഘം പലിശക്ക് പണം കൊടുത്തിരുന്ന കച്ചവടക്കാരനെ മര്‍ദിച്ചതാണ് പലിശ ബിസിനസ് പുറത്തുവരാനിടയാക്കിയത്.

ആര്‍എസ്എസ് നേതാവിന്റെ വീട്ടില്‍നിന്ന് 12 ആധാരം പിടിച്ചെടുത്തു

എടപ്പാള്‍: ബ്ലേഡ് മാഫിയക്കെതിരെ പൊലീസ് നടത്തിയ ഓപ്പറേഷന്‍ കുബേരയില്‍ ആര്‍എസ്എസ് നേതാവിന്റെ വീട്ടില്‍ നിന്ന് 12 ആധാരം പിടിച്ചെടുത്തു. എടപ്പാളിനടുത്ത് കാലടിത്തറ റൈസ് മില്ലിന് സമീപം താമസിക്കുന്ന കീഴേക്കാട്ട് തറയില്‍ നടരാജന്റെ വീട്ടില്‍ നിന്നാണ് പൊന്നാനി സിഐ എം കെ മനോജ് കബീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആധാരങ്ങള്‍ പിടിച്ചെടുത്തത്. തിങ്കളാഴ്ച പകല്‍ 11.30ന് സംസ്ഥാന പാതയില്‍ പുതുതായി വാങ്ങിയ വീട്ടിലായിരുന്നു പരിശോധന. ഇയാളുടെ വീടിന് സമീപമുള്ള കോണ്‍ക്രീറ്റ് സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തിലും പഴയ വീട്ടിലും പരിശോധന നടത്തി. ചെക്ക്ലീഫ്, സ്വര്‍ണാഭരണം, ആധാരങ്ങള്‍ എന്നിവ സ്വീകരിച്ച് പണം പലിശക്ക് കൊടുക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് റെയ്ഡ്. കാലടിത്തറയിലെ തേറയില്‍ പ്രേമചന്ദ്രികയുടെയും മകന്‍ പ്രജിത്തിന്റെയും വീടുകളിലും പൊലീസ് റെയ്ഡ് നടത്തി.

പൊലീസ് റെയ്ഡ് തുടരുന്നു; പിടികൊടുക്കാതെ \"കുബേരന്മാര്‍\" വിലസുന്നു

കല്‍പ്പറ്റ: പൊലീസ് റെയ്ഡ് തുടരുമ്പോഴും പിടികൊടുക്കാതെ "കുബേരന്‍മാര്‍" വിലസുന്നു. കൊള്ളപ്പലിശക്കാരെയും ബ്ലേഡുകാരെയും പിടികൂടാനുള്ള "ഓപറേഷന്‍ കുബേര്‍" പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പലയിടത്തും റെയ്ഡുകള്‍ നടത്തുന്നുണ്ടെങ്കിലും രണ്ടുപേര്‍ക്കെതിരെയാണ് കേസെടുത്തിരക്കുന്നത്. പൊലീസിന്റെ റെയ്ഡിന്റെ വാര്‍ത്തകള്‍ വ്യാപകമായതോടെ രേഖകളെല്ലാം "സുരക്ഷിത" കേന്ദ്രങ്ങളില്‍ ബ്ലേഡുകാര്‍ എത്തിച്ചുകഴിഞ്ഞു.

കണിയമ്പറ്റയില്‍ അങ്ങാടിശേരി ശ്രീധരനെതിരെ തിങ്കളാഴ്ച പൊലീസ് കേസെടുത്തു. ഇയാളുടെ വീട്ടില്‍നിന്നും 18,500 രൂപ, ഒപ്പിട്ട ഒമ്പതു കാലി ചെക്കുകള്‍, നൂറു രൂപയുടെ മുദ്രപേപ്പര്‍ എന്നിവ പിടിച്ചെടുത്തു. ഞായറാഴ്ച വൈത്തിരി ഇടനിലം പുത്തന്‍ വീട്ടില്‍ വാമദേവനെ പൊലീസ് അറസ്റ്റുചെയ്തു. ഇയാളുടെ പക്കലില്‍നിന്ന് ചെക്കുകളും മറ്റുരേഖകളും പിടിച്ചെടുത്തിട്ടുണ്ട്. വാമവേനെ കോടതി റിമാന്റ് ചെയ്തു. ഇവര്‍ക്കെതിരെ മണി ലെന്റേഴ്സ് ആക്ട് പ്രകാരമാണ് കേസ്. കല്‍പ്പറ്റ മേഖലയില്‍ ഇരുപതു സ്ഥലങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തി. റെയ്ഡുകള്‍ തുടരുന്നുമുണ്ട്. പ്രതീക്ഷിച്ച ഫലം പൊലീസിന് കിട്ടുന്നില്ല. ഓപറേഷന്‍ കുബേറിന് പൊലീസില്‍ പ്രത്യേക സ്കോഡില്ലാത്തത് പ്രതികളെ പിടികൂടുന്നതിന് പ്രയാസമുണ്ടാക്കുന്നുണ്ട്. പൊലീസില്‍ പിടിപാടുള്ള ബ്ലേഡുകാര്‍ക്ക് പൊലീസ് തന്നെ റെയ്ഡു വിവരം ചോര്‍ത്തുന്നതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ചിലര്‍ മുങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. ജില്ലയില്‍ ചെറുകിട കര്‍ഷകര്‍ക്കിടയില്‍ ബ്ലേഡുകാര്‍ പിടിമുറുക്കിയിട്ടണ്ട് കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി കൊള്ളപ്പലിശക്കാര്‍ സജീവമാണ് കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവാണ് ഇവര്‍ സജിവമാകാന്‍ കാരണം. നൂറുകണക്കിന് കര്‍ഷകരുടെ ഭൂമിയും പണവും ബ്ലേഡുകാര്‍ കൈക്കലാക്കിയിരുന്നു. നേരത്തെ തമിഴ്നാട്ടില്‍നിന്നുള്ള സംഘം വ്യാപകമായി ജില്ലയില്‍ പലിശയ്ക്ക് പണം കൊടുത്തിരുന്നു ഇപ്പോള്‍ അതുകുറഞ്ഞിട്ടുണ്ട്. പനമരത്ത് ബ്ലേഡുകാരുടെ കുരുക്കില്‍ നിരവധി പേര്‍ കുടുങ്ങിയിരുന്നു. അതിന്റെ ഭാഗമായി വാടകവീട്ടില്‍ കഴിയുന്നവരും ഉണ്ട്. ഇവിടെ പലരുടെയും ഭൂമി ബ്ലേഡുകാര്‍ കൈവശപ്പെടുത്തിയിട്ടുണ്ട്്. വടകര മേഖലയിലുള്ളവരും ഈ പ്രദേശത്ത് പലിശയ്ക്ക് പണം കൊടുത്തിട്ടുണ്ടെന്നറിയുന്നു.

പൊതുമേഖലാ ബാങ്കുകളുടെ നിഷേധം; തഴയ്ക്കുന്നത് ബ്ലേഡ് മാഫിയ

അടിമാലി: പൊതുമേഖല ബാങ്കുകളുടെ നിഷേധ നിലപാട് ബ്ലേഡ് മാഫിയകള്‍ ഹൈറേഞ്ചില്‍ തഴയ്ക്കാന്‍ കാരണമായി. തോട്ടം മേഖലകളും ആദിവാസി കുടികളും കാര്‍ഷിക പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് കൊള്ളപ്പലിശക്കാരുടെ പ്രവര്‍ത്തനം. ചെറുകിട കച്ചവടക്കാര്‍ മുതല്‍ പെട്ടിക്കടക്കാര്‍ വരെ ഇവരുടെ കെണിയില്‍ പെടുകയാണ്. പ്രമുഖ ദേശസാത്കൃത ബാങ്കുകള്‍ വായ്പ കൊടുക്കുന്നത് പ്രധാനമായും വന്‍കിട വ്യാപാരികള്‍ക്കായതിനാല്‍ പാവങ്ങള്‍ക്കാശ്രയം ബ്ലേഡുകര്‍തന്നെ. കൂടാതെ ബാങ്കുകളുടെ നൂലമാലകളും ചെറുകിടക്കാര്‍ക്ക് വിനയാകുന്നു.

സ്വര്‍ണം പണയം വച്ചും സ്വകാര്യ ധനകാര്യ സ്ഥപനങ്ങളില്‍നിന്നും മറ്റും വായ്പയെടുത്താണ് പല ടൗണുകളിലും ചെറുകിട വ്യാപരികള്‍ പ്രവര്‍ത്തിക്കുന്നത്. പൊതു വിപണിയിലെ വിലക്കയറ്റം ഇവരെ പലപ്പോഴും ബ്ലേഡ് പലിശക്കാരെ ആശ്രയിക്കുന്നതില്‍ എത്തിക്കുന്നു. വാങ്ങിയതിനെക്കാളും ഇരട്ടിയിലധികം തുകയാണ് തിരികെ കൊടുക്കേണ്ടിവരുന്നത്. രാവിലെ 900 രൂപ കൊടുത്ത് വൈകിട്ട് 1000 രൂപവരെ വാങ്ങിക്കുന്നവരില്‍ തുടങ്ങുന്നതാണ് പലിശക്കാരുടെ വിളയാട്ടം. വന്‍തുക കൊടുക്കുമ്പോള്‍ ചെക്കും പ്രോമിസറിനോട്ടും ഭൂമി വരെ തീറാധാരം എഴുതി വാങ്ങും. തോട്ടം മേഖലകളിലും ആദിവാസി കുടികളിലും മറ്റും തമിഴ്നാട്ടില്‍ നിന്നെത്തുന്നവരാണ് കൂടുതലായും വട്ടിപലിശയ്ക്ക് പണം കൊടുക്കുന്നത്. തോട്ടം മേഖലയിലെ പ്രതിസന്ധിയും തൊഴിലില്ലായ്മയും പണം കടം വാങ്ങാന്‍ പ്രേരിപ്പിക്കുന്നു. ദിവസേനയും ആഴ്ചയിലും പിരിക്കാനെത്തുന്നവരുമുണ്ട്. സ്ത്രീകള്‍ക്കാണ് ഇവര്‍ കൂടുതലായും പണം കൊടുക്കുന്നത്. ഒരു തവണ മുടക്കം വന്നാല്‍ പിന്നെ ഭീഷണി തുടങ്ങുന്നു. ചിലസംഘങ്ങള്‍ മാനസികമായും പീഡിപ്പിക്കപ്പെടുന്നു. പല ഭാഗങ്ങളിലായി വാടകയ്ക്ക് വീടുകള്‍ എടുത്താണ് ഇവര്‍ താമസിക്കുന്നത്. ഉദ്യോഗസ്ഥരുടെ മൗനാനുവാദവും ഇവര്‍ക്കുണ്ട്. പിരിവ് നടത്തുന്നകാര്യം ഉദ്യോഗസ്ഥര്‍ക്കും അറിയാം. ഇവരെ നിയന്ത്രിക്കാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടുമില്ല.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ചിട്ടി സ്ഥാപനങ്ങള്‍ കൂണുപോലെയാണ് ആരംഭിച്ചത്. ആപ്പിള്‍ ട്രീ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ നൂറുകണക്കിന് ഇടപാടുകാരെ കബളിപ്പിച്ച് പൂട്ടിപോയി. ഇവിടെ പണം നിക്ഷേപിച്ചവര്‍ നിരവധിയാണ് തെരുവിലായത്. ഓപ്പറേഷന്‍ കുബേര എന്ന പേരില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡും പ്രഹസനമായി. ദുരന്തമുണ്ടാകുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ ഇടപെടുന്നത്. ജനരോഷം ഭയന്നുള്ള ഒരു നടപടി മാത്രമാണ് ഇത്. ചെറുകിട പലിശക്കാരെ മാത്രമാണ് പരിശോധിച്ചത്. വന്‍കിടക്കാര്‍ ഇപ്പോഴും പരിധിക്ക് പുറത്താണ്. 40 കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയെന്ന് പറയുന്ന പൊലീസ് 78 വയസുകാരനായ പണിക്കന്‍കുടി സ്വദേശി അമ്പാരപള്ളില്‍ തങ്കപ്പനെ മാത്രമാണ് ഞായറാഴ്ച അടിമാലിയില്‍ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും പിടിച്ചെടുത്തതാകട്ടെ 3950 രൂപയും. പരിശോധന തുടരുമെന്ന് അറിയിച്ചെങ്കിലും തുടര്‍ നടിപടികളുണ്ടായില്ല. ഇതിനിടെ ചെറുകിട കച്ചവടക്കരെയും സ്വയം തൊഴില്‍ അന്വേഷകരെയും അവഗണിക്കുന്ന ദേശസാത്കൃത ബാങ്കുകള്‍ക്കെതിരെയും പ്രതിഷേധം ശക്തമായിട്ടുണ്ട്.

deshabhimani

No comments:

Post a Comment